19 December 2024, Thursday
KSFE Galaxy Chits Banner 2

നമ്പൂതിരി: വരയുടെ സംഗീതം

രമേശ് ബാബു
മാറ്റൊലി
July 13, 2023 4:30 am

ലയാളത്തിന്റെ കലാചരിത്രത്തിൽ സ്വന്തം നാമം സുവർണരേഖകളിൽ രചിച്ച് കരുവാട്ടുമനയ്ക്കൽ വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്റ്റ് നമ്പൂതിരി വിട പറഞ്ഞു. കേരളത്തിൽ നമ്പൂതിരി എന്ന പേരിന് വേറെ പര്യായമില്ലാതായിട്ട് ദശാബ്ദങ്ങളായി. കേരളത്തിലെ സാഹിത്യപ്രേമികളിൽ നമ്പൂതിരിയോളം സ്വാധീനം ചെലുത്തിയ മറ്റൊരു ചിത്രകാരനുമില്ല. ഇന്ത്യയൊട്ടുക്ക് പരിശോധിച്ചാലും ഇതുപോലൊരു രേഖാചിത്രകാരനെ കണ്ടെത്താനില്ല. ചിത്രകല എന്നല്ലാതെ മറ്റൊരു ചിന്ത ആ മനസിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സിദ്ധിയും സാധനയും നിരീക്ഷണവും ഉൾക്കാഴ്ചകളും എല്ലാം മൂർത്തരൂപമാർജിച്ചത് വരകളിലായിരുന്നു. ലഭിച്ച ആയുസിന്റെ എൺപതുവർഷവും അദ്ദേഹം വരച്ചു. ജീവിത സായന്തനങ്ങളിൽ പോലും അദ്ദേഹം വർണം ചാലിച്ചുകൊണ്ടിരുന്നു. രേഖാചിത്രങ്ങൾ, ശില്പങ്ങൾ, പെയിന്റിങ്, ചെമ്പിൽ തീർത്ത റിലീഫുകൾ, ഫ്രെസ്കോകൾ എന്നിങ്ങനെ ചിത്ര‑ശില്പകലയിൽ അദ്ദേഹം കൈവയ്ക്കാത്ത ശാഖകളില്ല.
ശുകപുരം ദക്ഷിണാമൂർത്തിക്ഷേത്രത്തിലെ ചുമർച്ചിത്രങ്ങളിൽ നിന്നും ദാരുശില്പങ്ങളിൽ നിന്നുമാണ് കുട്ടിക്കാലത്ത് തന്റെയുള്ളിൽ ചിത്രസംസ്കൃതി തളിരിട്ടതെന്ന് നമ്പൂതിരി വെളിപ്പെടുത്തിയിട്ടുണ്ട്. കലാവാസന തിരിച്ചറിഞ്ഞ ബന്ധു വരിക്കാശേരി കൃഷ്ണൻ നമ്പൂതിരി മദിരാശിയിലെ സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ പ്രവേശനം നേടാൻ സഹായിച്ചതോടെ നമ്പൂതിരി തന്റെ നിയോഗത്തിന്റെ പടവുകൾ കയറാൻ തുടങ്ങുകയായിരുന്നു. വിഖ്യാത ചിത്രകാരൻ കെസിഎസ് പണിക്കരുടെയും ഇന്ത്യ കണ്ട വലിയ ശില്പിയും ചിത്രകാരനുമായ ദേവിപ്രസാദ് റോയ് ചൗധരിയുടെയും അരുമശിഷ്യനായതോടെ നമ്പൂതിരിയിലെ ചിത്രകാരൻ രൂപപ്പെട്ടു തുടങ്ങി. ശുകപുരം ക്ഷേത്രശില്പങ്ങൾ മുതൽ ഉള്ളിൽ പ്രവേശിച്ച സ്വാധീനതകൾക്ക് അദ്ദേഹം തന്റേതായ പരിപ്രേക്ഷ്യവും വ്യാഖ്യാനവും നൽകാൻ തുടങ്ങി.


