22 December 2024, Sunday
KSFE Galaxy Chits Banner 2

രാഷ്ട്രീയ സമരമായി മാറുന്ന കര്‍ഷക പ്രക്ഷോഭം

Janayugom Webdesk
February 14, 2024 5:00 am

2020 സെപ്റ്റംബറിൽ ആരംഭിച്ച് 2021 നവംബർ വരെ 14 മാസത്തോളം നീണ്ടുനിന്ന ഇന്ത്യൻ കർഷകരുടെ ഐതിഹാസിക പ്രക്ഷോഭത്തെ അനുസ്മരിപ്പിക്കുന്ന മറ്റൊരു കർഷക സമരവേലിയേറ്റത്തിന്റെ അന്തരീക്ഷമാണ് വടക്കു-പടിഞ്ഞാറൻ ഇന്ത്യയിലും രാഷ്ട്രതലസ്ഥാനത്തും ഉടലെടുത്തിരിക്കുന്നത്. ഇന്നലെ ഉച്ചതിരിഞ്ഞതോടെ പഞ്ചാബിൽനിന്നും ഡൽഹിയെ ലക്ഷ്യമാക്കി പുറപ്പെട്ട കർഷകരുടെ 3000ത്തിലേറെ ട്രാക്ടർ‑ട്രോളി സംഘങ്ങൾ പഞ്ചാബ്-ഹരിയാന അതിർത്തിയിൽ അമ്പാലയിലെ ശംബുവിൽ തടയപ്പെട്ടതോടെ സായുധ സുരക്ഷാസേനയും നിരായുധരായ കർഷകരും തമ്മിൽ ആരംഭിച്ച അക്രമാസക്ത മുഖാമുഖം കർഷക പ്രക്ഷോഭം സൃഷ്ടിച്ചേക്കാവുന്ന കലാപ സദൃശമായ അന്തരീക്ഷത്തിലേക്കാണ് വിരൽചൂണ്ടുന്നത്. തങ്ങളുടെ ഉല്പന്നങ്ങൾക്ക് നിയമത്തിന്റെ പിൻബലമുള്ള മിനിമം താങ്ങുവിലയടക്കം വിവിധ ആവശ്യങ്ങളോട് മോഡി സർക്കാർ സ്വീകരിച്ചുപോന്ന നിഷേധാത്മക സമീപനമാണ് സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം)യുടെ ആഭിമുഖ്യത്തിൽ ‘ഡൽഹി ചലോ’ സമരം നിർബന്ധിതമാക്കിയത്. കിസാൻ മസ്ദൂർ മോർച്ച, സംയുക്ത കിസാൻ മോർച്ച എന്നിവയടക്കം കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും സംഘടനകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. സ്ത്രീകളും ചെറുപ്പക്കാരും വയോധികരുമടക്കം കര്‍ഷകര്‍, നീണ്ടുനിൽക്കുന്ന പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പുകളുമായാണ് ട്രാക്ടർ‑ട്രോളികളിൽ യാത്ര പുറപ്പെട്ടിട്ടുള്ളത്. പ്രക്ഷോഭകർ രാഷ്ട്രതലസ്ഥാനത്ത് പ്രവേശിക്കുന്നത് തടയാൻ കോൺക്രീറ്റ് ബ്ലോക്കുകൾ, ഇരുമ്പ് ബാരിക്കേഡുകൾ, കണ്ടെയ്‌നർ ട്രക്കുകൾ, ദേശീയപാത കുഴിച്ചുണ്ടാക്കിയ ട്രഞ്ചുകൾ, മുള്ളുവേലി വലയങ്ങൾ എന്നിവ പഞ്ചാബ്-ഹരിയാന അതിർത്തി മുതൽ ഡൽഹി തലസ്ഥാന മേഖലാ അതിർത്തികൾവരെ സ്ഥാപിച്ച് യുദ്ധസമാനമായ പ്രതിരോധ സജ്ജീകരണങ്ങളാണ് ഭരണകൂടം ഒരുക്കിയിട്ടുള്ളത്. രാഷ്ട്രതലസ്ഥാനത്തുതന്നെ പ്രധാന കവാടങ്ങളിലും കേന്ദ്രങ്ങളിലും വൻ സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ചെങ്കോട്ട സമുച്ചയം അടച്ചുകഴിഞ്ഞു. ‘അന്നദാതാ’ എന്ന് വിളിക്കുന്ന ഒരു ജനവിഭാഗത്തിന്റെ രാഷ്ട്രതലസ്ഥാനത്തേക്കുള്ള പ്രവേശനാവകാശം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ നടപടി ഒരിക്കൽക്കൂടി അവരുടെ കർഷക വിരുദ്ധതയാണ് തുറന്നുകാട്ടുന്നത്.

