തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പോഷ് ആക്ട് പ്രകാരം സംസ്ഥാനത്തെ 95 സര്‍ക്കാര്‍ വകുപ്പുകളിലെ പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 2023 ജനുവരിയിലാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് എതിരേയുള്ള ലൈംഗികാതിക്രമം തടയുന്നതിനായി, പോഷ് ആക്ട് പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പോഷ് പോര്‍ട്ടല്‍ ആരംഭിച്ചത്. ആ ഘട്ടത്തില്‍ നാമമാത്രമായ വകുപ്പുകളിലും ആയിരത്തോളം സ്ഥാപനങ്ങളിലും മാത്രമായിരുന്നു നിയമപ്രകാരം ഇന്റേണല്‍ കമ്മിറ്റികള്‍ ഉണ്ടായിരുന്നത്.
എന്നാല്‍ പരമാവധി സ്ഥാപനങ്ങളില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന് 2024 ഓഗസ്റ്റില്‍ വകുപ്പ് ജില്ലാ അടിസ്ഥാനത്തില്‍ കാമ്പയിന്‍ ആരംഭിച്ചു. കാല്‍ ലക്ഷത്തോളം സ്ഥാപനങ്ങളാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീകളുടെ ഉന്നമനത്തോടൊപ്പം അവര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷവും ഉറപ്പാക്കാനാണ് വനിതാ ശിശു വികസന വകുപ്പ് പരിശ്രമിക്കുന്നത്.
സംസ്ഥാനത്തെ പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും നിയമപ്രകാരം ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം ഐടി പാര്‍ക്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയും ഐസി കമ്മിറ്റികളുള്ള സ്ഥാപനങ്ങളാക്കി മാറ്റാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.