ഇതുകൂടി വായിക്കൂ: വര്‍ണശില്പികള്‍


ചിത്രകലയിൽ ജനം ശീലിച്ചുപോന്ന പരമ്പരാഗത ശൈലികളെ നിരാകരിച്ചും പ്രകടമായ മാറ്റം അനുഭവവേദ്യമാക്കിയും അനുപാതങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടും എം വി ദേവൻ, എഎസ് എന്നീ ചിത്രകാരന്മാർ രംഗം കയ്യടക്കിക്കഴിഞ്ഞൊരു വേളയിലാണ് നമ്പൂതിരിയുടെ രംഗപ്രവേശം. ക്രമേണ ഇവർ മൂവരും മാധ്യമങ്ങളിലെ രേഖാചിത്രകലയിൽ ത്രിമൂർത്തികളായി അറിയപ്പെട്ടു. മാതൃഭൂമിയിൽ ആർട്ടിസ്റ്റായി ചേർന്നതോടെ എൻ വി കൃഷ്ണവാര്യർ, എം ടി വാസുദേവൻ നായർ, ഉറൂബ്, ജി ശങ്കരക്കുറുപ്പ്, ഇടശേരി, അക്കിത്തം, വികെഎൻ, ഒ വി വിജയൻ, പുനത്തിൽ കുഞ്ഞബ്ദുള്ള തുടങ്ങി പ്രശസ്തരായ സാഹിത്യകാരന്മാരുമായുണ്ടായ ബന്ധവും അവരുടെ രചനകൾക്കുവേണ്ടിയുള്ള ചിത്രണവും നമ്പൂതിരിയുടെ കലയെ ഒന്നിനൊന്ന് പരിപോഷിപ്പിക്കുകയായിരുന്നു. ഒരു കൃതി വായിക്കുമ്പോൾ ഉള്ളിൽ തട്ടുന്ന ആഖ്യാന സന്ദർഭത്തിന് നമ്പൂതിരി നൽകിയ ദൃശ്യാവിഷ്കാരം രചനകൾക്ക് കൂടുതൽ ഉൾക്കാഴ്ച സമ്മാനിച്ചു. ഏറ്റവും കുറഞ്ഞ വരകളിലൂടെ ഒരു സമ്പൂർണ ഭാവപ്രപഞ്ചം സൃഷ്ടിക്കുവാനുള്ള നമ്പൂതിരിയുടെ കഴിവ് അന്യാദൃശമാണെന്ന് സഹൃദയലോകം തിരിച്ചറിഞ്ഞു. എന്തുകൊണ്ട് നമ്പൂതിരിയുടെ രേഖാചിത്രങ്ങൾക്ക് ഇത്രയും മിഴിവ് എന്ന ജിജ്ഞാസയ്ക്ക് അദ്ദേഹം ഉത്തരം നൽകിയിട്ടുണ്ട്. “പരന്ന പ്രതലത്തിലുള്ള ഘടനകൾക്ക് ത്രിമാന സ്വഭാവം കൊണ്ടുവരാൻ രേഖകൾക്ക് കഴിയും. ചെറിയ രേഖകൾക്ക് വലിയ ഘനമാനം സൃഷ്ടിക്കുവാനുള്ള കഴിവുണ്ട്. നിസാരമെന്ന് പറയാവുന്ന രേഖകൾകൊണ്ട് സൃഷ്ടിക്കാവുന്ന സാധ്യതകൾ ഏറെയാണ്. ഒരു വസ്തു കാണുമ്പോൾ അതിന്റെ സാന്ദ്രത, ഘനം എന്നിവ നമുക്ക് അനുഭവിക്കാനാകും. ആ അനുഭവമാണ് നമുക്ക് വരയ്ക്കാൻ പറ്റുക.”


ഇതുകൂടി വായിക്കൂ:  ആഖ്യാനകലയുടെ ആന്തരസംഗീതം


നമ്പൂതിരിച്ചിത്രങ്ങൾ അനുവാചകനിൽ അനുഭൂതിയായി നിറയുന്നതിന് മറ്റൊരു കാരണം അവയിലെ സംഗീതലയമാണ്. സൂക്ഷ്മാംശത്തിൽ പ്രാപ‍ഞ്ചിക സംഗീതത്തിന്റെ ധ്വനിയാണ് അദ്ദേഹത്തിന്റെ രേഖാചിത്രങ്ങളിൽ നിന്ന് ഉയിർക്കുന്നത്. നമ്പൂതിരിയുടെ ജീവിതത്തിൽ സംഗീതം എപ്പോഴും നിറഞ്ഞുനിന്നിരുന്നു. ഉദാത്ത സംഗീതം കേൾക്കുവാനുള്ള അവസരങ്ങൾ അദ്ദേഹം പാഴാക്കിയിരുന്നില്ല. എം ഡി രാമനാഥനായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ട സംഗീതജ്ഞൻ. “എന്റെ അഭിപ്രായത്തിൽ ഏറ്റവും ഉത്തമമായ കല സംഗീതമാണ്. മനുഷ്യനെ ഇത്രയും അലിയിച്ചുകളയുന്ന കല സംഗീതം മാത്രമാണ്. അതിനുതാഴയേ മറ്റൊക്കെ വരുന്നുള്ളു. എനിക്ക് പാടാനാവില്ല. എനിക്ക് വഴങ്ങുന്നത് വരയായതിനാൽ ഞാൻ അതു ചെയ്യുന്നു. അടുത്ത ജന്മത്തിൽ സംഗീതജ്ഞനാകണമെന്നാണ് ആഗ്രഹം.” സംഗീതത്തോടുള്ള അദമ്യമായ ഇഷ്ടം നമ്പൂതിരി അഭിമുഖങ്ങളിൽ പറഞ്ഞതിങ്ങനെയായിരുന്നു. അദ്ദേഹം ചെയ്തത് സംഗീതത്തെ വരയിൽ ആവാഹിക്കലാണ്. സംഗീതത്തിനു പുറമേ വേദോപനിഷത്തുകളിലും ഇതിഹാസങ്ങളിലും പുരാണങ്ങളിലും രംഗകലകളിലും നമ്പൂതിരി അവഗാഹം നേടിയിരുന്നു. അതിന്റെ ബഹിർസ്ഫുരണങ്ങളാണ് അദ്ദേഹത്തിന്റെ എളിമയാർന്ന പെരുമാറ്റത്തിലും സർഗസൃഷ്ടികളിലെ പ്രതീകങ്ങളിലും ദൃശ്യമാകുന്നത്.


