27 April 2024, Saturday

യഥാര്‍ത്ഥത്തില്‍ ബിജെപിക്ക് ആത്മവിശ്വാസമുണ്ടോ

Janayugom Webdesk
February 5, 2024 5:00 am

ടക്കാല ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്തി, സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചില നേതാക്കളും രാജ്യമാകെ ഓടി നടന്ന് ഈ ആത്മവിശ്വാസം വിളംബരം ചെയ്യുന്നുമുണ്ട്. പക്ഷേ ബിജെപിയുടെ ഈ ആത്മവിശ്വാസം ഉള്ളില്‍ത്തട്ടിയുള്ളതല്ലെന്നും അവര്‍ക്ക് വല്ലാതെ ഉള്‍ഭയമുണ്ടെന്നുമാണ് അവരുടെ സമീപനങ്ങളും നിലപാടുകളും നയങ്ങളും വ്യക്തമാക്കുന്നത്. ആത്മവിശ്വാസമില്ലെന്ന് സംശയിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വച്ച് അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ട കടുപ്പിച്ചത് പ്രധാനകാരണമാണ്. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സൊരേനെ ജയിലിലാക്കിക്കഴിഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജയിലില്‍ അടയ്ക്കുന്നതിനുള്ള വാശിയില്‍ അന്വേഷണ ഏജന്‍സികള്‍ രാത്രിയിലും ജോലി ചെയ്യുകയാണ്. ഇതിന് പുറമേ അന്വേഷണ ഏജന്‍സികളുടെ വേട്ടയ്ക്കിരയായ മറ്റൊരു പ്രതിപക്ഷ മുഖ്യമന്ത്രിയായിരുന്നു ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് ബാഗല്‍. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോള്‍ ഓണ്‍ലൈന്‍ വാതുവയ്പ് ആപ്പുമായി ബന്ധപ്പെട്ട കേസുണ്ടാക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചരണോപാധിയായിരുന്നു പ്രസ്തുത കേസും അന്വേഷണവും. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍ക്കുകയും ബിജെപി അധികാരത്തിലെത്തുകയും ചെയ്തതോടെ പ്രസ്തുത കേസിന് വേഗം കുറഞ്ഞു. ബിഹാറിലെ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകന്‍ തേജസ്വി യാദവ് എന്നിവരും കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്യപ്പെടുകയുണ്ടായി. ജോലിക്ക് പകരം ഭൂമി കുംഭകോണം ആരോപിച്ചാണ് ഇഡി മൂവരെയും ഇടയ്ക്കിടെ വിളിപ്പിച്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്. ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെങ്കില്‍ നേരത്തെ തന്നെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ലോക്‌സഭാംഗം സഞ്ജയ് സിങ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു മന്ത്രിയായിരുന്ന സത്യേന്ദര്‍ ജയിനും ജയിലിലാണ്. ബംഗാളിലെ നിരവധി ടിഎംസി നേതാക്കളും തമിഴ്‌നാട്ടിലെ മന്ത്രി സെന്തില്‍ ബാലാജി ഉള്‍പ്പെടെയുള്ളവരും കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുകയും ചിലരെല്ലാം ജയിലിലുമാണ്. കേരളത്തിലും ദുഷ്ടലാക്കുമായി ഇഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ കറങ്ങിനടക്കുന്നുണ്ട്.


