22 December 2024, Sunday
KSFE Galaxy Chits Banner 2

യുദ്ധത്തില്‍ തോല്പിച്ചവരെ യുദ്ധത്തിലൂടെ തോല്പിച്ച നായകന്‍

പന്ന്യൻ രവീന്ദ്രൻ
കളിയെഴുത്ത്
November 3, 2024 11:19 pm

ർജന്റീന ലോകത്തിന് നൽകിയ ഇതിഹാസതാരമാണ് ഡീഗോ മറഡോണ. 1986ലെ മെക്സിക്കൻ ലോകകപ്പിൽ അർജന്റീനയെ ചാമ്പ്യന്മാരാക്കിയത് മറഡോണയാണ്. ക്യാപ്റ്റന്റെ കളിയും എതിരാളികളെ നിരായുധരാക്കാനുള്ള അത്യപൂർവ ഡ്രിബ്ലിങ്ങും മറഡോണയെ ജനപ്രിയ താരമാക്കി മാറ്റി. അദ്ദേഹത്തിന്റെ ജന്മദിനമാണ് ഒക്ടോബര്‍ 30ന്. ലോകഫുട്ബോളിൽ ചുരുങ്ങിയ കാലംകൊണ്ട് കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ചതും പെട്ടെന്ന് തന്നെ മങ്ങിയതും അദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രകടമായിരുന്നു. അർജന്റീന ജനത ശത്രുപക്ഷത്ത് നിർത്തിയ ശത്രുരാജ്യമായ ഇംഗ്ലണ്ടിനെ മെക്സിക്കൻ മണ്ണിൽ വച്ച് തകർത്തു തിരിച്ചയച്ച വീരനായകനാണ് മറഡോണ. 82ലെ ലോകകപ്പിൽ ടീമിൽ പ്രവേശനം നിഷേധിക്കപ്പെട്ടപ്പോൾ സ്വയം തീരുമാനമെടുത്തു, കളിച്ചുതന്നെ തിരിച്ചുവരണമെന്ന്. നന്നായി കഠിനാധ്വാനം ചെയ്തു സ്വന്തം ജനതയുടെ മുമ്പിൽ തന്റെ ഫുട്ബോൾ പ്രാവീണ്യം പ്രകടിപ്പിക്കാൻ അവസരം കിട്ടുമെന്ന് അദ്ദേഹത്തിന് അറിയാം. കാത്തിരിപ്പിന്റെ നാലാം വർഷം അവസരംകിട്ടി. മെക്സിക്കൻ നഗരത്തെ കുളിരണിയിച്ചുകൊണ്ട് തന്നെ അഞ്ചടി അഞ്ചിഞ്ച് പൊക്കം മാത്രമുള്ള മറഡോണ സ്വന്തം പ്രതിജ്ഞ നിറവേറ്റി. എതിരാളികൾ ശക്തരിൽ ശക്തരായ ഇംഗ്ലണ്ട്. അർജന്റീനയുടെ ആജന്മശത്രുക്കൾ. അവരെ തോൽപ്പിച്ചാൽ രാജ്യത്തിന്റെ അഭിമാനം ആകാശത്തോളം ഉയരും. വാർത്താമാധ്യമങ്ങൾ മുൻകൂട്ടി തന്നെ വിജയം ഇംഗ്ലണ്ടിന് ചാർത്തി കൊടുത്തിരുന്നു.