ഇതുകൂടി വായിക്കൂ: ഒരു ചരിത്രം അവസാനിക്കുന്നു


നമ്പൂതിരിയുടെ വര എഴുത്തുകാരനെയും മൂലകൃതിയെയും വെല്ലുന്നതും ജനകീയമാകുന്നതും കലാസ്വാദകർ കണ്ടത് എംടിയുടെ ‘രണ്ടാമൂഴത്തി‘നായി കലാകൗമുദിയിൽ അദ്ദേഹം വരച്ചപ്പോഴാണ്. ദ്രാവിഡ ശില്പകലയെ സ്വാംശീകരിച്ച് രണ്ടാമൂഴത്തിനുവേണ്ടി നമ്പൂതിരി വരച്ച ചിത്രങ്ങൾ കൃതിയെയും ഉല്ലംഘിച്ച് അനുവാചകലോകത്ത് സ്വൈരവിഹാരം നടത്തുന്നു. ആ രേഖാചിത്രങ്ങൾ ഓരോന്നും സ്വതന്ത്രമായ അസ്തിത്വം നേടി. അതുപോലെ നമ്പൂതിരിയുടെ സ്ത്രീകളും. സൂക്ഷ്മനിരീക്ഷണത്തിൽ പ്രകൃതിയുടെ മുഗ്ദഭാവങ്ങളും സ്ത്രീത്വത്തിന്റെ സൗന്ദര്യവും വ്യക്തിത്വവുമാണ് പ്രസരിപ്പിക്കുന്നതെന്ന് കാണാം. നമ്പൂതിരിയുടെ കണ്ണിൽ ഭൂമിയിലെ എല്ലാ സ്ത്രീകളും സുന്ദരിമാരാണ്.
അദ്ദേഹത്തിന്റെ സർഗധനത അരവിന്ദൻ, പദ്മരാജൻ, ഷാജി എൻ കരുൺ എന്നീ ചലച്ചിത്ര പ്രവർത്തകരും ക്രിയാത്മകമായി വിനിയോഗിച്ചിട്ടുണ്ട്. പദ്മരാജന്റെ ഗന്ധർവനും കാഞ്ചനസീതയിലെ രാമലക്ഷ്മണൻമാർക്കും നമ്പൂതിരിയൊരുക്കിയ ചമയം അവിസ്മരണീയമായിരുന്നല്ലോ. പത്ര റിപ്പോർട്ടിന് ചിത്രം വരച്ചുകൊണ്ട് മറ്റൊരു ചരിത്രം കൂടി നമ്പൂതിരി സൃഷ്ടിച്ചിട്ടുണ്ട്. കോഴിക്കോട് തളി ക്ഷേത്രത്തിൽ നടന്ന സംഗീതക്കച്ചേരികളെക്കുറിച്ച് കേരള കൗമുദിയിൽ സംഗീത നിരൂപകൻ പി രവികുമാർ എഴുതിയ റിപ്പോർട്ടുകൾക്കും 1987ലെ നെഹ്രു കപ്പ് ഫുട്ബോളിന് വരച്ച ചിത്രങ്ങളും അക്കാലത്ത് എട്ടുകോളത്തിൽ പ്രസിദ്ധീകരിച്ചുവന്നത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
നിയതിയുടെ നിയോഗം പരിപൂർണമാക്കി നമ്പൂതിരി പോയ്മറഞ്ഞെങ്കിലും സർഗസൃഷ്ടികൾ അനശ്വരതയുടെ വാതിലുകൾ മലർക്കെ തുറന്ന് അദ്ദേഹത്തെ അമരത്വത്തിലേക്ക് ആനയിക്കുന്നു.

 

മാറ്റൊലി:

“ഞാൻ ആരുമല്ല, ഒരു നിമിത്തം മാത്രം”
‑ആർ‍ട്ടിസ്റ്റ് നമ്പൂതിരി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.