ഒരു ചെറിയ സംഭവവും അത് എന്റെ അനുഭവ സഞ്ചയത്തിലേക്ക് ചേര്‍ത്ത പുതിയ ശേഖരവും പറയാതിരുന്നുകൂടാ എന്നതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പുമായി വായനക്കാരെ അഭിമുഖീകരിക്കുന്നത്. ചിലത് പറയാതിരുന്നാല്‍ അസ്വാസ്ഥ്യമാണ്. ഒരിക്കല്‍ നാം അനുഭവിച്ചാല്‍ പറയാതിരുന്നുകൂടാത്ത പലതുമുണ്ട്. അതില്‍ നല്ലതും ചീത്തയുമുണ്ടാവാം. ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അവന്‍ എഴുതുന്നത് എന്തോ, എവിടെയോ ചെന്നുകൊള്ളണം എന്നാണാഗ്രഹം. അതാണ് ലക്ഷ്യം.
ഒരു സാമാന്യം ചെറിയ സംഭവത്തിന് ഇത്ര ഗൗരവമുള്ളതെന്നു തോന്നാവുന്ന ആമുഖം വേണോ. സംഭവം നടന്നത് പുതുശേരിയില്‍, പാലക്കാട് ജില്ലയുടെ അതിര്‍ത്തി. എ കെ രാമന്‍കുട്ടി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച എകെആര്‍ സ്മാരക മന്ദിരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങായിരുന്നു. പുതുശേരി എകെആറിന്റെ ജന്മവും കര്‍മ്മവും കൊണ്ട് ശ്രദ്ധേയമായ സ്ഥലം. പൊതുപ്രവര്‍ത്തകരും ഫൗണ്ടേഷന്‍ ഭാരവാഹികളും നാട്ടുകാരും ഒത്തുകൂടി. ഗാന്ധി ആശ്രമത്തിന്റെ കാര്‍മ്മികനായ പുതുശേരി ശ്രീനിവാസന്റെ കഠിന ശ്രമമായിരുന്നു അതിനു പിന്നില്‍. എകെആര്‍ ഫൗണ്ടേഷന്റെ മുന്‍നിരക്കാരായ വി ചാമുണ്ണി, കെ കൃഷ്ണന്‍കുട്ടി, കെ പി സുരേഷ്‍രാജ് തുടങ്ങി രാഷ്ട്രീയ പ്രവര്‍ത്തകരും അതല്ലാത്തവരും ഒരേ ഉത്സാഹത്തില്‍ വന്നുചേര്‍ന്നു.
തറക്കല്ലിടല്‍ ചടങ്ങ് പുതുമയുള്ളതാവണമെന്ന് ഭാരവാഹികള്‍ കൂടിയാലോചിച്ച് നിശ്ചയിച്ചിരുന്നു. ജീവിതം നിരന്തര കര്‍മ്മത്തിനും ആ കര്‍മ്മം ഏറ്റവും പിന്നാക്കക്കാര്‍ക്കും വേണ്ടിയാവണമെന്നു നിശ്ചയിച്ച ഒരു കര്‍മ്മയോഗിയുടെ പേരിലുള്ള ഫൗണ്ടേഷന്‍, ആധാരമില്ലാത്ത ഒട്ടേറെ ഫൗണ്ടേഷനുകളെപ്പോലെ ആകരുതല്ലോ. സ്വാതന്ത്ര്യ സമരസേനാനി, പൊതുപ്രവര്‍ത്തകന്‍, കമ്മ്യൂണിസ്റ്റ് തുടങ്ങിയ നിലയില്‍ ജീവിച്ച രാമന്‍കുട്ടി ആ പ്രദേശത്തിന്റെ സമസ്ത മേഖലകളെയും തഴുകി ജീവിച്ച വ്യക്തിയായിരുന്നു. പുതിയ തലമുറയ്ക്ക് ഏറെ അറിയാത്ത വ്യക്തി. എന്തുകൊണ്ടോ പ്രസ്ഥാനംപോലും ചേരിതിരിഞ്ഞപ്പോള്‍ മിക്കവാറും തമസ്കരിക്കപ്പെട്ട വ്യക്തി. അത്തരമൊരു വ്യക്തിയെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് കാലത്തിന്റെ ധര്‍മ്മമായിരുന്നു.
