22 January 2026, Thursday

സന്തുഷ്ട രാജ്യം ഫിന്‍ലാന്‍ഡ് തന്നെ; ഇന്ത്യയെ പിന്നിലാക്കി പാകിസ്ഥാന്‍

Janayugom Webdesk
ന്യൂയോര്‍ക്ക്
March 20, 2025 8:44 pm

ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമായി എട്ടാം തവണയും ഫിന്‍ലാന്‍ഡ്. പട്ടികയില്‍ ഇന്ത്യ 118-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷത്തെ 126ല്‍ നിന്ന് ചെറിയ പുരോഗതിയാണിത്. പട്ടികയില്‍ നേപ്പാള്‍ 93-ാം സ്ഥാനത്തും, പാകിസ്ഥാന്‍ 109-ാം സ്ഥാനത്തും ഇന്ത്യയെക്കാള്‍ മുന്നിലാണുള്ളത്. ഫിന്‍ലാന്‍ഡിന് പിന്നിലായി ഡെന്‍മാര്‍ക്ക്, ഐസ്‌ലാന്‍ഡ്, സ്വീഡന്‍, നെതര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം പിടിച്ചത്. ആദ്യത്തെ 10 രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യമായി കോസ്റ്ററിക്ക ആറാം സ്ഥാനവുമായി ഇടം പിടിച്ചു. മെക്സിക്കോ, നോര്‍വെ, ഇസ്രയേല്‍, ലക്സംബര്‍ഗ് എന്നിവയാണ് പത്തില്‍ സ്ഥാനം കണ്ടെത്തിയത്. അതേസമയം ലോകശക്തിയെന്ന് അഭിമാനിക്കുന്ന അമേരിക്ക പട്ടികയില്‍ 24-ാം സ്ഥാനത്തേക്ക് വഴുതിവീണു. ഇതാദ്യമായാണ് യുഎസ് പട്ടികയില്‍ ഇത്രയും പിന്നാക്കം പോകുന്നത്. 

കുറവുകള്‍ക്ക് പ്രാധാന്യം നല്‍കാതെ അവരവര്‍ക്കുള്ളതുകൊണ്ട് സന്തോഷത്തോടെ ജീവിക്കുന്നവരാണ് ഫിന്നിഷ് ജനതയെന്നും ഒന്നാം സ്ഥാനം നേടാന്‍ ഫിന്‍ലാന്‍ഡിനെ സഹായിച്ചത് ഈ ഘടകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിന്റെയും ക്ഷേമത്തിന്റെയും സാര്‍വത്രിക ലക്ഷ്യങ്ങളും അഭിലാഷങ്ങളും അടയാളപ്പെടുത്തുതിനായാണ് മാര്‍ച്ച് 20 ലോക സന്തോഷ ദിനമായി ആചരിക്കുന്നത്. 2012ല്‍ ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ച ഈ ദിനം പുരോഗതി എന്നത് സമ്പദ് വ്യവസ്ഥയെ വളര്‍ത്തല്‍ മാത്രമല്ല, മനുഷ്യന്റെ സന്തോഷവും ക്ഷേമവും വര്‍ധിപ്പിക്കുന്നതായിരിക്കണമെന്നും ചൂണ്ടിക്കാട്ടുന്നു. മൊത്ത ആഭ്യന്തര ഉല്പാദനത്തെക്കാള്‍ മൊത്ത ദേശീയ സന്തോഷത്തിന് മുന്‍ഗണന നല്‍കിയ രാജ്യമായ ഭൂട്ടാനാണ് സന്തോഷ ദിനം എന്ന ആശയം മുന്നോട്ടുവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.