18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 20, 2024
September 29, 2024
September 6, 2024
August 29, 2024
August 27, 2024
August 23, 2024
July 19, 2024
July 18, 2024
May 13, 2024
May 6, 2024

തിളക്കങ്ങളിൽ നിന്നൊഴിഞ്ഞു നിന്ന പ്രതിഭ

സ്വന്തം ലേഖകൻ
കൊച്ചി
August 27, 2024 10:29 pm

വിവാദങ്ങളിൽ നിന്നൊഴിഞ്ഞു പുതിയ സിനിമയുടെ വഴികളിൽ സ്വന്തമായ ഒരു ഇടം കണ്ടെത്തിയ സംവിധായകനായിരുന്നു മോഹൻ. മികച്ച സിനിമകൾ എടുത്തെങ്കിലും അംഗീകാരങ്ങൾ ലഭിക്കാതെ പോയി. എങ്കിലും പരിഭവങ്ങൾ ഇല്ലാതെ തന്റെ കർമ്മങ്ങളിൽ മുഴുകുകയായിരുന്നു മോഹൻ. ‘ശാലിനി എന്റെ കൂട്ടുകാരി’, ‘വിട പറയും മുമ്പേ’, ‘രണ്ടു പെൺകുട്ടികൾ’, ‘ഇസബല്ല’, ‘മംഗളം നേരുന്നു, ‘സൂര്യദാഹം’, ‘തീർത്ഥം’, ‘മുഖം’, ‘പക്ഷേ’ എന്നിങ്ങനെ മലയാളികൾ മറക്കാനാകാത്ത രണ്ടു ഡസനോളം ചലച്ചിത്രങ്ങളുടെ സംവിധായകന്‌ കേരളം അർഹമായ ആദരം കൊടുത്തില്ലയെന്നതാണ് യാഥാർത്ഥ്യം. അച്ഛന്റെ ഒരു സുഹൃത്തു വഴിയാണ് പ്രശസ്ത സംവിധായകൻ എം കൃഷ്ണൻ നായരെ പരിചയപ്പെട്ടത്. പഠനവും സിനിമയും ഒന്നിച്ചു കൊണ്ടു പോയ മോഹൻ സിനിമയുടെ എല്ലാ മേഖലയിലും പ്രവർത്തിച്ചു. 

സംവിധായകൻ പി വേണുവിന്റെ സഹായി എന്ന നിലയ്ക്കാണ് തുടക്കം കുറിച്ചത് — 1971‑ൽ. തുടർന്ന് തിക്കുറിശ്ശി സുകുമാരൻ നായർ, എ ബി രാജ്, എ വിൻസെന്റ്, മധു എന്നിവരുടെ സംവിധാന സഹായിയായി. സി രാധാകൃഷ്ണന്റെ ‘അഗ്നി‘യാണ് മോഹൻ അസോസിയേറ്റ് ആയി പ്രവർത്തിച്ച അവസാന സിനിമ. തുടർന്ന് ഒരു സ്വതന്ത്ര സംവിധാനായി. ആദ്യ ചിത്രം, ‘വാടകവീട്’ (1978), പിന്നീട് വി ടി നന്ദകുമാറിന്റെ ‘രണ്ടു പെൺകുട്ടികൾ’: ലസ്ബിയൻ ബന്ധങ്ങളും മറ്റുമുള്ള ഒരു കഥാതന്തുവിനെ ഉപജീവിച്ച്, ലൈംഗിക അതിപ്രസരമേതുമില്ലാതെ, കലാപരമായി മികച്ച സിനിമ എടുത്ത മോഹൻ ഏറെ ശ്രദ്ധേയനായി. ആ വർഷം തന്നെ ‘ശാലിനി എന്റെ കൂട്ടുകാരി’ ഉൾപ്പെടെ രണ്ടു സിനിമകൾ കൂടി എടുത്ത് സിനിമാ ഭാഷയിൽ ഒരു ‘മാസ് എൻട്രി’ ആണ് മോഹൻ നടത്തിയത്. 

