2 March 2026, Monday

Related news

March 2, 2026
February 1, 2026
August 22, 2025
April 7, 2025
March 11, 2025
February 10, 2025
October 3, 2024
June 3, 2024
January 23, 2024
January 21, 2024

ഓഹരി വിപണിയിൽ വൻ തകർച്ച; രൂപയുടെ മൂല്യത്തിലും വന്‍ ഇടിവ്

Janayugom Webdesk
മുംബൈ
March 2, 2026 9:33 pm

പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരികൊണ്ടതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ സെൻസെക്സും നിഫ്റ്റിയും ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ആഗോള വിപണിയിലുണ്ടായ ആശങ്കകൾ ഇന്ത്യൻ വിപണിയെയും ചുവപ്പണിയിച്ചു.
സെൻസെക്സ് 1,048 പോയിന്റിലധികം ഇടിഞ്ഞ് 80,239 എന്ന നിലയിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 313 പോയിന്റ് നഷ്ടത്തിൽ 24,866 എന്ന നിലയിലെത്തി. ഇരു സൂചികകളും ഏകദേശം 1.2 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. ഒറ്റദിവസത്തെ വിപണി തകർച്ചയിലൂടെ നിക്ഷേപകരുടെ സമ്പത്തിൽ 6.5 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. 

പശ്ചിമേഷ്യയിൽ ആരംഭിച്ച പുതിയ യുദ്ധസാഹചര്യമാണ് വിപണിയെ ഉലച്ചത്. എണ്ണവില വര്‍ധിക്കുമെന്ന ആശങ്കയും നിക്ഷേപകർ ഓഹരികൾ വൻതോതിൽ വിറ്റഴിക്കാൻ കാരണമായി. പശ്ചിമേഷ്യയിലെ യുഎസ്, ഇസ്രയേൽ സൈനിക നീക്കങ്ങൾ ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന ഭീതി വിപണിയിൽ നിഴലിച്ചു. വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിച്ചത് വിപണിയുടെ പതനം വേഗത്തിലാക്കി. സ്വർണ്ണവില ഉയരുന്നതും വിപണിയിലെ അസ്ഥിരതയും വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു.

വിപണിയിലെ പ്രമുഖ ഓഹരികളെല്ലാം വലിയ ഇടിവ് നേരിട്ടു. നിർമ്മാണ മേഖലയിലെ പ്രമുഖരായ എൽ ആൻഡ് ടി അഞ്ച് ശതമാനത്തോളം ഇടിഞ്ഞു. അഡാനി പോർട്സ് ഓഹരികൾ മൂന്ന് % നഷ്ടം രേഖപ്പെടുത്തി. ഐടി, ബാങ്കിങ്, ഓട്ടോമൊബൈൽ മേഖലകളിലും വലിയ തോതിൽ വിറ്റഴിക്കൽ നടന്നു.
രൂപയുടെ മൂല്യത്തിലുണ്ടായ വന്‍ ഇടിവാണ് മറ്റൊരു ഘടകം. രൂപയുടെ മൂല്യം ഡോളറിനെതിരെ 91 കടന്നു. 91.26 എന്ന നിലവാരത്തിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. രൂപ ദുര്‍ബലമാകുന്നത് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ കാരണമാവുകയും കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് വര്‍ധിപ്പിക്കുകയും ചെയ്യും. ആര്‍ബിഐയുടെ അടിയന്തര ഇടപെടല്‍ വിപണി ഇപ്പോള്‍ പ്രതീക്ഷിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar