ചിങ്ങം പിറന്നാല്‍ നാടെങ്ങും പൂവിളി ഉയരും, പൂക്കളവും ഒരുങ്ങും. വീടുകള്‍, ഓഫിസുകള്‍, ക്ലബ്ബുകള്‍ അങ്ങനെ എല്ലായിടങ്ങളിലും പൂക്കളം ഒരുക്കാന്‍ മത്സരം തന്നെ. ഓണക്കാലത്തെ പ്രധാന ഇനങ്ങളിലൊന്നായ പൂക്കള മത്സരത്തിലുമുണ്ട് ഏറെ വൈവിധ്യങ്ങള്‍. ഇന്നലെ തലസ്ഥാന നഗരിയില്‍ നടന്ന പൂക്കളമൊരുക്കലും വ്യത്യസ്തതകൊണ്ട് പേരെടുത്തു. വെറുമൊരു പേരല്ല, ലോക റെക്കോഡ് എന്ന നേട്ടമാണ് ഈ പൂക്കളം സ്വന്തമാക്കിയത്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഔഷധിയാണ് വ്യത്യസ്തമാര്‍ന്ന പൂക്കളം നിര്‍മ്മിച്ചത്. ഔഷധിയുടെ മരുന്നുകളിലെ 125 ഔഷധ ചേരുവകളായ ഇലകള്‍, പൂവുകള്‍, മൊട്ടുകള്‍, കായ്കള്‍, വിത്തുകള്‍ എന്നിവ ഉപയോഗിച്ചാണ് പൂക്കളം ഒരുക്കിയത്.
‘ഓണക്കാലത്ത് നാടാകെ നിറയും ഔഷധപ്പെരുമ’ എന്ന ആശയത്തിലൂന്നിയാണ് ഓഷധപ്പൂക്കളം ഒരുക്കിയതെന്ന് ഔഷധി ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ് പറഞ്ഞു. 125 ചതുരശ്ര അടിയില്‍ തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ഹാളിലാണ് പൂക്കളം തീര്‍ത്തത്. ലോകത്ത് ഇതാദ്യമായാണ് ഔഷധക്കൂട്ടുകള്‍ വച്ചൊരു പൂക്കളം തയ്യാറാക്കുന്നത്. ഞായറാഴ്ച വൈകിട്ട് മൂന്ന് മണി മുതല്‍ ആരംഭിച്ച പൂക്കളമൊരുക്കല്‍ ഇന്നലെ രാവിലെ 7.30 ഓടെയാണ് പൂര്‍ത്തിയായത്. ഔഷധിയിലെ 11 ജീവനക്കാരാണ് പിന്നില്‍ പ്രവര്‍ത്തിച്ചത്.
ബദാം, വെള്ളകടുക്, താത്രിപ്പൂവ്, താമരയല്ലി, ഉണക്കലരി, തിനയരി, അവില്‍, മലര്‍, നാരങ്ങ, നെല്ല്, മാതള നാരങ്ങ, നെല്ലിക്ക, കുരുമുളക്, കുന്നിക്കുരു, കര്‍പ്പൂരം, തുരിശ്, തെച്ചിപ്പൂവ്, തുളസിയില, പുളിയില, രുദ്രാക്ഷം, കറുക, കറുത്ത മുന്തിരി, മുതിര ഇങ്ങനെ നീളുന്നു പൂക്കളത്തിലെ ഔഷധക്കൂട്ടുകള്‍. പൂക്കളങ്ങള്‍ ഇതിന് മുമ്പ് ലോക റെക്കോഡില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും ഔഷധ പൂക്കളം എന്നൊരു ആശയം ആദ്യമായാണ് അവതരിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ റെക്കോഡിനായി ശ്രമിക്കാമെന്ന് തീരുമാനിച്ച് ലോക റെക്കോഡ് യൂണിയന്‍ അധികൃതരെ സമീപിച്ചത് ഔഷധിയാണ്. ക്യുറേറ്ററായ പ്രജീഷ് നിര്‍ഭയ തുടര്‍ന്നുള്ള കാര്യങ്ങള്‍ ഏകോപിപ്പിച്ചു. ചെങ്ങന്നൂര്‍ സ്വദേശിനിയായ അമലു ശ്രീരാഗാണ് പൂക്കളം ഡിസൈന്‍ ചെയ്തത്.
കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ അനിമേറ്ററായി ജോലി ചെയ്യുന്ന അമലു പൂക്കളത്തിന്റെ മാതൃക തയ്യാറാക്കി നല്‍കി. നൂറിലധികം ഔഷധ ഇനങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതിനാല്‍ മാതൃക തയ്യാറാക്കുന്നത് കുറച്ച് വെല്ലുവിളിയായിരുന്നുവെന്ന് അമലു പറഞ്ഞു. ലോക റെക്കോഡ് യൂണിയന്‍ മാനേജര്‍ ക്രിസ്റ്റര്‍ ടി ക്രാഫ്റ്റ് ഇന്നലെ പൂക്കളം പരിശോധിച്ചു. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഒരുക്കിയ പൂക്കളം ലോക റെക്കോഡ് പട്ടികയില്‍ ഔദ്യോഗികമായി ചേര്‍ക്കപ്പെട്ടു.ഔഷധ പൂക്കളം പരിപാടി പൊതുവിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗം ടി വി ബാലൻ സംസാരിച്ചു.
English Summary: A medicinal flower in the world record
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.