20 December 2024, Friday
KSFE Galaxy Chits Banner 2

രാജ്യത്തിന് ബാധ്യതയായി മാറുന്ന ഡബിള്‍ എന്‍ജിന്‍ സർക്കാർ

Janayugom Webdesk
November 19, 2024 5:00 am

ഹ്രസ്വ ഇടവേളയ്ക്കുശേഷം മണിപ്പൂരിലെ വംശീയകലാപം ആഭ്യന്തര യുദ്ധത്തിന്റെ ക്രൗര്യത്തോടെ ആളിപ്പടരുകയാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ തന്റെ പാർട്ടിക്കും മുന്നണിക്കും നിർണായകമായ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചരണപ്രവർത്തനങ്ങൾ നിർത്തിവച്ച് രാഷ്ട്രതലസ്ഥാനത്തേക്ക് മടങ്ങി തിരക്കിട്ട തീയണയ്ക്കൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ആഭ്യന്തര യുദ്ധം ആളിപ്പടരുന്ന മണിപ്പൂരിൽ രാഷ്ട്രീയ പരിഹാരം കാണുന്നതിനുള്ള ഇടപെടലുകൾക്ക് മുൻകയ്യെടുക്കുന്നതിനുപകരം സിആർപിഎഫിന്റെയും ബിഎസ്എഫിന്റെയും 50 കമ്പനി ജവാന്മാരെക്കൂടി മണിപ്പൂരിലേക്ക് അയക്കുകയെന്ന തീരുമാനം മാത്രമാണ് രണ്ടുദിവസങ്ങളിലെ കൂടിയാലോചനയ്ക്കുശേഷം അമിത് ഷായ്ക്ക് കൈക്കൊള്ളാനായത്. നവംബർ 12ന് മണിപ്പൂരിലേക്കയച്ച 20 കമ്പനി കേന്ദ്ര സേനയ്ക്ക് പുറമെയാണ് ഇത്. ഇതെല്ലാം മണിപ്പൂരിലെ വംശീയ കലാപത്തിന്റെ ഗുരുതരാവസ്ഥയിലേക്കാണ് വിരൽചൂണ്ടുന്നത്. വംശീയ കലാപത്തെത്തുടർന്ന് സംസ്ഥാനത്ത് വിന്യസിച്ചിരുന്ന കേന്ദ്രസേനയ്ക്കും അസം റൈഫിൾസിനും പുറമെയാണ് പുതുതായി 70 കമ്പനിയെക്കൂടി നിയോഗിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായത്. മണിപ്പൂർജനതയ്ക്ക് സേനയിലും സംസ്ഥാന ഭരണകൂടത്തിലുമുള്ള വിശ്വാസം പൂർണമായി നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് അവിടെനിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ കുടുംബവീടിനും മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾക്കുംനേരെ ജനക്കൂട്ടം അക്രമവും തീവയ്പും നടത്തുന്നു. മുഖ്യമന്ത്രി ബീരേൻസിങ്ങിനെ പിന്തുണച്ചിരുന്ന കൊൺറാഡ് സങ്മയുടെ എൻപിപി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ച് ഇപ്പോഴത്തെ അവസ്ഥയുടെ സമ്പൂർണ ഉത്തരവാദിത്തം ബീരേൻസിങ്ങിനാണെന്ന് ആരോപിക്കുകയും അയാളെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. 60 അംഗ നിയമസഭയിൽ ബീരേന് 37 പേരുടെ പിന്തുണ അവകാശപ്പെടാനാവുമെങ്കിലും ആ പിന്തുണ തികച്ചും സാങ്കേതികം മാത്രമാണ്. ഏഴ് കുക്കി അംഗങ്ങളടക്കം ബിജെപി എംഎൽഎമാർ നല്ലൊരുപങ്കും ബീരേന് എതിരെ തിരിഞ്ഞിരിക്കുന്നു. കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവടക്കം പ്രതിപക്ഷ എംഎൽഎമാരും രാജിസന്നദ്ധത അറിയിച്ച് രംഗത്തെത്തിയതോടെ മണിപ്പൂരിലെ നാമമാത്ര ജനാധിപത്യ ഭരണസംവിധാനത്തിന്റെ പ്രസക്തിതന്നെ നഷ്ടപ്പെട്ടിരിക്കുന്നു. മണിപ്പൂരിലെ ‘ഡബിൾ എന്‍ജിൻ’ സർക്കാർ സംസ്ഥാനത്തെ ജനതയ്ക്കും രാജ്യത്തിനും ബാധ്യതയായി മാറിയിരിക്കുന്നു. 

