20 December 2024, Friday
KSFE Galaxy Chits Banner 2

മാനയില്‍ നിന്ന് മനയിലേക്ക് ഒരു കത്ത്

Janayugom Webdesk
January 15, 2023 7:30 am

ന്ത്യയിലെ അവസാന ഗ്രാമമായ മാനയില്‍ നിന്ന് ഇനി ഒരു കത്തെഴുതാന്‍ തനിക്ക് കഴിയുമോ എന്ന് നൂറ്റിനാലു വയസു പൂര്‍ത്തീകരിച്ച ചിത്രൻ നമ്പൂതിരിപ്പാടിന് നിശ്ചയമില്ല. മുപ്പതു തവണയാണ് പര്‍വതരാജാവായ ഹിമവാന് മുകള്‍ത്തട്ടില്‍ ചിത്രന്‍ നമ്പൂതിരിപ്പാട് എത്തിയത്. അത്രമേല്‍ ഹരമായിരുന്നു നമ്പൂതിരിപ്പാടിന് ഹിമാലയന്‍ യാത്ര. ചിത്രന്‍ നമ്പൂതിരിപ്പാടിനോട് സംസാരിക്കുകയെന്നാല്‍ ചരിത്ര പുസ്തകത്തിലൂടെ സാഹസികമായി സഞ്ചരിക്കുകയെന്നാണ്. പന്തിഭോജനവും, ഗുരുവായൂർ സത്യഗ്രഹവും, അർധരാത്രിയിലെ സ്വാതന്ത്ര്യവും, ഗാന്ധിജിയുടെ ചിതാഭസ്മ നിമജ്ജനവുമെല്ലാം ചിന്തയുടെ ഒരൊറ്റ ചട്ടക്കൂടിൽ വിന്യസിക്കപ്പെടും. ഓര്‍മ്മയുടെ പുസ്തകത്തില്‍ പൊടിപിടിച്ചു കിടന്ന ഏടുക്കള്‍ നമ്പൂതിരിപ്പാട് തുടച്ചു വൃത്തിയാക്കിയെടുത്തു. അധ്യാപകനായും ജില്ലാ വിദ്യാഭ്യാസ ഓഫീസറായും പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറായും, കോളജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനിയറിങ് ആന്റ് ടെക്നോളജിയുടെ അധ്യക്ഷനായും, കേരള കലാമണ്ഡലത്തിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ചിത്രന്‍ നമ്പൂതിരിപ്പാട് സ്ഫുടമായ ഭാഷയില്‍ സംസാരിച്ചു തുടങ്ങി…

