21 November 2024, Thursday
KSFE Galaxy Chits Banner 2

തനിനിറം വെളിപ്പെടുത്തുന്ന പൊള്ളയായ സര്‍വേ

Janayugom Webdesk
July 23, 2024 5:00 am

രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞുവെന്നും സാമ്പത്തിക മേഖല സുസ്ഥിരമെന്നും അവകാശപ്പെട്ടുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ. 6.5 മുതല്‍ ഏഴ് ശതമാനം വരെയാണ് അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന മൊത്ത ആഭ്യന്തര ഉല്പാദന(ജിഡിപി)മെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച സര്‍വേ അവകാശപ്പെടുന്നു. നികുതി വരുമാനത്തിലെ വർധനവ്, ചെലവ് നിയന്ത്രണം, ഡിജിറ്റലൈസേഷൻ എന്നിവ സന്തുലിത സാമ്പത്തിക സമീപനം കൈവരിക്കാൻ രാജ്യത്തെ സഹായിച്ചുവെന്നും, 2024 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ബാങ്കിങ്, സാമ്പത്തിക മേഖലകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും സര്‍വേ അവകാശപ്പെട്ടു. പണപ്പെരുപ്പം കുറഞ്ഞുവെന്ന നട്ടാല്‍ക്കുരുക്കാത്ത നുണയും ധനമന്ത്രാലയത്തിന്റെ പ്രസ്താവത്തിലുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നയപരമായ ഇടപെടലുകളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടികളും കാരണം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റീട്ടെയിൽ പണപ്പെരുപ്പം 5.4 ആയി നിലനിർത്തിയെന്നും ഇത് കോവിഡിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണെന്നുമാണ് മറ്റൊരു അവകാശവാദം. ചരക്കുകളുടെയും സേവനങ്ങളുടെയും അടിസ്ഥാന പണപ്പെരുപ്പം കുറഞ്ഞുവെന്നും പറയുന്നു. ഇത് സര്‍ക്കാര്‍ തന്നെ കഴിഞ്ഞദിവസങ്ങളില്‍ വെളിപ്പെടുത്തിയ കണക്കുകള്‍ക്ക് വിരുദ്ധമാണ്. ജൂലൈ 12ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം, റീട്ടെയിൽ പണപ്പെരുപ്പം ജൂണിൽ 5.08 ശതമാനമായി ഉയർന്നു. മേയിലെ 4.80 ശതമാനത്തില്‍ നിന്നാണ് നാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചതെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്. ഭക്ഷ്യവിലപ്പെരുപ്പം എട്ട് ശതമാനത്തിലധികം രേഖപ്പെടുത്തുന്ന തുടർച്ചയായ എട്ടാം മാസമാണ് ജൂൺ എന്നും സ്ഥിതിവിവരക്കണക്ക് പദ്ധതി നിര്‍വഹണ മന്ത്രാലയത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തിയിരുന്നു.