മത്സരം തുടങ്ങിയപ്പോൾ തന്നെ കടുത്ത പരീക്ഷണമായിരുന്നു. അർജന്റീനക്കാരുടെ വെ­ള്ളക്കാരോടുള്ള പകയും ഇംഗ്ലണ്ടിന്റെ ഫിഫാകപ്പ് മോഹവും ഒരേവേദിയിൽ ആയപ്പോൾ ഒരു മണിക്കൂർ നേരം രണ്ട് ടീമുകളും ഗോൾ മാത്രം കണ്ടില്ല. കടുത്ത ബലപരീക്ഷണം. ഇംഗ്ലണ്ടിന് ജയം അനിവാര്യം. അർജന്റീനയ്ക്ക് പരാജയം ഓർക്കാൻപോലും പറ്റില്ല. വിശ്രമവേളയിൽ മറഡോണ കളിക്കാരോട് പറഞ്ഞു. “നമുക്കു ജയിക്കാം, അവരെ ഭയക്കാതെ കളിക്കണം. നമ്മുടെ രാജ്യത്തെ യുദ്ധത്തിൽ തോൽപ്പിച്ചവരോട് പകരം ചോദിക്കണം” 60-ാം മിനിറ്റിൽ മറഡോണയുടെ ഗോൾ ഇംഗ്ലണ്ടിന്റെ പോസ്റ്റിൽ കടന്നുകയറി. കരുത്തനായ ഗോളി പീറ്റർ ഷീൽട്ടൺ വിയർത്തുപോയി. ടുണീഷ്യക്കാരൻ റഫറിയുടെ ലോങ് വിസിലിൽ പന്ത് സെൻട്രൽ സർക്കിളിൽ. ഇംഗ്ലീഷുകാർ വാദിച്ചു “അത് ഹാന്റ്ബോളാണ് “റഫറി വഴങ്ങിയില്ല. കളിതുടർന്ന് ആറ് മിനിറ്റ് നേരം കൊണ്ട് മറഡോണതന്നെ മറ്റൊരു ഗോൾ നേടി. അത് ലോകോത്തര ഗോൾ ആയിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ഏറ്റവും മനോഹര ഗോളായി അത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു. ലോകഫുട്ബോൾ ചരിത്രത്തിൽ രേഖപ്പെടുത്തിയ രണ്ട് ഗോളുകളാണ് 20-ാം നൂറ്റാണ്ടിലെ മികച്ചഗോളുകൾ. അതിൽ ഒരു ഗോൾ പെലെയുടെ പേരിലാണ്. മറഡോണ നേടിയ ഗോൾ അതിസാഹസികമായ മുന്നേറ്റത്തിലൂടെയായിരുന്നു. ഇംഗ്ലണ്ട് ടീമിന്റെ കൂടാരത്തിലേക്ക് മഹാഭാരതത്തിലെ അഭിമന്യുവിനെപ്പോലെ കയറിയാണ് അവരുടെ ലോകോത്തര ഡിഫൻസിനെ പിച്ചിച്ചീന്തിക്കൊണ്ട് മനോഹരഗോൾ നേടിയത്. അർജന്റീനയുടെ പകുതിയിൽ നിന്നും പന്ത് സ്വീകരിച്ച് ആറു എതിരാളികളെ കറക്കിയെടുത്ത് യാഗാശ്വം പോലെ മുന്നോട്ട് കുതിച്ചപ്പോൾ ഗോളി ഷീൽട്ടണും ആരെയും കാലുകുത്താൻ അനുവദിക്കാത്ത പ്രതിരോധഭടന്മാരായ ബ്യൂച്ചറിനും സ്റ്റീവൻസനിനും ഇടയിലൂടെ നേടിയ വിസ്മയഗോൾ ചരിത്ര നിയോഗമായി. കളി ജയിച്ചപ്പോൾ അർജന്റീനയിലെ ജനങ്ങൾ ആഹ്ലാദനൃത്തം ചവിട്ടി. ഫോക് ലാന്റ്സ് യുദ്ധത്തിൽ അർജന്റീനയെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ടിനോടുള്ള പ്രതികാരമായി ഈ ഫുട്ബോൾ വിജയത്തെ അവർ കണ്ടു. ആ യുദ്ധത്തിൽ അർജന്റീനയുടെ സൈന്യത്തെ നയിച്ചു യുദ്ധം ജയിച്ച നായകനായി അവർ മറഡോണയെ കാണുന്നു.