പന്തിഭോജനം

ഉച്ചനീചത്വങ്ങൾ കൊടികുത്തിവാണിരുന്ന കാലം. നമ്പൂതിരിമാരെല്ലാം പരമ്പരാഗത വിദ്യാഭ്യസത്തിനെ അനുകൂലിക്കുന്നവരാണ്. എന്നാൽ, ഇംഗ്ളീഷ് പഠനവും ആധുനിക വിദ്യാഭ്യാസവും എല്ലാവർക്കും ലഭിയ്ക്കാൻ പ്രയത്നിക്കുന്ന യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങളെ ഞങ്ങൾ പിന്തുണച്ചു. സാമൂഹിക സമത്വം കൊണ്ടുവരാൻ അതിനിടെ പന്തിഭോജനം എന്ന ഒരു വിപ്ലവത്തിനു യോഗക്ഷേമ സഭ തുടക്കമിട്ടു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വള്ളുവനാട്ടിൽ വേരോട്ടമുണ്ടാക്കിയ ഐസിപി നമ്പൂതിരിയായിരുന്നു പന്തിഭോജനത്തിന്റെ അമരക്കാരൻ. ഒറ്റപ്പാലത്തുകാരനായ അദ്ദേഹം ഇഎംഎസിന്റെയും വി ടി ഭട്ടതിരിപ്പാടിന്റെയും അടുത്ത സഹപ്രവർത്തകനായിരുന്നു. ഹരിജനങ്ങൾ ഉൾപ്പെടെയുള്ള സകല ജാതിക്കാരും ഇടകലർന്നിരുന്നു കഴിയ്ക്കുന്ന സദ്യയാണ് പന്തിഭോജനം. ഇല്ലങ്ങളെല്ലാം പൊതുവെ അതിന് എതിരായിരുന്നു. അതിനാൽ പന്തിഭോജനം നടത്തിയ എന്നെയും കൂട്ടുകാരെയും കാരണവന്മാർ പ്രായശ്ചിത്തക്കാരായി പ്രഖ്യാപിച്ചു. ക്ഷേത്രങ്ങളിലും നമ്പൂതിരി ഭവനങ്ങളിലും സാമൂഹിക പരിപാടികളിലും വിലക്കു കല്പിച്ചു. ഒരുമിച്ചു ഭക്ഷണം കഴിയ്ക്കുകയോ കർമ്മങ്ങൾ ചെയ്യുകയോ പാടില്ലെന്നു വിധിച്ചു. പ്രായശ്ചിത്തം ചെയ്യാൻ ഞാൻ തയ്യാറല്ലായിരുന്നു. തുടർന്ന് ഒരു അമ്പലത്തിൽ നടന്ന സദ്യയിൽ ഉണ്ണാൻ ഇരുന്നപ്പോൾ എനിയ്ക്കു മാത്രം ചോറ് വിളമ്പിയില്ല. മാത്രവുമല്ല കയ്യും കാലും ബന്ധിച്ചു സദ്യ തീരുന്നതു വരെ നിലത്തു കിടത്തി. ഞാൻ ഒരിക്കലും പ്രായശ്ചിത്തം ചെയ്തില്ല. യോഗക്ഷേമ സഭയുമായി സഹകരിച്ചു പ്രവർത്തിക്കുക തന്നെ ചെയ്തു!

 

ഗുരുവായൂർ സത്യാഗ്രഹം

അയിത്താചാരങ്ങൾക്കെതിരെ 1931‑ൽ ആരംഭിച്ച സമരമാണ് ഗുരുവായൂർ സത്യഗ്രഹം. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഉദ്ദേശ്യത്തോടെ വെള്ളക്കാർ ജാതിവ്യവസ്ഥയെ പ്രോത്സാഹാപ്പിച്ചുകൊണ്ടിരുന്നു. ക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്ന ആവശ്യം ടെമ്പ്ൾ ട്രസ്റ്റി ആയിരുന്ന കോഴിക്കോട് സാമൂതിരി നിരസിച്ചപ്പോഴാണ് സത്യഗ്രഹമിരിയ്ക്കാൻ പി കൃഷ്ണപിള്ള, മന്നത്തു പദ്മനാഭൻ മുതലായവർ ഉൾപ്പെടെയുള്ള നേതാക്കൾ തീരുമാനിച്ചത്. 92 വർഷം മുന്നെ നടന്ന സംഭവമാണെങ്കിലും, ഗുരുവായൂർ കിഴക്കെ നടയിലെ ഓലപ്പന്തലിൽ കേളപ്പജി വളരെ ക്ഷീണിതനായി ഇരിയ്ക്കുന്ന ദൃശ്യം ഇപ്പോഴും മനസ്സിലുണ്ട്. ചുറ്റും കുറെ പേർ വേറെയുമുണ്ട്. എകെജി യാണ് സമരക്കാർക്ക് നിർദ്ദേശങ്ങൾ കൊടുത്തിരുന്നത്. എകെജി യെയും കേളപ്പജിയേയും അവിടെ വച്ചാണ് ആദ്യം നേരിൽ കണ്ടത്. ക്ഷേത്ര സന്ദർശനത്തിനാണെന്നു പറഞ്ഞാണ് ട്യൂഷൻ മാഷുടെ കൂടെ ഇല്ലത്തു നിന്ന് ഇറങ്ങിയത്. ജാതിഭേദമന്യേ ക്ഷേത്രപ്രവേശം അനുവദിച്ചു കിട്ടാൻ പിന്നെയും നാലഞ്ചു കൊല്ലം കാത്തിരിക്കേണ്ടി വന്നെങ്കിലും നവോത്ഥാന ചരിത്രത്തിലെ തിളക്കമേറിയ ഒരു അധ്യായമായി ആ സമരം മാറി.

