പ്രതീക്ഷയുടെ ഒരു പുതുവത്സരം കൂടി വരവായി. കൂടുതല്‍ അത്യുത്സാഹത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കട്ടെ. ഓരോ വര്‍ഷവും നമ്മള്‍ പുതിയ പല തീരുമാനങ്ങള്‍ എടുക്കാറുണ്ട്. അത് കൂടുതലും നമ്മുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടതായിരിക്കും. എന്നാല്‍ ഈ വര്‍ഷം നമ്മുടെ അടുപ്പക്കാര്‍ ആരും ആത്മഹത്യ ചെയ്യാതിരിക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തുന്നതിനുള്ള തീരുമാനം എടുക്കുന്നത് ആവട്ടെ. നമ്മുടെ അടുപ്പക്കാര്‍ അഥവാ വേണ്ടപ്പെട്ടവര്‍ കൂടുതലും നമ്മുടെ കുടുംബ അംഗങ്ങങ്ങളോ അയല്‍പക്കകാരോ ബന്ധുക്കളോ സുഹൃത്തുക്കളോ ആകാം. ഒരു വ്യക്തി ആത്മഹത്യ ചിന്തകളില്‍ ആയിരിക്കുമ്പോള്‍ പലപ്പോഴും അവര്‍ക്ക് സ്വയം പുറത്തു വരാന്‍ സാധിക്കില്ല. അവരുടെ ചുറ്റും ഉള്ളവര്‍ക്കാണ് സഹായിക്കാന്‍ കഴിയുക. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു നമുക്കു ചുറ്റുമുള്ളവരെ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ ഈ ലോകത്തിലെ ഏറ്റവും വിലയേറിയ പല മനുഷ്യ ജീവനുകളും നമുക്ക് രക്ഷിക്കാന്‍ സാധിക്കും. ഈ പുതുവര്‍ഷത്തില്‍ അതിനുള്ള തീരുമാനം നമുക്ക് എടുക്കാം.
ആത്മഹത്യ പ്രതിരോധ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ടതായിട്ടുണ്ട്. നമുക്കു ചുറ്റുമുള്ള അടുപ്പക്കാരില്‍ താഴെ പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് എപ്പൊഴും മനസ്സിലാക്കാന്‍ ശ്രമിക്കുക.
· സംസാരം കുറയുക
· ഒന്നിനും താല്‍പര്യം ഇല്ലാതെ ഇരിക്കുക
· ഉറക്കക്കുറവ് അനുഭവപ്പെടുക
· ഏപ്പൊഴും ക്ഷീണിച്ചു ഇരിക്കുക
· ശരിയായി ഭക്ഷണം കഴിക്കാതെ ഇരിക്കുക
· സാമൂഹിക ആഘോഷങ്ങളില്‍ ഒന്നും പങ്കെടുക്കാതെ ഇരിക്കുക
എന്നീ ലക്ഷണങ്ങള്‍ നമ്മുടെ അടുപ്പക്കാരില്‍ കാണുകയാണെങ്കില്‍ അവരോടു അടുത്ത് ഇടപഴുകുന്നതിന് പ്രത്യേകം സമയം കണ്ടെത്തേണ്ടതും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിന് വേണ്ടി ശ്രമിക്കേണ്ടതും അത്യാവശ്യമാണ്. എല്ലാ മനുഷ്യര്‍ക്കും വളരെ അത്യാവശ്യം വേണ്ടുന്ന ഒന്നാണ് മനസ്സുതുറന്നു സംസാരിക്കാന്‍ ഒന്നോ രണ്ടോ ആളുകള്‍ ഉണ്ടാവുക എന്നുള്ളത്. പല മാനസിക സമ്മര്‍ദ്ദങ്ങളും സാധാരണ നിലയില്‍ മനസ്സ് തുറന്നു സംസാരിച്ചാല്‍ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും. പ്രതേകിച്ചു ആത്മഹത്യാ ചിന്തകള്‍ ഉള്ള ആള്‍ക്കാരില്‍ ഇതിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇവരുടെ ചിന്തകള്‍ വളരെയേറെ ചുരുങ്ങി പോകുന്നതുകൊണ്ടു തന്നെ പ്രശ്‌നങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും വളരെ ഇടുങ്ങിയതായി അവര്‍ക്കു തോന്നും. ആ ചിന്ത രീതിയെ വിശാലമാക്കി കൊടുക്കുകയും ജീവിതത്തിന് ഒരു അര്‍ത്ഥവും ഉദ്ദേശവും ഉണ്ടെന്നു ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ നമ്മുടെ ഇടപെടല്‍ വലിയ രീതിയില്‍ ഫലപ്രദമാകുന്നതായി കാണാന്‍ കഴിയും.