ഇതുകൂടി വായിക്കൂ: സമ്പത്തിന്റെയും വരുമാനത്തിന്റെയും പുനര്‍വിതരണം ഭരണഘടനാ ലക്ഷ്യം


ആർബിഐയും അ­ന്താരാഷ്ട്ര നാണയ നിധിയും രാജ്യത്തിന്റെ ഉപഭോക്തൃ വില പണപ്പെരുപ്പത്തെക്കുറിച്ച് നടത്തി­യ പ്രവചനങ്ങളുടെ ചുവടുപിടിച്ചാണ് സാമ്പത്തിക സർവേയെന്ന് വ്യക്തം. നയപരമായ തടസങ്ങൾ നീക്കി ഒരു പ്രധാന വളർച്ചാ ചാലകമെന്ന നിലയിൽ കൃഷിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക സർവേ പറയുന്നു. നിലവില്‍ മോഡി സര്‍ക്കാരിന്റെ കാര്‍ഷികനയങ്ങള്‍ കൃഷിയെ കോര്‍പറേറ്റ്‌വല്‍ക്കരിക്കുന്നതിനു വേണ്ടിയുള്ളതാണ്. അതിനെതിരെ 2000 മുതല്‍ രാജ്യത്തെ കര്‍ഷകര്‍ ദേശവ്യാപക പ്ര­ക്ഷോഭത്തിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കര്‍ഷകവിരുദ്ധത കാരണമായെന്ന് തിരിച്ചറിഞ്ഞ് നയമാറ്റം വരുത്തുമോ കുത്തകക്കൃഷി പ്രോത്സാഹനമാണോ സര്‍ക്കാര്‍ നടത്തുക എന്ന് കാത്തിരുന്ന് കാണണം. ദീർഘകാല വരുമാനസ്ഥിരത ഉറപ്പാക്കുന്നതിന് പ്രധാന എണ്ണക്കുരുക്കളുടെ ഉല്പാദനം വർധിപ്പിക്കുന്നതിനും പയറുവർഗങ്ങളുടെ കൃഷി വിപുലീകരിക്കുന്നതിനും പ്രത്യേക വിളകൾക്കായി ആധുനിക സംഭരണ ​​സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും കേന്ദ്രീകൃതമായ ശ്രമങ്ങൾ നടത്താൻ സർവേ നിർദേശിക്കുന്നുണ്ട്. രാജ്യത്തേക്ക് എത്തുന്ന വിദേശ നാണ്യം 3.7ശതമാനം വർധിച്ച് 2024ൽ 1,240 കോടി ഡോളറും 25ൽ നാല് ശതമാനം വര്‍ധിച്ച് 1,290 കോടി ഡോളറും ആകുമെന്ന പ്രതീക്ഷയും പുലര്‍ത്തുന്നു. യഥാര്‍ത്ഥത്തില്‍ വിദേശനാണ്യശേഖരം ഇടിയുകയാണെന്ന് ജൂലെെ ആദ്യവാരം പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതനുസരിച്ച് ജൂൺ 28ന് അവസാനിച്ച ആഴ്ചയിൽ 170 കോടി ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യം ഇടിയുന്നതും ഇറക്കുമതി ചെലവ് വർധിക്കുന്നതുമാണ് വിദേശനാണ്യ ശേഖരം കുറയാൻ കാരണമായത്.


ഇതുകൂടി വായിക്കൂ: ഭയപ്പെടുത്തുന്ന പണക്കൊഴുപ്പ്


പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെയും ഗ്രാമീണരെയും ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള സാമൂഹ്യ ക്ഷേമ പരിപാടികളുടെ പ്രാധാന്യം സര്‍വേ ഊന്നിപ്പറയുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയും വിഭവങ്ങളിലേക്ക് തുല്യമായ പ്രവേശനവും ഉറപ്പാക്കുന്നതിനുള്ള വെല്ലുവിളികളെയും എടുത്തുപറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതു രണ്ടും മോഡി സര്‍ക്കാര്‍ ചവറ്റുകുട്ടയില്‍ എറിഞ്ഞവയാണ്. നിലവിലുണ്ടായിരുന്ന സാമൂഹ്യക്ഷേമ പദ്ധതികളെ ഘട്ടംഘട്ടമായി കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇല്ലാതാക്കി. പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷ്യസബ്സിഡി പോലും നിര്‍ത്തലാക്കിയവര്‍ എങ്ങനെയാവും പുതിയ സാമൂഹ്യ ക്ഷേമ പദ്ധതികളുണ്ടാക്കുക എന്ന് കണ്ടറിയേണ്ടി വരും. അതേസമയം മോഡി സര്‍ക്കാരിന്റെ തനിനിറം വെളിപ്പെടുത്തുന്ന വ്യക്തമായ നിര്‍ദേശവും സര്‍വേയിലുണ്ട്. സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിന് സ്വകാര്യ മേഖലയിലെ നിക്ഷേപം വർധിപ്പിക്കുന്നതിന് ഊന്നൽ നൽകേണ്ടത് പ്രധാനമാണെന്നാണ് സർവേ അഭിപ്രായപ്പെടുന്നത്. സര്‍ക്കാരിന്റെ നയമായ സ്വകാര്യവല്‍ക്കരണവും പൊതുമേഖലയുടെ വില്പനയും ത്വരിതപ്പെടുത്തുമെന്നു തന്നെയാണിത് അടിവരയിടുന്നത്. തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിലും സ്വയംതൊഴിലെടുത്ത് ജീവിക്കണമെന്ന ആഹ്വാനമല്ലാതെ പൊതുമേഖലയില്‍ തൊഴിലവസരം ഒരുക്കേണ്ടതില്ല എന്നും പറഞ്ഞിട്ടുണ്ട്. തൊഴിൽ നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളർച്ചയ്ക്കും വിപുലീകരണത്തിനും മുൻഗണന നൽകേണ്ടത് തന്ത്രപ്രധാനമാണ് എന്നാണ് സര്‍വേയിലുള്ളത്. ചുരുക്കത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തെ മോഡി ഭരണത്തിന്റെ നയങ്ങളില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നും രാജ്യം പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നത്.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.