ഇതുകൂടി വായിക്കൂ;  അവകാശവാദങ്ങളും പ്രഖ്യാപനങ്ങളും


അത്രയധികം ആത്മവിശ്വാസമുണ്ടെങ്കില്‍ ബിജെപി ഇതര ഭരണം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഭരിക്കുന്ന പാര്‍ട്ടികളെയും സഖ്യങ്ങളെയും രാഷ്ട്രീയമായി അസ്ഥിരപ്പെടുത്തുന്നതിനുള്ള ഇത്തരം നടപടികളും അഴിമതിക്കാരെന്ന് മുദ്രകുത്തിയുള്ള പ്രചരണവും എന്തിനാണെന്ന ചോദ്യം പ്രസക്തമാണ്. പാര്‍ലമെന്റിലും പൊതുയോഗങ്ങളിലും ഭരണനേട്ടങ്ങള്‍ എന്ന അവകാശവാദമുന്നയിക്കുകയും അത് വോട്ടായി മാറുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നവര്‍ പിന്നെന്തിനാണ് രാമക്ഷേത്രവും പൗരത്വ ഭേദഗതി നിയമവുംതന്നെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നത്. തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവര്‍ത്തിച്ച ഗ്യാരന്റികളില്‍ അവര്‍ക്ക് വിശ്വാസമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഗ്യാരന്റികള്‍ എന്ന പേരില്‍ മോഡിയും ബിജെപി നേതാക്കളും ആവര്‍ത്തിക്കുന്നത് നുണകള്‍ മാത്രമാണെന്ന് സാമാന്യ ജനത തിരിച്ചറിയുന്നുണ്ടെന്ന് അവര്‍ ആശങ്കപ്പെടുന്നുണ്ട്. തൊഴിലില്ലായ്മ, പാചകവാതക കണക്ഷന്‍, സ്ത്രീ സുരക്ഷ എന്നിവയെല്ലാം പൊയ്‌വാക്കുകള്‍ മാത്രമാണെന്ന് തിരിച്ചറിയുന്ന ജനങ്ങള്‍ തങ്ങളെ തിരസ്കരിക്കുമെന്ന ബലമായ സംശയവും അവര്‍ക്കുണ്ട്. അവകാശപ്പെടുന്ന ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമായിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ സ്വാഭാവികമായും ബിജെപിക്കാണ് വോട്ട് ചെയ്യേണ്ടത്. അതുണ്ടാകില്ലെന്ന ഭയം കാരണമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിരക്ഷര ജനകോടികളെ സാമുദായികമായി ധ്രുവീകരിക്കുന്നതിന് വര്‍ഗീയ അജണ്ടതന്നെ പുറത്തെടുക്കുന്നത്.


ഇതുകൂടി വായിക്കൂ;   മതേതര ഇന്ത്യ ബ്രാഹ്മണഭാരത്!


കൂടാതെ ബിജെപിയെ അധികാരത്തില്‍ നിന്ന് തൂത്തെറിയുക എന്ന ലക്ഷ്യത്തോടെ ഇടതു മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുടെ നീണ്ടനാളത്തെ പ്രവര്‍ത്തന ഫലമായി ഇന്ത്യ സഖ്യം യാഥാര്‍ത്ഥ്യമായിട്ടുമുണ്ട്. അതും ബിജെപിയുടെ വേവലാതികളുടെ കാരണമാണ്. കഴിഞ്ഞ ലോക്‌സഭയിലെയും അതിനുശേഷം നടന്ന വിവിധ നിയമസഭകളിലെയും തെരഞ്ഞെടുപ്പുകളിലെ വോട്ടുകണക്കുകളും ബിജെപിയെ അലോസരപ്പെടുത്തുന്നുണ്ട്. നിലവിലെ ലോക്‌സഭയില്‍ വോട്ടു ഭൂരിപക്ഷത്തിലല്ല, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രത്യേകത കൊണ്ടാണ് ബിജെപി അധികാരത്തിലിരിക്കുന്നത്. ആകെ വോട്ടുചെയ്ത 67.4 ശതമാനത്തില്‍ (33 ശതമാനത്തോളം പേര്‍ വോട്ടു ചെയ്തില്ല) 37.7 ശതമാനത്തിന്റെ പിന്‍ബലമേ ബിജെപിക്കുള്ളു (ആകെ വോട്ടര്‍മാരുടെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപി വോട്ടുവിഹിതം പിന്നെയും കുറയുകയാണ് ചെയ്യുക). ഏറ്റവും ഒടുവില്‍ നടന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നാലിലും ബിജെപി വിജയത്തിന്റെ കണക്കെടുത്താലും ഇതേരീതിയിലുള്ള ജനപിന്തുണയേ അവര്‍ക്കുള്ളു എന്ന് വ്യക്തമാകും. അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കൂടുതല്‍ യോജിച്ച സമീപനങ്ങള്‍ സ്വീകരിക്കപ്പെട്ടാലും ബിജെപിയുടെ എളുപ്പ വിജയം പ്രയാസകരമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.