മദ്യം, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വിഷാദവും ഒരുമിച്ചു ഒരാളില്‍ കാണുമ്പോള്‍ അവരില്‍ ആത്മഹത്യാ സാധ്യത കൂടുതലാണെന്നു മനസ്സിലാക്കേണ്ടതുണ്ട്. ആത്മഹത്യയുടെ പ്രധാനപ്പെട്ട കാരണങ്ങളായി കാണുന്നത്; സാമ്പത്തിക ബാധ്യത, കുടുംബ പ്രശ്‌നങ്ങള്‍, ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍, മാനസിക രോഗങ്ങള്‍, മദ്യപാനം, ഓണ്‍ലൈന്‍ ഇടപാടുകള്‍ തുടങ്ങിയവ ആണ്. നമ്മുടെ അടുപ്പക്കാര്‍ ആരെങ്കിലും ഇത്തരത്തില്‍ ഉള്ള സാഹചര്യത്തിലൂടെ കടന്നു പോകുന്നെങ്കില്‍ അവരെ പ്രത്യേകം പരിഗണിക്കുകയും അവര്‍ക്കു വേണ്ടുന്ന സഹായങ്ങള്‍ ചെയ്യുന്നതിനും ഈ സാഹചര്യം തരണം ചെയ്യാന്‍ സഹായിക്കുകയും വേണം. ആത്മഹത്യാ ശ്രമങ്ങള്‍ നടത്തുന്നത് കൂടുതലും സ്ത്രീകള്‍ ആണെങ്കിലും ആത്മഹത്യാ ചെയ്യുന്നത് ബഹുഭൂരിപക്ഷവും പുരുഷന്മാര്‍ ആണ്.
ഒരു വ്യക്തിയില്‍ ആത്മഹത്യാ സാധ്യത മനസിലാക്കി കഴിഞ്ഞാല്‍ ആദ്യം ചെയ്യേണ്ടത് ‘മാനസിക പ്രഥമ ശുശ്രൂഷ’ നല്‍ക്കുകയാണ്. ഇതില്‍ പ്രധാനമായും ആ വ്യക്തിയെ മനസ്സുതുറന്നു സംസാരിക്കാനുള്ള അവസരം ഒരുക്കുന്നതു മുതല്‍ ആത്മഹത്യാ പ്രതിരോധ സഹായ ഫോണ്‍ നമ്പറുകള്‍ നല്‍കുന്നത് വരെ ഉള്‍പ്പെടും. കൂടാതെ മാനസിക ആരോഗ്യ വിദഗ്ദ്ധരെ കാണുന്നതിനു വേണ്ടുന്ന സഹായവും സാഹചര്യവും ഒരുക്കുന്നതും വളരെ പ്രധാന പെട്ടതാണ്. ഈ അവസരത്തില്‍ നമ്മള്‍ യാതൊരു കാരണത്താലും മുന്‍വിധിയോടെ ആ വ്യക്തിയോട് സംസാരിക്കാന്‍ ശ്രമിക്കരുത്. പകരം ആ വ്യക്തി ജീവിതത്തെ നോക്കിക്കാണുന്നത് വിശാലമാക്കി മാറ്റാന്‍വേണ്ടി ശ്രമിക്കുക.
ശരിയായ രീതിയിലുള്ള ദാമ്പത്തിക‑കുടുംബ ബന്ധങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഒരു വലിയ മുതല്‍ക്കൂട്ട് ആണ്. ഈ പുതുവത്സരത്തില്‍ നമ്മുടെ അടുപ്പക്കാരുടെ മാനസിക ആരോഗ്യം നിലനിര്‍ത്തി ആത്മഹത്യാ സാധ്യതകളില്‍ നിന്നും രക്ഷിക്കുന്നതിനു വേണ്ടി നമുക്കാവുന്നതെല്ലാം ചെയ്യാം എന്ന് പ്രതിജ്ഞ എടുക്കാം.
അങ്ങനെ ആത്മഹത്യാ വളരെയേറെ വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍; ഈ ലോകത്തിലെ ഏറ്റവും വിലയേറിയ മനുഷ്യ ജീവനെ രക്ഷിക്കുന്നതിന് വേണ്ടി നമുക്കെല്ലാവര്‍ക്കും കഠിനമായി പ്രയത്‌നിക്കാം. ഇത് മാനസിക ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാത്രം വിചാരിച്ചിട്ട് കാര്യമില്ല. സമൂഹത്തിലെ എല്ലാവരും ഒരുമിച്ചു ഒരുപോലെ പരിശ്രമിച്ചാല്‍ മാത്രമേ പ്രയോജനമുള്ളു. അങ്ങനെ ഈ പുതുവര്‍ഷത്തില്‍ നമ്മുടെ അടുപ്പക്കാര്‍ ആരും ആത്മഹത്യ ചെയ്യാതിരിക്കട്ടെ. ഒരു അനുഗ്രഹിക്കപ്പെട്ട അര്‍ത്ഥവത്തായ പുതുവത്സരം നേരുന്നു.
നിതിൻ എ.എഫ്.
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Mob: 9496341841
ഇമെയിൽ: nithinaf@gmail.com
www.nithinaf.blogspot.com
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.