23 November 2024, Saturday
KSFE Galaxy Chits Banner 2

നന്മയുടെ നറുമണം പരത്തുന്ന നോവല്‍

ശശി മാവിന്‍മൂട്
September 17, 2024 3:46 am

ബാലമനസുകളില്‍ നന്മയുടെ നറുമണം പരത്തുന്ന ചെറുനോവലാണ് കാപ്പില്‍ ഗോപിനാഥന്‍ രചിച്ച ‘ഇളവെയില്‍.’ അനാഥത്വത്തിന്റെ നിസഹായതയും വേര്‍പാടിന്റെ വേദനയും പരസ്പര സ്നേഹത്തിന്റെ മാധുര്യവും ഈ നോവലില്‍ അനുഭവിച്ചറിയാം. മനുഷ്യജീവിതത്തിന്റെ വഴിയോരങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ബാല്യകൗമാരങ്ങളുടെ കയ്പേറിയ ജീവിതാനുഭവങ്ങളാണ് ഈ കൃതിയുടെ കാതല്‍.
അനാഥത്വവും നിസഹായതയും പേറുന്ന നാട്ടിലെ നിരവധി കുട്ടികളുടെ പ്രതിനിധിയാണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രമായ അപ്പു. അച്ഛനുമമ്മയും നഷ്ടപ്പെട്ട ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ അപ്പുവിന്റെ ഏക ആശ്രയം ചേട്ടനായ അച്ചുവായിരുന്നു. അവിചാരിതമായി ഒരു ദിവസം ഫാക്ടറി തൊഴിലാളിയായ ചേട്ടനെയും കാണാതാകുന്നു. ജീവിതത്തെ നോക്കി പകച്ചുനിന്ന അപ്പുവിന് അവന്‍ താമസിച്ചിരുന്ന വാടകവീടും ഒഴിഞ്ഞുപോകേണ്ടിവരുന്നു. ഭീതിയും ഏകാന്തതയും തിരയടിക്കുന്ന മനസും ഒട്ടിയ വയറുമായി അവന്‍ ചേട്ടനെ അന്വേഷിച്ച് പെരുവഴിയിലേക്കിറങ്ങി. തന്റെ ചേട്ടന്റെ ഫാക്ടറിയില്‍ ജോലിചെയ്യുന്ന അമ്മുവിനെ അവന്‍ വഴിയില്‍ കണ്ടുമുട്ടുന്നു. ഫാക്ടറിയിലെ സംഘര്‍ഷത്തില്‍ മുതലാളിയെ പരിക്കേല്പിച്ച തൊഴിലാളികള്‍ക്കൊപ്പം ഒളിവില്‍ കഴിയുന്ന അച്ചുവിന്റെ അനുജനെ അമ്മു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി സ്വന്തം മകനെപ്പോലെ സംരക്ഷിക്കുന്നു. അമ്മുവിന്റെ ഏക മകള്‍ ചിന്നുവും അപ്പുവും കൂട്ടുകാരാകുന്നു.

പഠിത്തം മുടങ്ങിയെങ്കിലും അപ്പു രാമേട്ടന്റെ കടയിലെ ജോലിക്കാരനാകുന്നു. ആദ്യശമ്പളമായ നൂറു രൂപകൊണ്ട് അവന്‍ അമ്മുവിനും ചിന്നുവിനും ഓണക്കോടിയും വീട്ടുസാധനങ്ങളും വാങ്ങി നല്‍കുന്നു. തിരുവോണദിവസം പുതുവസ്ത്രങ്ങളണിഞ്ഞ് രാമേട്ടന്റെ വീട്ടില്‍ ഓണസദ്യക്ക് പോകാനൊരുങ്ങുമ്പോള്‍ അവിചാരിതമായി അപ്പുവിന്റെ ചേട്ടന്‍ തിരിച്ചുവരുന്നു. ഓണസദ്യയുണ്ട് രാമേട്ടന്റെ വീട്ടില്‍ വിശ്രമിക്കുമ്പോഴാണ് അപ്പു എടുത്ത ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപ അപ്പുവിനാണെന്ന് രാമേട്ടന്‍ അറിയിക്കുന്നത്. അങ്ങനെ ദുഃഖത്തിന്റെ കാര്‍മേഘം മാറി അപ്പുവിന്റെ ജീവിതത്തില്‍ സന്തോഷത്തിന്റെ ഇളവെയില്‍ പരക്കുന്നതോടെ നോവല്‍ അവസാനിക്കുന്നു. 

അര നൂറ്റാണ്ട് മുമ്പാണ് ഈ നോവലിന്റെ കഥ നടക്കുന്ന കാലം. ഗ്രാമവിശുദ്ധിയും ഗ്രാമീണ സൗന്ദര്യവുമാണ് ഇതിന്റെ പശ്ചാത്തലം. നന്മയുള്ള മനുഷ്യരാണ് ഇതിലെ കഥാപത്രങ്ങള്‍. പരസ്പരം സ്നേഹിക്കാന്‍ മാത്രമറിയുന്ന കഥാപാത്ര സൃഷ്ടിയിലൂടെ കുട്ടികളില്‍ മാനവികതാബോധം വളര്‍ത്താന്‍ ഈ നോവല്‍ സഹായിക്കുന്നു. നാടുവാഴികളും കവലയും പീടികയും ചായക്കടയും വഴിക്കിണറും വാടക സൈക്കിളും ആഴ്ചക്കുറിയും എല്ലാം പഴയ തലമുറയിലെ വായനക്കാരില്‍ ഗൃഹാതുരത്വമുണര്‍ത്തുന്നവയാണ്.

ജീവിതത്തിന്റെ നിഴലും വെളിച്ചവും ഈ കൃതിയില്‍ മാറിമാറി തെളിയുന്നു. സുഖദുഃഖ സമ്മിശ്രമാണ് മനുഷ്യജീവിതമെന്ന സത്യം ഈ കൃതി വെളിപ്പെടുത്തുന്നു. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാനുള്ള പ്രാപ്തി കുട്ടികള്‍ നേടിയെടുക്കണമെന്ന സന്ദേശം നല്‍കുന്ന നോവല്‍ കൂടിയാണിത്. വെറുപ്പും വിദ്വേഷവും മാത്രം വിറ്റഴിയുന്ന വര്‍ത്തമാനകാലത്ത് പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും കഥപറയുകയാണ് ‘ഇളവെയില്‍’ എന്ന നോവല്‍.

ഇളവെയില്‍
(ബാലസാഹിത്യം)
കാപ്പില്‍ ഗോപിനാഥന്‍
എച്ച്&സി ബുക്സ്
വില: 110 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.