മണിപ്പൂരിലെ വംശീയ പ്രശ്നങ്ങൾക്ക് പുതുമയേതുമില്ല. സ്വാതന്ത്ര്യപൂർവ കാലഘട്ടത്തിനും അപ്പുറത്ത് വേരോട്ടമുള്ള മണിപ്പൂരിലെ വിവിധ വംശങ്ങൾ തമ്മിലുള്ള വൈരത്തിന്റെ ചരിത്രം പലപ്പോഴും അക്രമാസക്ത പൊട്ടിത്തെറികളുടെകൂടി ചരിത്രമാണ്. ബിജെപി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ തങ്ങളുടെ രാഷ്ട്രീയ അധികാരം ഉറപ്പിക്കുന്നതിനുവേണ്ടി നടത്തിയ അധാർമിക ഇടപെടലുകളാണ് 18 മാസങ്ങൾക്കുമുമ്പ് ആരംഭിച്ച ഇപ്പോഴത്തെ വംശീയ കലാപത്തിന് നാന്ദികുറിച്ചത്. കാലുമാറ്റ രാഷ്ട്രീയത്തിലൂടെ ബിജെപി പാളയത്തിലെത്തിയ ബീരേൻസിങ് വടക്കുകിഴക്കന്‍ ഇന്ത്യയിലെ അവരുടെ രാഷ്ട്രീയ കണക്കുകൂട്ടലിൽ നിർണായക ക­ണ്ണിയാണ്. ബിജെപിക്കെന്നതുപോലെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിലാണ് ബീരേന്റെയും നിലനില്പ്. മണിപ്പൂരിന്റെയടക്കം വടക്കുകിഴക്കൻ മേഖലകളിലെ പർവതപ്രദേശങ്ങളിൽ അധിവസിക്കുന്ന കുക്കി-സൊ ഗോത്രവർഗങ്ങളുമായി താഴ്‌വരയിലെ മെയ്തി വിഭാഗങ്ങൾക്കുള്ള ഭിന്നത ആളിക്കത്തിച്ചുകൊണ്ടേ തനിക്ക് രാഷ്ട്രീയ നിലനിൽപ്പുള്ളുവെന്ന് ബീരേൻ കരുതുന്നു. ഭരണയന്ത്രത്തിൽ മെയ്തികൾക്കുള്ള സ്വാധീനവും മേൽക്കോയ്മയും ദുരുപയോഗംചെയ്ത് ഗോത്രജനതകളുമായുള്ള ഭിന്നിപ്പ് രൂക്ഷമാക്കുന്നതിൽ ബീരേൻ നടത്തിയ ഇടപെടലുകളുടെ തെളിവുകൾ ഇതിനകം പുറത്തുവന്നിട്ടുള്ളതാണ്. ജനങ്ങളെ വംശീയതയുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ നടത്തിയ ശ്രമം ഒന്നുമാത്രംമതി ഭരണഘടനാപരമായ പദവിയിൽനിന്നും ഉത്തരവാദിത്തത്തിൽനിന്നും അയാളെ പുറത്താക്കാൻ. രാഷ്ട്രീയ അധികാരത്തിന്റെ മാത്രമല്ല നിഗൂഢ സാമ്പത്തിക ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിന് വേണ്ടിക്കൂടെയാണ് മോഡി, ഷാദ്വയങ്ങൾ ബീരേനെ രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യത്തിന്റെ ചെലവിലും അധികാരത്തിൽ തുടരാൻ അനുവദിക്കുന്നത്. മോഡി സർക്കാരിന്റെ കോർപറേറ്റ് ചങ്ങാതിമാരുടെ സാമ്പത്തിക, ബിസിനസ് താല്പര്യങ്ങൾക്കും മണിപ്പൂരിലെ ഇന്നത്തെ അവസ്ഥയ്ക്ക് പങ്കുണ്ടെന്ന് വിവിധ കോണുകളിൽനിന്നും ഉയരുന്ന ആശങ്കകളും അസ്ഥാനത്തല്ല. 

മണിപ്പൂരിൽ അപരിഹാര്യമായി തുടരുന്ന ആഭ്യന്തരയുദ്ധവും വംശീയതയുടെ അടിസ്ഥാനത്തിലുള്ള ഭിന്നിപ്പും ആ സംസ്ഥാനത്തിന്റെ അതിരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. ഇന്ത്യയെപ്പോലെ വംശീയവും മതപരവും ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യങ്ങൾകൊണ്ട് സമ്പന്നമായ രാഷ്ട്രത്തിന്റെ ഐക്യത്തിനും അവിച്ഛിന്നതയ്ക്കും മണിപ്പൂരിലെ സംഭവവികാസങ്ങൾ കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. രാജ്യത്തിന്റെ ഐക്യത്തിനുനേരെ ഉയരുന്ന വെല്ലുവിളികളുടെ ഉത്തരവാദിത്തം പ്രതിപക്ഷത്തിന്റെമേൽ അടിസ്ഥാനരഹിതമായി ആരോപിക്കാൻ ലഭിക്കുന്ന ഒരവസരവും പ്രധാനമന്ത്രി നരേന്ദ്ര മോഡി പാഴാക്കിയിട്ടില്ല. എന്നാൽ, കഴിഞ്ഞ പതിനെട്ടുമാസമായി തുടർന്നുവരുന്ന മണിപ്പൂരിലെ വംശീയകലാപത്തെപ്പറ്റിയും അവിടെ അനുദിനം അരങ്ങേറുന്ന കൂട്ടക്കൊലകൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ തുടർന്നുവരുന്ന കൂട്ടബലാത്സംഗമടക്കം രാജ്യത്തിന്റെ പ്രതിച്ഛായക്ക് തീരാകളങ്കമായി മാറിയ കൊടിയ അതിക്രമങ്ങൾ എന്നിവയെ അപലപിക്കാൻപോലും അദ്ദേഹം വിസമ്മതിക്കുന്നു. ഇക്കാലയളവിൽ ഒരുഡസൻ വിദേശസന്ദർശനമെങ്കിലും നടത്തിയ മോഡി ഒരിക്കൽപോലും മണിപ്പൂർ സന്ദർശിക്കാൻ തയ്യാറായിട്ടില്ല. ജനങ്ങളുടെ ഐക്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും ചെലവിൽ മോഡിയും ഷായും ബീരേനും നടത്തുന്ന രാഷ്ട്രീയം മണിപ്പുരിനും വടക്കുകിഴക്കൻ മേഖലക്കും രാജ്യത്തിനാകെയും വിനാശകരമാണ്. അതിനെതിരെ രാഷ്ട്രമനഃസാക്ഷി ഉണർന്നുപ്രവർത്തിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.