സ്വാതന്ത്ര്യം അർധരാത്രിയിൽ

മദ്രാസിൽ നിന്നു പഠനം പൂർത്തിയാക്കിയതിനു ശേഷം ഞാന്‍ ജന്മനാട്ടിൽ തിരിച്ചെത്തി. അക്കാലങ്ങളിൽ ഭരണം ഇന്ത്യയ്ക്ക് കൈമാറാനുള്ള ചർച്ചകൾ സജീവമായിരുന്നു. നമുക്ക് സ്വാതന്ത്ര്യം ലഭിയ്ക്കാൻ പോകുന്നുവെന്ന വാർത്ത കേട്ടപ്പോൾ തന്നെ ഞങ്ങൾ പ്രകമ്പനം കൊള്ളാൻ തുടങ്ങിയിരുന്നു. 1947 ആഗസ്റ്റ് 14 ന് അർദ്ധരാത്രിയിൽ ഗ്രാമത്തിലെ വായനശാലയിൽ ഞങ്ങൾ ഒത്തുകൂടി. പെട്രോമാക്സ് വെളിച്ചത്തിന്റെ വെളിച്ചത്തില്‍ മുഖത്തോടു മുഖം നോക്കി റേഡിയോ വാർത്തകൾ കേട്ടുകൊണ്ടിരുന്നു. പെട്ടെന്നാണ് ‘ഉറങ്ങിക്കിടക്കുന്ന രാഷ്ട്രം ഉണരുന്നു’ എന്ന വാക്കുകൾ കേട്ടത്. നെഹ്റുവിന്റെ ശബ്ദം. പ്രസംഗം കഴിഞ്ഞ ഉടനെ ഞങ്ങൾ റോഡിലിറങ്ങി ആർപ്പു വിളിയ്ക്കാൻ തുടങ്ങി. ഉറങ്ങിക്കിടന്നിരുന്നവരെല്ലാം ഉണർന്നു. ആഹ്ളാദം എല്ലാവരും ഒരുമിച്ചു പങ്കിട്ടു… എന്തൊരു ആവേശമായിരുന്നെന്നറിയാമോ!

ഗാന്ധിജിയുടെ ചിതാഭസ്മം ഏറ്റുവാങ്ങി 

കേളപ്പജിയുടെ നേതൃത്വത്തിലാണ് ഗാന്ധിജിയുടെ ചിതാഭസ്മം കേരളത്തിലേയ്ക്കു കൊണ്ടുവന്നത്. തിരുനാവായയിൽ നിമജ്ജനം ചെയ്യാനായിരുന്നു തീരുമാനം. നിമജ്ജനത്തിനു സാക്ഷ്യം വഹിക്കാൻ ഞങ്ങളെല്ലാവരും തിരുനാവായയിൽ പോയി. ചിതാഭസ്മവുമായെത്തിയ കേളപ്പജിയെ മുതിർന്ന നേതാക്കൾ മാലയിട്ടു സ്വീകരിച്ചു. അവരിലൊരാൾ എന്നോട് ചിതാഭസ്മമുള്ള കുടം കേളപ്പജിയിൽ നിന്ന് സ്വീകരിക്കാൻ പറഞ്ഞു. ഉടനെ ഞാൻ അത് ഏറ്റുവാങ്ങി ശിരസ്സിലേറ്റി നിളയുടെ തീരത്തേയ്ക്കു നടന്നു. എല്ലാവരും കൂടെയുണ്ട്. നിർദ്ദശപ്രകാരം നിമജ്ജനയിടത്ത് ഞാൻ ചിതാഭസ്മക്കുടം ഇറക്കി വെച്ചു. പ്രതീക്ഷിക്കാതെ കൈവന്ന ഈ ഭാഗ്യം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ധന്യതയായി ഞാൻ കരുതുന്നു!

