19 January 2026, Monday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

പ്രതീക്ഷ നൽകുന്ന കസാൻ ബ്രിക്സ് ഉച്ചകോടി

Janayugom Webdesk
October 26, 2024 5:00 am

ക്ടോബർ 24ന് റഷ്യയിലെ കസാനിൽ സമാപിച്ച ബ്രിക്സിന്റെയും പങ്കാളിത്ത രാഷ്ട്രങ്ങളുടെയും ഉച്ചകോടിയും 30 ദക്ഷിണഗോള രാഷ്ട്ര നേതാക്കളുടെ സമ്പർക്ക സമ്മേളനവും ആഗോള രാഷ്ട്രീയ സാമ്പത്തിക ബന്ധങ്ങളെ പുതിയൊരു അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കാനുള്ള സുപ്രധാന ചുവടുവയ്പായി വിലയിരുത്താം. അംഗരാജ്യങ്ങളുടെ ബാങ്കുകൾ തമ്മിലുള്ള സഹകരണ സംവിധാനം, ഭക്ഷ്യധാന്യ കൈമാറ്റം, രാഷ്ട്രങ്ങൾ തമ്മിലുള്ള പണ വിനിമയവും പൊതു ഇൻഷുറൻസ് കമ്പനിയും, ബ്രിക്സിന്റെ പുതിയ വികസന ബാങ്കിന്റെ വളർച്ച തുടങ്ങിയവ സംബന്ധിച്ച കരാറുകൾ നിലവിലുള്ള രാഷ്ട്രാന്തര ഭരണനിർവഹണ സംവിധാനങ്ങൾക്ക് ബദൽ കണ്ടെത്താനുള്ള ലക്ഷ്യമാണ് മുന്നോട്ടുവയ്ക്കുന്നത്. ഇറാൻ, ഈജിപ്ത്, എത്യോപ്യ, യുഎഇ, സൗദിഅറേബ്യ എന്നിവയ്ക്ക് അംഗത്വം നല്‍കുകവഴി ഉയർന്നുവരുന്ന സാമ്പത്തിക ശക്തികളുടെ ബദൽ എന്ന ബ്രിക്സ് സ്ഥാപക ലക്ഷ്യത്തോട് കൂടുതൽ അടുക്കാൻ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയ്ക്ക് കരുത്ത് പകരുന്നുണ്ട്. ബ്രിക്സ് അംഗരാഷ്ട്രങ്ങളിൽ ഇന്ത്യ ഉൾപ്പെടെ പലതും യുഎസ് അടക്കം പാശ്ചാത്യ രാഷ്ട്രങ്ങളുമായി സുദൃഢ ബന്ധം പുലർത്തുന്നവരാണ്. എന്നാൽ നിലവിലുള്ള ആഗോള ഭരണനിർവഹണ സംവിധാനങ്ങളുടെ പാശ്ചാത്യ പക്ഷപാതിത്തത്തോടുള്ള വിമർശനം ബ്രിക്സിന്റെ വളർച്ചയിലും പുരോഗതിയിലും പ്രകടമാണ്. രാഷ്ട്രങ്ങളെ അവരുടെ ആഭ്യന്തര രാഷ്ട്രീയത്തിന്റെയും ആഗോള വിഷയങ്ങളിലുള്ള സമീപനങ്ങളുടെയും പേരിൽ ഒറ്റപ്പെടുത്തിയും ഉപരോധങ്ങൾ ഏർപ്പെടുത്തിയും വരുതിയിലാക്കാമെന്ന പഴയ നയതന്ത്ര സമീപനങ്ങളോടുള്ള വിയോജിപ്പും ബ്രിക്സ് ഉച്ചകോടിയിലും എത്തിച്ചേർന്ന തീരുമാനങ്ങളിലും കരാറുകളിലും പ്രകടമാണ്. റഷ്യ‑ഉക്രെയ്ൻ, ഇസ്രയേൽ‑ഗാസ യുദ്ധങ്ങളുടെ പേരിൽ റഷ്യയെയും ഇറാനെയും ആഗോള മുഖ്യധാരയിൽനിന്നും അകറ്റിനിർത്താമെന്ന യുഎസ്, പാശ്ചാത്യ തന്ത്രങ്ങൾ ദക്ഷിണഗോള രാഷ്ട്രങ്ങൾക്കിടയിൽ പ്രതീക്ഷിച്ച പിന്തുണ ലഭിച്ചിട്ടില്ലെന്നും കസാൻ ഉച്ചകോടി തെളിയിക്കുന്നു. ഉച്ചകോടിയിലെ തുർക്കിയുടെ പ്രസിഡന്റ് എർദോഗന്റെ സാന്നിധ്യവും ബ്രിക്സുമായി തുടർ സംഭാഷണത്തിനുള്ള സന്നദ്ധതയും ഒരു നാറ്റോ സഖ്യരാഷ്ട്രത്തിന്റെ സമീപനത്തിലുള്ള വ്യതിയാനത്തെയാണ് അടയാളപ്പെടുത്തുന്നത്. 

