നിർദിഷ്ട മണ്ഡല പുനർനിർണയ പ്രക്രിയ നീതിപൂർവവും സന്തുലിതവും ആയിരിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതിനും അതിനായി യോജിച്ച കർമ്മപരിപാടി തയ്യാറാക്കുന്നതിനും രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗം ഇന്ന് ചെന്നൈയിൽ ചേരുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കേരളം, കർണാടകം, തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഭരണ, പ്രതിപക്ഷ പാർട്ടിനേതാക്കൾ എന്നിവരെ പ്രസ്തുത യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഏതാണ്ട് എല്ലാവരും ക്ഷണം സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുമ്പേ തീരുമാനിച്ച, മാറ്റിവയ്ക്കാനാവാത്ത പരിപാടികളുള്ള മുഖ്യമന്ത്രിമാർ തങ്ങളുടെ മന്ത്രിസഭയിലെ മുതിർന്ന സഹപ്രവർത്തകരെ യോഗത്തിലേക്ക് അയക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിൽ ഒഡിഷയിൽ മാത്രമാണ് ബിജെപി നേരിട്ട് ഭരണത്തിലുള്ളത്. ആന്ധ്രാപ്രദേശിൽ എൻഡിഎ മുന്നണിയാണ് ഭരിക്കുന്നത്. ഒഡിഷയിലെ മുഖ്യ പ്രതിപക്ഷമായ ബിജു ജനതാദൾ ക്ഷണം സ്വീകരിക്കുകയും തങ്ങളുടെ പ്രതിനിധികളെ യോഗത്തിലേക്ക് അയക്കുമെന്ന് ഉറപ്പ് നൽകിയിട്ടുമുണ്ട്. ലഭ്യമായ വിവരമനുസരിച്ച് വിപുലമായ പങ്കാളിത്തമുള്ള നിർണായക പ്രാധാന്യമുള്ള യോഗമായിരിക്കും ഇന്ന് നടക്കുക. നിർദിഷ്ട മണ്ഡല പുനർനിർണയ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് അർത്ഥപൂർണമായ ജനാധിപത്യവും സന്തുലിതമായ ഫെഡറൽ സംവിധാനവും ഉറപ്പുവരുത്തുന്നതിൽ യോജിച്ചതും നിർണായകവുമായ ഒരു ചുവടുവയ്പായിരിക്കും ഇന്നത്തെ യോഗവും അതിൽനിന്നും രൂപംകൊള്ളുന്ന സംയുക്ത കർമ്മസമിതിയുമെന്നാണ് രാഷ്ട്രീയവൃത്തങ്ങളും നിരീക്ഷകരും ഒരുപോലെ വിലയിരുത്തുന്നത്.
കാനേഷുമാരി കണക്കെടുപ്പുകളുടെ അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായി ലോക്‌സഭാ, സംസ്ഥാന നിയമസഭാ മണ്ഡലങ്ങൾ പുനർനിർണയം ചെയ്യേണ്ടതും ആവശ്യമെങ്കിൽ സീറ്റുകളുടെ എണ്ണം ക്രമീകരിക്കേണ്ടതും ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. അതനുസരിച്ച് 1951, 1961, 1971 സെൻസസുകളെത്തുടർന്ന് ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയം നടന്നിരുന്നു. ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം 494ൽ നിന്നും 1971 ആയപ്പോഴേക്കും ഇപ്പോഴത്തെ 543 ആയി ഉയർന്നു. സംസ്ഥാനങ്ങളിലെ അസമമായ ജനസംഖ്യാ വർധനവ് പ്രാതിനിധ്യ അനുപാതത്തിൽ നിലനിന്നിരുന്ന സന്തുലിതത്വം തകർക്കുമെന്നതിനാൽ 71ന് ശേഷം മണ്ഡല പുനർനിർണയ പ്രക്രിയ താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ മണ്ഡല പുനർനിർണയം 2000 വരെയും തുടർന്ന് 84-ാം ഭേദഗതിവഴി 2026 വരെയും മാറ്റിവച്ചിരുന്നു. എന്നാൽ മണ്ഡല പുനർനിർണയത്തിന് മുന്നോടിയായി 2021ൽ നടക്കേണ്ട കാനേഷുമാരി കോവിഡ് മഹാമാരിയെത്തുടർന്ന് നടന്നിരുന്നില്ല. 2031ന് മുമ്പ് അത് നടക്കാനുള്ള സാധ്യതയും വിദൂരമാണ്. എന്നിരിക്കിലും മണ്ഡല പുനർനിർണയവുമായി മുന്നോട്ടുപോകാനുള്ള ശ്രമമാണ് മോഡി സർക്കാർ നടത്തുന്നത്. 1951ൽ ഒരു ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർമാരുടെ ശരാശരി എണ്ണം 7.5 ലക്ഷം ആയിരുന്നെങ്കിൽ ഇന്ന് അത് 15 ലക്ഷം മുതൽ 25 ലക്ഷംവരെ ആയി വളർന്നിരിക്കുന്നു. സംസ്ഥാനങ്ങൾ തമ്മിൽ പ്രത്യുല്പാദന നിരക്കിൽ ഗണ്യമായ അന്തരം നിലനിൽക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കുടുംബാസൂത്രണ മാർഗങ്ങൾ വിജയകരമായി നടപ്പാക്കുകയും ജനസംഖ്യാ നിയന്ത്രണം കൈവരിക്കുകയും ചെയ്തപ്പോൾ യുപി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ജനസംഖ്യ ഗണ്യമായി ഉയരുകയാണുണ്ടായത്. 1951ലെ 7,50,000 വോട്ടർമാർക്ക് ഒരു പ്രതിനിധി എന്ന മാനദണ്ഡം പിന്തുടർന്നാൽ ലോക്‌സഭയിൽ ഇപ്പോൾ ചുരുങ്ങിയത് 1,872 അംഗങ്ങൾ വേണമെന്നതാണ് അവസ്ഥ. ഇന്ത്യയുടെ പുതിയ പാർലമെന്റിന് 880 സീറ്റുകൾ മാത്രമാണുള്ളത്. ജനസംഖ്യാനുപാതികമായുള്ള പ്രാതിനിധ്യത്തിന്റെ അപ്രായോഗികതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
മണ്ഡല പുനർനിർണയത്തിലേക്ക് കടക്കുമ്പോൾ, പുതിയ സാഹചര്യത്തിൽ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് കോട്ടംതട്ടാത്തവിധം സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിൽ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടായിരിക്കണം അത് നിർവഹിക്കപ്പെടേണ്ടത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ നഷ്ടപ്പെടില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഉറപ്പിന് അപ്പുറത്ത് വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം പുനർനിർണയം നടക്കേണ്ടത്. സംസ്ഥാനങ്ങൾ തമ്മിലുള്ള രാഷ്ട്രീയ ബലതന്ത്രം കണക്കിലെടുക്കാതെ നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന ഏത് പുനർനിർണയ പ്രക്രിയയും ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും ക്ഷണിച്ചുവരുത്തുക. അത്തരം സാധ്യതകൾ മുന്നിൽക്കണ്ടുകൊണ്ടാണ് ചെന്നെെയിൽ ഇന്നുനടക്കുന്ന യോഗത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുള്ളത്. ദേശീയ ഐക്യമെന്നത് കേവലം ഒരു വൈകാരിക പ്രകടനമല്ല. തുല്യതയുടെയും പരസ്പരബഹുമാനത്തിന്റെയും അടിസ്ഥാനത്തിലുള്ള പങ്കാളിത്ത ജനാധിപത്യമാണ് അതിന്റെ അടിത്തറ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.