 

ഹിമാലയം ഒരു ലഹരി 

ഹിമവാനെ നിരന്തരം തൊട്ടുവണങ്ങുന്നത് ഒരു ലഹരിയാണ്. ഹിമത്താൽ തണുത്തുറഞ്ഞ ആ മഹാമേരുവിന്റെ ഹൃദയതാളം 2200 കിലോമീറ്റർ അകലെയുള്ള ഇല്ലത്തിരുന്ന് ഞാൻ അറിയുന്നു. സമുദ്രനിരപ്പിൽനിന്നും ശരാശരി 9000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന, പൂജ്യത്തിനു താഴെ തണുപ്പുള്ള ഹിമശൈല സാനുക്കളുടെ ഹൃദയസ്‌പന്ദനം എനിയ്ക്ക് ഇവിടെയിരുന്നാലും അറിയാം. മൂന്നു ദശാബ്‌ദം നിരന്തരമായി കണ്ട ദൃശ്യങ്ങളാണ് ഉള്ള് നിറയെ. ആ അനുഭവങ്ങൾക്ക് സമാനതകളില്ല. 2019‑ലെ സഞ്ചാരം കഴിഞ്ഞു മടങ്ങുമ്പോൾ എന്നെ ഗ്രഹിച്ച തീവ്രമായൊരു മോഹമായിരുന്നു, ജീവനുണ്ടെങ്കിൽ മുപ്പത്തിയൊന്നാം തവണ ഹിമപർവ്വതം കയറണമെന്ന്. എന്നാൽ, കോവിഡ് മഹാമാരി എല്ലാം തകർത്തു. മുപ്പതു വർഷം തുടർച്ചയായി ഹിമാലയ പർവ്വതനിരകൾ കയറിയിറങ്ങാൻ എനിക്കു കഴിഞ്ഞു. വയസല്ല, എന്നെ ഇപ്പോൾ തോൽപ്പിച്ചത് കൊറോണയാണ്. പക്ഷെ, കൊറോണയ്ക്ക് യാത്രകൾ മാത്രമാണ് മുടക്കാൻ കഴിഞ്ഞത്. ഹിമാലയത്തോടുള്ള എന്റെ അഭിനിവേശത്തിന് ഭംഗം വരുത്താൻ ഒരു വൈറസിനും കഴിയില്ല.

ഉൾവിളിയാണ് പ്രേരണ

വിശ്വാസികൾക്ക് ആരാധനാലയങ്ങളിൽ പോകാൻ തോന്നാറില്ലേ? അതുപോലെയുള്ള ഒരു ഉൾപ്രേരണയാണിത്. ഈ ഉൾവിളി വരുമ്പോൾ തടസ്സങ്ങൾക്കൊന്നും അവിടെ പ്രസക്തിയില്ലാതെയാകുന്നു. മഞ്ഞും മഴയും പ്രായവുമെല്ലാം വഴിമാറുന്നു. കൃഷ്ണഭക്തനായിരുന്നതിനാൽ എന്റെ പിതാവ് എല്ലാ മാസവും ഗുരുവായൂർ ക്ഷേത്രത്തിൽ പോയിരുന്നു, പകരം ഞാൻ എല്ലാ വർഷവും ഹിമാലയത്തിൽ പോകുന്നുവെന്ന വ്യത്യാസമേയുള്ളൂ! എത്ര അറിഞ്ഞാലും വീണ്ടും അറിയാനും, എത്ര കണ്ടാലും വീണ്ടും കാണാനും എത്രയോ സംഗതികൾ ബാക്കി നിൽക്കുന്ന മറ്റൊരിടം ഭൂമിയിൽ ഉണ്ടെന്നു തോന്നുന്നില്ല. ഓരോ യാത്രയുടെ അവസാനത്തിലും, അടുത്ത യാത്രയിൽ അനുഭവിച്ചും കണ്ടും അറിയാൻ ഒട്ടേറെ ബാക്കിവച്ചാണ് മടങ്ങുക. അതിനാൽ തിരികെ എത്തിയാലുടനെ അടുത്ത യാത്രയെക്കുറിച്ച് ചിന്തിച്ചു തുടങ്ങും.