ഇത് എ കെ രാമന്‍കുട്ടിയെക്കുറിച്ചുള്ള ലേഖനമല്ല. അദ്ദേഹത്തിന്റെ പേരില്‍ എലപ്പുള്ളിയിലെ പിന്നാക്കക്കാര്‍ക്കായി എന്തു ചെയ്യാനാവും. അവിടത്തെ മനുഷ്യരെയും വിഭവങ്ങളെയും എങ്ങനെ കണ്ടെത്തി, സംഗമിപ്പിച്ച്, ഏറെ പിന്നാക്കാവസ്ഥയിലുള്ള ആ പ്രദേശത്തിന് ഒരു ഉണര്‍വും ജീവിതവും ഉണ്ടാക്കാനാവും. അതായിരുന്നു പ്രശ്നം, അതായിരുന്നു ബാധ്യത. സന്ദേശം വ്യക്തമായിരുന്നു. അതാവാം ഒരുപാട് ജനം, എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള അവിടെ വന്നെത്താന്‍ കാരണം. കൊടും വെയിലും വരള്‍ച്ചയും പൊടിമണ്ണും ആര്‍ക്കും പ്രശ്നമായിരുന്നില്ല.
കൃഷിമന്ത്രി പ്രസാദിന്റെ പ്രസംഗത്തിനു മുമ്പേ തദ്ദേശവാസികളായ മൂന്നുപേര്‍ ഓരോ രംഗത്തെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചത്, പ്രാദേശിക പ്രശ്നങ്ങള്‍ അദ്ദേഹത്തെ അറിയിക്കാനായിരുന്നു. അത് ഫലംകണ്ടു. കാര്‍ഷികരംഗത്തെ പ്രശ്നങ്ങള്‍ക്ക് വ്യക്തമായ പരിഹാര നടപടികള്‍ മന്ത്രിയില്‍ നിന്നു പ്രതീക്ഷിച്ചായിരുന്നു പ്രസന്റേഷന്‍. മറ്റൊന്ന് അവിടത്തെ നായാടി കോളനിയില്‍ ഇന്നും നിലനില്ക്കുന്ന തൊട്ടുകൂടായ്മ, ഒറ്റപ്പെടലും പെടുത്തലും തുടങ്ങിയവയായിരുന്നു. ‘ആസാദി കാ അമൃത മഹോത്സവ’ത്തിന്റെ കാലഘട്ടത്തിലാണ് ഒരു വിഭാഗം ജനങ്ങള്‍ ഇവിടെ ജാതിയുടെ പേരില്‍ അസ്പൃശ്യരായി തുടരുന്നത്. എഴുപത്തഞ്ച് വര്‍ഷത്തെ സ്വാതന്ത്ര്യം നാം ഉപയോഗിച്ചില്ലെന്നോ, എല്ലാവരെയും അതില്‍ പങ്കാളികളാക്കിയില്ലെന്നോ അല്ലേ അര്‍ത്ഥം.
ദീര്‍ഘകാലത്തെ ഒറ്റപ്പെടല്‍, അവരെ പുറംലോകത്തില്‍ നിന്ന് ഏതാണ്ട് മുഴുവനായും മാറ്റിനിര്‍ത്തിയിരുന്നു. ആരുമായും ഇടപഴകണമെന്നില്ല. മറ്റുള്ളവര്‍ അങ്ങോട്ടു പോകാറില്ല. അവിടത്തെ വിദ്യാര്‍ത്ഥികള്‍ പോലും ചങ്ങാതിമാരെ വീട്ടില്‍ കൊണ്ടുവരാറില്ലത്രെ. അതായത് അവര്‍ക്കിടയില്‍ പോക്കുവരവ് ഇല്ല. പത്തുവരെ പഠിച്ച ചിലരൊക്കെയുണ്ട്. ഒന്നു രണ്ടു പ്ലസ് ടുക്കാരും. അവര്‍ക്കുപോലും വേണ്ടത്ര സാമൂഹിക സമ്പര്‍ക്കമോ വിദ്യാഭ്യാസത്തില്‍ നിന്നു കിട്ടേണ്ട സ്വാതന്ത്ര്യബോധമോ ഇല്ല. എന്തോ ഒരു തടസം. ഒരു ഭയം. ഒരുതരം വേറിടല്‍. ഇതേക്കുറിച്ച് അവിടെ പറഞ്ഞ വിദ്യാര്‍ത്ഥിപോലും ഭയന്നാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. ആ ഭയം മാറ്റാന്‍ പര്യാപ്തമായ രാഷ്ട്രീയ പിന്തുണ അവിടെയില്ല.