കൊച്ചു കൊച്ചു തെറ്റുകൾ (1979), വിട പറയും മുംബൈ (1981), കഥയറിയാതെ (1981), നിറം മാറുന്ന നിമിഷങ്ങൾ (1982), ഇളക്കങ്ങൾ (1982), ഇടവേള (1982), ആലോലം (1982), രചന (1983), മംഗളം നേരുന്നു (1984), ഒരു കഥ ഒരു നുണക്കഥ (1986), തീർത്ഥം (1987), ശ്രുതി (1987), ഇസബെല്ല (1988), മുഖം (1990), പക്ഷേ (1994), സാക്ഷ്യം (1995), അങ്ങനെ ഒരു അവധിക്കാലത്ത് (1999), കാമ്പസ് (2005) തുടങ്ങിയ സിനിമകൾ മോഹന്റെതാണ്.
രണ്ടു പതിറ്റാണ്ടുകാലം സജീവമായ കലാ സപര്യ നടത്തി. കലാപരമായും സാമ്പത്തികമായും മികവാർന്ന ചിത്രങ്ങളൂടെ സംവിധായകനായിരുന്നു മോഹൻ. പത്മരാജൻ, ജോൺ പോൾ തുടങ്ങിയ പ്രഗത്ഭരുടെ തിരക്കഥകളിൽ സിനിമ ചെയ്തതിനോടോപ്പം അദ്ദേഹം തന്നെ ചില തിരക്കഥകൾ രചിച്ചു. വിടപറയും മുമ്പേ‘യിലൂടെയാണ് നെടുമുടി വേണു ഒരു മുഖ്യധാരാ സിനിമയിൽ ആദ്യമായി നായകനായത്. ‘ഇടവേള’ എന്ന ചിത്രത്തിലൂടെയാണ് ഇടവേള ബാബുവും രംഗത്ത്‌ വന്നത്‌. നാട്ടുകാരനും സുഹൃത്തുമായിരുന്ന ഇന്നസെന്റിനെ സിനിമയിലെത്താൻ സഹായിച്ചതും മോഹനാണ്. പിന്നീട് ഇന്നസെന്റുമായി ചേർന്ന് ചില ചിത്രങ്ങളും നിർമിച്ചു.
മലയാള സിനിമയുടെ നിർമ്മാണത്തിലും വിപണനത്തിലും മാറ്റങ്ങൾ വന്നതോടെ മോഹൻ സജീവ ചലച്ചിത്ര ജീവിതത്തിൽ നിന്ന് പിൻവാങ്ങി. ‘ദി കാമ്പസ്’ ആണ് അവസാന ചിത്രം. മോഹന്റെ ‘രണ്ടു പെൺകുട്ടികൾ’ എന്ന സിനിമയിലെ നായികയായിരുന്ന, കുച്ചുപ്പുടി നർത്തകിയും ആന്ധ്ര സ്വദേശിനിയും ആയ അനുപമയെ ആണ് മോഹൻ വിവാഹം ചെയ്തത്. ഈ ദമ്പതിമാർക്ക് രണ്ട് ആൺകുട്ടികൾ ഉണ്ട്. പുരന്ദർ മോഹൻ, ഉപേന്ദർ മോഹൻ. 

2023 മേയ് 11ന് നടന്ന ‘എം കൃഷ്ണൻ നായർ‑എ ലൈഫ് ഇൻ ബ്ലാക്ക് ആന്റ് വൈറ്റ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനത്തിൽ പങ്കെടുക്കുന്നതിനിടെ മോഹൻ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആരോഗ്യ നില അല്പം മെച്ചപ്പെട്ടപ്പോൾ എറണാകുളം പനമ്പള്ളി നഗറിലുള്ള കസ്തൂർബാ നഗറിലെ വീട്ടിലെത്തി ചികിത്സ തുടരുകയായിരുന്നു. സിനിമാലോകത്തു നിന്നുള്ള സന്ദർശകർ ഇല്ലാതെയുള്ള ദീർഘനാളത്തെ ജീവിതത്തിന്റെ അവസാനദിനത്തിലും സിനിമയിലെ പൊട്ടിത്തെറികാരണം വെള്ളിവെളിച്ചത്തിലുള്ള ആരും വൈകിയും മോഹനെ കാണാനെത്തിയിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.