കണ്ടുതീരാത്ത ഹിമാലയം

ഹിമാലയം ആർക്കും കണ്ടുതീർക്കാനാവില്ല. ഒരേ ലൊക്കേഷനിൽ നിന്നു നോക്കിയാൽതന്നെ ഓരോ വർഷവും കാണുന്ന ദൃശ്യഭംഗി ഒരുപോലെയല്ല. അതിനു കാരണം ഹിമവാന്റെ ബാഹ്യഭംഗി പരിവർത്തനാത്മകമായതിനാലാണ്. മതിയായി എന്നൊരു തോന്നൽ, അല്ലെങ്കിൽ, ഇനിയവിടെ അറിയാനായി ഒന്നുമില്ല, കാണാനായി ഒന്നുമില്ല എന്ന അവസ്ഥ ഒരിക്കലും ഇണ്ടാകുന്നില്ല. മറിച്ച്, കൂടുതൽ കൂടുതൽ അറിയാനുള്ള ഒരു ത്വര യാത്രക്കാരനിൽ വളരുന്നു. അതിനാലാണ് വീണ്ടും വീണ്ടും ഹിമാലയ യാത്രക്കൊരുങ്ങുന്നത്.

യാത്രികനെ സാത്വികനാക്കുന്നു

സാത്വികതയുടെ ഉച്ചസ്ഥിതിയിലെത്തിയെന്നൊരു അവബോധമാണ് ഒരു സഞ്ചാരിക്ക് ഹിമാലയമെന്ന മാസ്മര ഭൂമികയിലെത്തിയാൽ ലഭ്യമാകുന്നത്. പദവികൊണ്ടോ പണംകൊണ്ടോ എത്ര വലിയവനാണെങ്കിലും ഹിമവാന്റെ സാന്നിധ്യം അയാളെ പരമ വിനീതനാക്കുന്നു. ഭൂമിയുടെ പല ഭാഗങ്ങളിലൊന്ന് എന്നതിലുപരി, ഹിമവാന് തനതായ അസ്‌തിത്വവുമുണ്ടെന്നുള്ള വസ്തുത ഇക്കാരണത്താൽ ഒരനുഭൂതിയായി ഞാൻ അനുഭവിച്ചറിയുന്നു. ലൗകിക ജീവിത കാമനകൾ പരിത്യജിച്ച്, ഹിമാദ്രിയിൽനിന്നും തിരിച്ചെത്താനാകുമോയെന്നു പോലും നിശ്ചയമില്ലാത്ത, സ്വത്വം തേടിയുള്ളൊരു സഞ്ചാരമാണ് എനിയ്ക്ക് ഹിമാലയ യാത്ര.

തയ്യാറെടുപ്പുകൾ

വേനൽക്കാലത്തുമാത്രമേ ഹിമാലയ യാത്രകൾ അനുവദിക്കുകയുള്ളൂ. യാത്ര മുൻകൂട്ടി പ്ലാന്‍ ചെയ്യണം. സംഘാംഗങ്ങൾ, പാചകക്കാർ, പരിചയസമ്പന്നനായ ഒരു ഗൈഡ്, ശൈത്യത്തെ പ്രതിരോധിക്കാൻ ആവശ്യമായ വസ്ത്രങ്ങൾ മുതലായ കാര്യങ്ങളൊക്കെ ഏറെ പ്രധാനപ്പെട്ടതാണ്. എനിയ്ക്ക് രോഗങ്ങളൊന്നുമില്ല. ചില അസുഖങ്ങൾ വരാതിരിക്കാനുള്ള ചില്ലറ മരുന്നുകൾ മാത്രമാണ് കഴിയ്ക്കുന്നത്. അത്തരം ഔഷധങ്ങൾ കരുതാറുണ്ട്.