അന്യരുടെ സ്വാതന്ത്ര്യത്തെ ഭയക്കുന്നവരാണധികവും. അപരന്റെ സ്വാതന്ത്ര്യം എനിക്ക് ദോഷകരമാകുമെന്ന് കരുതുന്നവര്‍ ഏതു കാലത്തുമുണ്ടായിരുന്നു. ജനാധിപത്യത്തില്‍ പോലും ജനത്തിന്റെ സ്വാതന്ത്ര്യം നിഷേധിക്കുന്നവരുണ്ട്. ചുറ്റും വിദ്യാഭ്യാസമുണ്ടായിട്ടും എങ്ങനെ ഒറ്റപ്പെടലിന്റെ ഈ തുരുത്തുണ്ടായി. ഈയിടെ തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലെ ഒരു ഗ്രാമത്തില്‍ ഒരു വിഭാഗത്തിന് പൊതു ഇടങ്ങളിലും ആരാധനാലയത്തിലും പ്രവേശം നിഷേധിച്ചതിനെ നാട്ടുകാരും ഉദ്യോഗസ്ഥരും ഒന്നായി വിജയകരമായി നേരിട്ടിരുന്നു. കേരളത്തില്‍ വൈക്കത്തും ഗുരുവായൂരും ജനമുന്നേറ്റങ്ങളിലൂടെ ഇത് സാധിച്ചിരുന്നു. എന്തിന് അകത്തേത്തറയിലെ അയ്യപ്പ ക്ഷേത്രത്തില്‍ ടി ആര്‍ കൃഷ്ണസ്വാമിയുടെ നേതൃത്വത്തിലും ക്ഷേത്ര പ്രവേശം എല്ലാവര്‍ക്കും സാധ്യമാക്കി.
മന്ത്രി പ്രസാദിന്റെ തുടര്‍ന്നുള്ള പ്രസംഗം ശ്രദ്ധേയമായിരുന്നു. അവിടെ നിന്നു മനസിലാക്കിയ പ്രശ്നങ്ങള്‍ക്ക് പരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. പ്രാദേശികമായി ലഭിക്കുന്ന നാളികേരത്തിന്റെ വിപണനം, മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ക്കുള്ള പരിപാടികള്‍, അതിനായി പൊതുജനങ്ങള്‍ക്കു പരിശീലനം നല്കാനുള്ള വിദഗ്ധരെ ഏര്‍പ്പാടാക്കല്‍ തുടങ്ങിയവയായിരുന്നു കൃഷിമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന ചേരുവകള്‍. സാധാരണ മന്ത്രിമാര്‍ നടത്തുന്ന ഒഴുക്കന്‍ പ്രസംഗങ്ങളുടെ പട്ടികയില്‍ ഇത് പെടില്ല. തെളിഞ്ഞ ഭാഷയില്‍ അദ്ദേഹം സംസാരിച്ചശേഷം സംശയവും പുകമറയുമില്ലായിരുന്നു. ഒരു ഭരണാധികാരിയുടെ പ്രധാന ഗുണം ആത്മാര്‍ത്ഥതയും സുതാര്യതയുമാണല്ലോ. ഇനി വേണ്ടത് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള തുടര്‍നടപടികളും എകെആര്‍ ഫൗണ്ടേഷന്റെ കൂട്ടായ്മയും. പ്രാദേശിക വിഭവങ്ങളെയും അവിടത്തെ മാനുഷിക ശേഷിയേയും ആ പ്രദേശത്തിന്റെ ആവശ്യാധിഷ്ഠിത കാര്യങ്ങളില്‍ ഒന്നിപ്പിക്കണം. എകെആര്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനം ഇതിനുള്ള പ്രാരംഭമാവട്ടെ. തുടക്കം നന്നായിരുന്നു. ശുഭപ്രതീക്ഷയുണ്ട്. എ കെ രാമന്‍കുട്ടി പ്രവര്‍ത്തനത്തില്‍ വിശ്വസിച്ച വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ത്യാഗങ്ങള്‍ പാഴായിപ്പോവരുതല്ലോ. വരുംതലമുറകള്‍ അതിനു പകരം നല്കണം. പുതുശേരിയിലെ യുവതലമുറയാണ് ഫൗണ്ടേഷന്റെ മൂലധനം.
എംടിയുടെ ‘മഞ്ഞ്’ എന്ന നോവല്‍ അവസാനിക്കുന്നത് ഇങ്ങനെയാണ്. ‘വരും, വരാതിരിക്കില്ല’ ഈ തുടക്കത്തിനുശേഷം നമുക്കും പറയാം ‘നടക്കും നടക്കാതിരിക്കില്ല’.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.