 


ഇതുകൂടി വായിക്കൂ; ഇന്ത്യന്‍ തൊഴില്‍രംഗം അടിമവല്‍ക്കരണത്തിലേക്ക്


സംയുക്ത കിസാൻ മോർച്ചയിലെ രാഷ്ട്രീയാഭിമുഖ്യമുള്ളവയും അല്ലാത്തവയുമായ സംഘടനകളും യൂണിയനുകളും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾക്കും സമരപരിപാടികളിലെ അന്തരങ്ങൾക്കും ഉപരി അവർ ഉന്നയിക്കുന്ന ആവശ്യങ്ങളിലുള്ള യോജിപ്പ് കർഷക പ്രക്ഷോഭത്തെ പുതിയ തലങ്ങളിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാകേഷ് ടിക്കായത്ത് അടക്കമുള്ളവർ നയിക്കുന്ന കിസാൻ യൂണിയനുകളും ഇടതുപക്ഷ കിസാൻസഭകൾ അടക്കമുള്ള രാഷ്ട്രീയമായി സംഘടിപ്പിക്കപ്പെട്ട കർഷകസംഘടനകളും ബിഎംഎസ് ഒഴികെയുള്ള കേന്ദ്ര ട്രേഡ്‌യൂണിയനുകളും നൽകിയ സംയുക്ത ആഹ്വാനം അനുസരിച്ച് ഫെബ്രുവരി 16ന് വ്യാവസായിക‑വാണിജ്യ തൊഴിൽമേഖലകളിൽ പണിമുടക്കും രാജ്യവ്യാപകമായി ഗ്രാമീണ ബന്ദും നടക്കുകയാണ്. ഇപ്പോൾ ഡൽഹി ലക്ഷ്യമാക്കി കർഷകർ നടത്തുന്ന മുന്നേറ്റവും തൊഴിലാളി പണിമുടക്കും ഗ്രാമീണ ബന്ദും രാജ്യത്തെ കർഷകരുടെയും തൊഴിലാളികളുടെയും മോഡി സർക്കാരിനെതിരായ ചെറുത്തുനില്പിന് വർഗപരവും രാഷ്ട്രീയവുമായ കരുത്ത് പകർന്ന് നൽകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കർഷകരുടെയും തൊഴിലാളികളുടെയും ഐക്യത്തിൽ വിള്ളലുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ നിക്ഷിപ്ത താല്പര്യക്കാര്‍ നടത്തിവരുന്ന ശ്രമങ്ങളെയും ഈ അവസരത്തിൽ കണ്ടില്ലെന്ന് നടിച്ചുകൂടാ. കർഷകപ്രക്ഷോഭത്തെ രാഷ്ട്രീയ വിലപേശലിനുള്ള അവസരമാക്കി മാറ്റാൻ ശ്രമങ്ങൾ പഞ്ചാബിൽ തകൃതിയായി നടന്നുവരികയാണ്. പ്രക്ഷോഭത്തിൽ യാതൊരു പങ്കുമില്ലാത്ത ശിരോമണി അകാലിദൾ ബിജെപിയുമായുള്ള സീറ്റ് വിഭജന ചർച്ചകളിൽ അതിനെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാമെന്ന് കണക്കുകൂട്ടുന്നു. രാജ്യത്തെ ജനാധിപത്യ പ്രതിപക്ഷം ഈ രാഷ്ട്രീയക്കളി തിരിച്ചറിഞ്ഞ് കർഷക‑തൊഴിലാളി പ്രക്ഷോഭത്തെ തങ്ങളുടെ രാഷ്ട്രീയ സമരത്തിന്റെ ഭാഗമാക്കി മാറ്റാൻ ആവശ്യമായ വിവേകം കാണിക്കുമെന്ന് വേണം പ്രതീക്ഷിക്കാൻ.


ഇതുകൂടി വായിക്കൂ;  യഥാര്‍ത്ഥത്തില്‍ ബിജെപിക്ക് ആത്മവിശ്വാസമുണ്ടോ


 

രാജ്യത്താകെ കരുത്താർജിച്ചുവരുന്ന കർഷകത്തൊഴിലാളി അവകാശപ്പോരാട്ടങ്ങളും ബിജെപി അനുവർത്തിച്ചുപോരുന്ന ജനവിരുദ്ധ ചങ്ങാത്ത‑മുതലാളിത്ത സാമ്പത്തിക നയങ്ങളും അവർ പിന്തുടരുന്ന ഫാസിസ്റ്റ് പ്രതിലോമ രാഷ്ട്രീയവും രാഷ്ട്രജീവിതത്തിൽ രൂക്ഷത കൈവരിച്ചിരിക്കുന്ന വൈരുധ്യത്തെയാണ് തുറന്നുകാട്ടുന്നത്. കർഷകരുടെയും തൊഴിലാളികളുടെയും അവകാശപ്പോരാട്ടങ്ങളും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും നിയമവാഴ്ചയ്ക്കും വേണ്ടിയുള്ള രാഷ്ട്രീയ സമരവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ മാത്രമാണ്. ഇരു സമരങ്ങളിലും ഏർപ്പെട്ടിട്ടുള്ളവർ പരസ്പരം ആ യാഥാർത്ഥ്യം തിരിച്ചറിയുകയും സർവാത്മനാ അംഗീകരിക്കുകയും ഒരുമിച്ച് മുന്നേറുകയും ചെയ്യുക എന്നതാണ് വിജയത്തിനുള്ള മുന്നുറപ്പ്. അതുകൊണ്ടുതന്നെ രാജ്യത്തെ കർഷകരും തൊഴിലാളികളും നടത്തിവരുന്ന അവകാശസമരത്തിന് സമ്പൂർണ പിന്തുണ ഉറപ്പുവരുത്തി, അവയെ വിജയത്തിലേക്ക് നയിക്കുക എന്നതാണ് ജനാധിപത്യ മതനിരപേക്ഷ പുരോഗമന ശക്തികളുടെ അടിയന്തര രാഷ്ട്രീയ ഉത്തരവാദിത്തം.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.