22 October 2024, Tuesday
KSFE Galaxy Chits Banner 2

നാലിലൊന്ന് ഭാര്യമാര്‍ പങ്കാളിയില്‍ നിന്ന് അതിക്രമം നേരിടുന്നു

Janayugom Webdesk
ലണ്ടൻ
February 20, 2022 9:05 pm

ലോകത്ത് നാലില്‍ ഒന്ന് ഭാര്യമാരും ജീവിതപങ്കാളിയില്‍ നിന്നും അതിക്രമം നേരിടുന്നതായി പഠനം. 15–49 പ്രായമുള്ള സ്ത്രീകളില്‍ 27 ശതമാനം പേരും പങ്കാളിയുടെ അതിക്രമത്തിന്റെ ഇരകളാണെന്നും 13 ശതമാനം ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നുണ്ടെന്നും ലാന്‍സെറ്റ് പഠനത്തില്‍ പറയുന്നു.

15 വയസിന് മുകളിലുള്ള ലോകത്തെ 90 ശതമാനം സ്ത്രീകളെയും ഉള്‍പ്പെടുത്തിയാണ് പഠനം. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി 2000–18 കാലയളവില്‍ ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ നടത്തിയ 356 ഓളം പഠനങ്ങളെ വിശകലനം ചെയ്താണ് ലാന്‍സെറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 161 രാജ്യങ്ങളില്‍ നിന്നായി 15–49 വയസുള്ള 20 ലക്ഷം പെണ്‍കുട്ടികളും സ്ത്രീകളുമാണ് പഠനത്തിന്റെ ഭാഗമായത്.

പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ സ്ത്രീകള്‍ക്കെതിരായ ഇത്തരം ആക്രമണങ്ങള്‍ ആരംഭിക്കുന്നു. 15–19 വയസിനിടെയുള്ള 24 ശതമാനം പേരും പങ്കാളിയുടെ അതിക്രമത്തിന് ഇരകളാകുന്നു. 19–24 പ്രായക്കാരില്‍ 26 ശതമാനവും ഒരിക്കലെങ്കിലും ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരകളായിരുന്നുവെന്നും പഠനത്തില്‍ പറയുന്നു. അക്രമത്തില്‍ നിന്ന് പരിക്കുകൾ, വിഷാദം, ഉത്കണ്ഠ, അനാവശ്യ ഗർഭധാരണങ്ങൾ, ലൈംഗികമായി പകരുന്ന അണുബാധകൾ എന്നിങ്ങനെ ദീർഘകാല ശാരീരിക, മാനസിക ആരോഗ്യ പ്രത്യാഘാതങ്ങൾ  ഉണ്ടാകുന്നതായും പഠനം കണ്ടെത്തി. പല സംഭവങ്ങളിലും ഇവ മരണത്തിലേക്ക് നയിക്കുന്നതായും പഠനം വിലയിരുത്തിയിട്ടുണ്ട്.

പ്രാദേശിക അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വ്യത്യാസമുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ അതിക്രമങ്ങള്‍ കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. 15–49 പ്രായക്കാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്നത് മധ്യ‑പസഫിക് സമുദ്രമേഖലയായ ഓഷ്യാനിയയിലാണ്. 49 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. മധ്യ ഉപ സഹാറന്‍ ആഫ്രിക്ക (44 ) മധ്യ ഏഷ്യ (18) മധ്യ യൂറോപ്പ് (16 ശതമാനം) എന്നിങ്ങനെയാണ് പങ്കാളികളുടെ അതിക്രമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും അംഗപരിമിതര്‍, ഭിന്നശേഷിക്കാര്‍, സ്വവര്‍ഗാനുരാഗികള്‍, കുടിയേറ്റക്കാര്‍, ന്യൂനപക്ഷ വിഭാഗം തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പരിമിതമാണെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക അതിക്രമങ്ങള്‍ പൊതുശ്രദ്ധ നേടേണ്ട ആഗോളവിഷയമായി മാറിക്കഴിഞ്ഞതായി ഗവേഷകര്‍ പഠനത്തില്‍ വ്യക്തമാക്കുന്നു.

eng­lish sum­ma­ry; A quar­ter of wifes face abuse from their partner

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.