ഇംഗ്ലണ്ടിനെതിരെ നേടിയ ഗോൾ വിവാദമായി. മറഡോണയുടെ കൈപ്രയോഗമാണ് ഗോളെന്ന് ആരോപണം ഉയർന്നിരുന്നു. അന്ന് ഗോ­­ൾ ലൈൻ ടേ­ക്നോ­ളജിയും മറ്റു സാങ്കേതിക വിവരങ്ങളം ലഭ്യമല്ല. റഫറിയുടെ തീരുമാനം അംഗീകരിച്ചു. എന്നാൽ ഈ സംഭവം മറഡോണയെ വേദനിപ്പിച്ചിരുന്നു എന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തി. കളി കഴിഞ്ഞു പത്രക്കാർ മറഡോണയെ കണ്ടു വിവരം തിരക്കി. അദ്ദേഹത്തിന്റെ മറുപടി പിന്നീട് ചർച്ചയായി . “ദൈവത്തിന്റെ കയ്യും എന്റെ തലയും” എന്നാണ് അദ്ദേഹം പറഞ്ഞത്. നടന്ന സംഭവം വളരെ കാലത്തിന് ശേഷം അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ടച്ച് ലൈനിൽ നിന്നും പെനാൽറ്റി ഏരിയയിലേക്ക് ഉയർന്നുവന്ന പന്തിന് വേണ്ടി മറഡോണ ഉയർന്നു ചാടി. അദ്ദേഹത്തെക്കാൾ ഉയരത്തിൽ ഗോളിയും തലകൊണ്ട് പന്ത് കണക്ട് ചെയ്യാൻ പറ്റിയില്ല. അപ്പോൾ പെട്ടെന്ന് തോന്നിയത് കൈപ്രയോഗം നടത്താനാണ്. അത് പോസ്റ്റിലെത്തി, ടുണീഷ്യക്കാരൻ റഫറി കണ്ടില്ല. അദ്ദേഹം ഗോൾ ആയി അംഗീകരിച്ചു. ഇത് മനസിനെ നയിച്ച കുറ്റബോധമായി. അതിന്റെ വാശിയിലാണ് രണ്ടും കൽപ്പിച്ച് നേടിയ രണ്ടാമത്തെ ഗോൾ. മറഡോണയുടെ ജീവിതം സംഘർഷഭരിതമായത്, മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് അദ്ദേഹത്തിന്റെ ഫുട്ബോൾ ജീവിതം തകർത്തത്. അമേരിക്കൻ ലോകകപ്പിലാണ് സംഭവം നടന്നത്. ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന പേരിലാണ് മറഡോണ പുറത്താക്കപ്പെടുന്നത്. അതോടെ ലോകനായകന്റെ ഇടക്കാല പതനമായി. സത്യത്തിൽ ആ സംഭവത്തിൽ ചതിനടന്നുവെന്നും വാർത്തയുണ്ടായി. തുടർന്നു മയക്കുമരുന്നിന്റെ മയക്കത്തിൽ വീണതും ക്യൂബൻ ഭരണാധിപനായ ഫീഡൽകാസ്ട്രോ രക്ഷപ്പെടുത്തിയെടുത്തതും മദ്യത്തിനും മയക്ക് മരുന്നിനുമെതിരെയുള്ള ലോക സംഘടനയുടെ നായകനാക്കിയതും തുടർക്കഥ. പക്ഷെ ലോകമാകെ ഫുട്ബോൾ ആരാധകരുടെ പ്രവാഹമായിരുന്നു. മറഡോണ ഒരു പോരാളിയും പട്ടിണിക്കാരുടെ തോഴനുമായിരുന്നു. സാമ്രാജ്യത്തിന്റെ ശത്രുവും മനുഷ്യാവകാശപോരാട്ടത്തിലെ നായകനുമായിരുന്നു.

1960 ഒക്ടോബർ 30ന് അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ ചേരിയിൽ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച ഡീഗോ അർമാന്റോ മറഡോണ 2020 നവംബർ 25നാണ് ഓർമ്മയായത്. ബാഴ്സലോണയുൾപ്പെടെയുള്ള പ്രൊഫഷണൽ ക്ലബ്ബുകളിൽ പ്രധാന കളിക്കാരനും ആകാലത്തെ ഏറ്റവും വിലകൂടിയ താരവുമായിരുന്നു. ജീവിതകാലത്ത് മുഴുവൻ നീതിക്കു വേണ്ടിയുള്ള പോരാളി കൂടിയായിരുന്നു. കേരളം കാണാൻ അദ്ദേഹം വന്നിരുന്നു. കണ്ണൂർ സ്റ്റേഡിയത്തിൽ കേരളത്തിന്റെ കറുത്ത മുത്ത് ഐ എം വിജയനോടോപ്പം ഒരു പൊതുപരിപാടിയിൽ പങ്കെടുത്തത് ജനങ്ങളുടെ മനസിൽ മായാത്ത ഓർമ്മയാണ്.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.