പശ്ചിമേഷ്യ, റഷ്യ‑ഉക്രെയ്ൻ യുദ്ധങ്ങൾ ആ­ഗോള എണ്ണവില കുതിപ്പിനും പണപ്പെരുപ്പത്തിനും കരണമായേക്കുമെന്ന ആശങ്ക ലോകബാങ്ക് ഉൾപ്പെടെ ആഗോള ധനകാര്യ സംവിധാനങ്ങളിൽ ശക്തമാണ്. റഷ്യ‑ഉക്രെയ്ൻ യുദ്ധവും റഷ്യക്കെതിരായ പാശ്ചാത്യ ഉപരോധവും എണ്ണവില കുതിപ്പിനും തൽഫലമായുള്ള പണപ്പെരുപ്പത്തിനും വഴിവച്ചിരുന്നു. ആ സാമ്പത്തിക അസ്ഥിരതയെ മറികടന്ന് എണ്ണവില ഏതാണ്ട് സ്ഥിരത കൈവരിച്ചിട്ടുണ്ട്. എന്നാ­ൽ, പശ്ചിമേഷ്യയിൽ നെതന്യാഹു തുടരുന്ന വിനാശയുദ്ധത്തിന് കടിഞ്ഞാണിടാനും വെടിനിർത്തൽ ഉറപ്പാക്കാനും കഴിയാതെ യുദ്ധം വ്യാപിക്കുന്നപക്ഷം എണ്ണവിലയും പണപ്പെരുപ്പവും തടയാനാവില്ലെന്ന് ആഗോള സാമ്പത്തിക സംവിധാനങ്ങൾ വിലയിരുത്തുന്നു. അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകളിലെ ഡോളർ ആധിപത്യത്തിൽനിന്ന് പുറത്തുകടക്കാതെ ദക്ഷിണഗോള രാഷ്ട്രങ്ങൾക്ക് സാമ്പത്തിക പരമാധികാരം നിലനിർത്താനാവില്ല. രാഷ്ട്രങ്ങൾ തമ്മിലുള്ള കച്ചവടത്തിലും പണമിടപാടുകളിലും ദേശീയ നാണയ വിനിമയം സാധ്യമാക്കാനായാൽ ഡോളറിന്റെ ആധിപത്യത്തിൽനിന്നും പുറത്തുകടക്കാൻ ദക്ഷിണഗോള രാഷ്ട്രങ്ങൾക്ക് കഴിയും. പുതിയ അംഗങ്ങളും പങ്കാളിരാഷ്ട്രങ്ങളും ഉൾപ്പെടുന്ന ബ്രിക്സ് കൂട്ടായ്മ ആഗോള മൊത്തവരുമാനത്തിന്റെയും വ്യാപാരത്തിന്റെയും മൂന്നിലൊന്നിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ വ്യാപാര, സാമ്പത്തിക രംഗത്തെ ബ്രിക്സ് കരാറുകൾ പ്രാവർത്തികമാകുന്നതോടെ യുഎസ്, പാശ്ചാത്യ മേധാവിത്തവും ഡോളർ ആധിപത്യവും ചോദ്യംചെയ്യപ്പെടുകയും രാഷ്ട്രങ്ങൾ സാമ്പത്തിക പരമാധികാരം കൈവരിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ലോകത്തെ തുറിച്ചുനോക്കുന്ന സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണമായ പശ്ചിമേഷ്യയിലെ യുദ്ധം ദ്വിരാഷ്ട്ര സ്ഥാപനത്തിലൂടെ പരിഹരിക്കണമെന്ന ആവശ്യവും ബ്രിക്സ് ഉച്ചകോടിയിൽനിന്നും ഉയർന്നതും ശ്രദ്ധേയമാണ്. യുഎൻ അടക്കം ആഗോളവേദികൾക്ക് അവഗണിക്കാനാവാത്ത ശബ്ദമായി ബ്രിക്സ് മാറുമെന്നാണ് ലഭ്യമായ സൂചന. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ‑ചൈന ബന്ധത്തിൽ നിലനിന്നിരുന്ന സംഘർഷത്തിൽനിന്നും പുറത്തുകടക്കാൻ കസാൻ ബ്രിക്സ് ഉച്ചകോടി നിമിത്തമായി എന്നത് ഇന്ത്യക്ക് ആശ്വാസപ്രദമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഉച്ചകോടിയുടെ വിജയത്തിനും ബ്രിക്സ് കൂട്ടായ്മയുടെ വികാസ പുരോഗതികൾക്കും ഇന്ത്യ — ചൈന ബന്ധത്തിലെ സംഘർഷം ലഘൂകരിക്കേണ്ടതും സാധാരണനില പുനഃസ്ഥാപിക്കേണ്ടതും അനിവാര്യമാണെന്ന ബന്ധപ്പെട്ടവരുടെ ബോധ്യത്തിൽനിന്നാണ് ഉഭയകക്ഷി ബന്ധത്തിൽ അയവുവരുത്താൻ അനുകൂലമായ അന്തരീക്ഷം ഉരുത്തിരിഞ്ഞത്. വ്ലാദിമിർ പുടിനും റഷ്യയും ഇരുരാജ്യങ്ങളുമായുള്ള അവരുടെ ബന്ധം പ്രശ്നപരിഹാരത്തിനായി ഫലപ്രദമായി പ്രയോജനപ്പെടുത്തി. എന്നാൽ, ബ്രിക്സ് കൂട്ടായ്മ സംശ്ലിഷ്ടമായ ഒന്നാണെന്ന് അർത്ഥമാക്കേണ്ടതില്ല. അംഗരാഷ്ട്രങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവും സൈനികവുമായ താല്പര്യങ്ങൾ അപ്പാടെ വിസ്മരിച്ചുകൊണ്ടുള്ള കൂട്ടായ്മ നിലവിലെ സാഹചര്യത്തിൽ അപ്രായോഗികവും അസാധ്യവുമാണ്. യുഎസ് ഉൾപ്പെട്ട ക്വാഡിലും ഇന്തോ പസഫിക് ഇക്കണോമിക് ഫ്രെയിംവർക്കിലും ഉൾപ്പെട്ട ഏക ബ്രിക്സ് രാഷ്ട്രമാണ് ഇന്ത്യ. ദേശീയ താല്പര്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ബ്രിക്സ് കൂട്ടായ്മയെ എങ്ങനെ ശക്തിപ്പെടുത്തി മുന്നോട്ട് നയിക്കാമെന്നതായിരിക്കും ഇന്ത്യയും ചൈനയുമടക്കം അംഗരാഷ്ട്രങ്ങൾ നേരിടുന്ന നയതന്ത്ര വെല്ലുവിളി. എന്നിരിക്കിലും നിലവിലുള്ള ആഗോള രാഷ്ട്രീയ സാമ്പത്തിക സൈനിക സംവിധാനങ്ങൾക്ക് ബദലായി ദക്ഷിണഗോള രാഷ്ട്രങ്ങളുടെ പരമാധികാരം ഉയർത്തിപ്പിടിക്കുന്ന സുപ്രധാന ഘടകമായി ബ്രിക്സിന് മാറാനാവുമെന്ന പ്രതീക്ഷയാണ് കസാൻ ഉച്ചകോടി നൽകുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.