 


പ്രധാന സ്ഥലങ്ങൾ

ഗംഗോത്രി, യമുനോത്രി, ഉത്തരകാശി, കേദാർനാഥ്, ബദരീനാഥ് മുതലായവ പതിവായി സന്ദർശിക്കുന്ന സ്പോട്ടുകളാണ്. ഉത്തരേന്ത്യൻ തീർത്ഥയാത്രയിൽ, വ്യാസഗുഹ, ഹനുമാൻ ചട്ടി, ഋഷികേശ്, ഹരിദ്വാർ, ത്രിവേണി മുതലായ സ്ഥലങ്ങളെല്ലാം ഉൾപ്പെടുന്നു. ഉദ്ദേശിക്കുന്ന സ്ഥലമെത്തിയാൽപ്പിന്നെ വടികുത്തിയുള്ള നടപ്പാണ്. ഗംഗോത്രി, യമുനോത്രിയൊക്കെ വളരെ കുത്തനെയുള്ള സ്ഥലങ്ങളാണ്. എത്തപ്പെടുക ഏറെ ദുഷ്‌കരം. മഞ്ഞു പെയ്യുമ്പോൾ കുട പിടിച്ചുകൊണ്ട് പത്തു കിലോമീറ്ററോളം കുതിരപ്പുറത്തിരിക്കേണ്ടിവരും. ഒട്ടും വഴങ്ങാത്ത പർവ്വത നിരകളാണ് ഗംഗയുടെയും, യമുനയുടെയും ഉത്ഭവ സ്ഥാനങ്ങളിൽ. ഏറ്റവും കഠിനമായ യാത്ര. തണുപ്പുകാറ്റ് ആഞ്ഞടിയ്ക്കും.

മാനയിൽനിന്ന് മനയിലേക്കൊരു കത്ത് 

‘ഇന്ത്യയുടെ അവസാനത്തെ ഗ്രാമം’ എന്നറിയപ്പെടുന്ന മാനയിലെ തപാൽ ആപ്പീസിൽ പോയി ഒരു പോസ്റ്റ് കാർഡ് വാങ്ങി അതിൽ രണ്ടുവരിയെഴുതി മനയിലേയ്ക്ക് അയക്കുക പതിവായിരുന്നു. മാന പോസ്റ്റ് ഓഫീസിന്റെ സർക്കാർ മുദ്രയോടുകൂടിയ കത്ത് മനയിൽ കിട്ടുമ്പോൾ ഞാൻ രാജ്യത്തിന്റെ ഏറ്റവും വടക്ക് എത്തിയെന്ന് ഇല്ലത്തുള്ളവർ അറിയുന്നു. ഇന്ത്യ‑ചൈന അതിർത്തിയിൽ, 18,000 അടിയിലധികം ഉയരത്തിൽ, ഹിമാലയത്തിലെ പ്രശസ്തമായ ഇടമാണ് മാന. ഇന്ന് അതെല്ലാം തീവ്രമായ സ്മരണകളാണ്.

കൂടെ ഉണ്ടായിരുന്നവർ മടങ്ങി 

ജീവിതത്തിലും ഹിമാലയ യാത്രകളിലും കൂടെയുണ്ടായിരുന്നവർ പലരും മടങ്ങിയിരിയ്ക്കുന്നു. എന്റെ ശതാബ്ദിവർഷാഘോഷ സമയത്ത്, നവതി ആഘോഷത്തിൽ പങ്കെടുത്ത സുഹൃത്തുക്കളിൽ എഴുപതു ശതമാനവും ജീവിച്ചിരിപ്പില്ലായിരുന്നു. ശതാബ്ദിക്കു ശേഷവും കുറെ പേർ യാത്രയായി. ഏഴു വർഷം മുന്നെ സഹധർമ്മിണി ലീലാ അന്തർജനവും യാത്ര പറഞ്ഞിറങ്ങി. വിഷാദരൂപികളായ ചിന്തകൾക്കും ഹിമാലയ ദർശനം എനിയ്ക്ക് വളരെ ആശ്വാസമായിരുന്നു.

 

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.