19 December 2024, Thursday
KSFE Galaxy Chits Banner 2

സംശുദ്ധ രാഷ്ട്രീയത്തിന്റെ ദീപ്തസ്മരണ

ബിനോയ് വിശ്വം
March 22, 2024 4:45 am

“പുന്നപ്ര‑വയലാർ സമരത്തിന്റെ പടനായകന്മാരിൽ പ്രമുഖനായിരുന്നു സി കെ കുമാരപ്പണിക്കർ. യുദ്ധഭൂമിയിൽ നിന്നുകൊണ്ട് സമരം നയിക്കാൻ പാർട്ടി ആവശ്യപ്പെട്ടത് അദ്ദേഹത്തോടായിരുന്നു. ലവലേശം പതറാതെ അദ്ദേഹം ആ ദൗത്യം നിറവേറ്റി. പട്ടിണിക്കാരുടെയും പാവങ്ങളുടെയും ആ സമരധീരതയ്ക്കു മുമ്പിൽ വിറച്ചു പോയ സർ സിപി, കായൽ വഴി പട്ടാളത്തെ അയച്ചു കൊണ്ടാണ് പ്രായപൂർത്തി വോട്ടവകാശത്തിനും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും വേണ്ടിയുള്ള ആ മുന്നേറ്റത്തെ അടിച്ചമർത്തിയത്. “ചിരകാലം രാജ്യത്തിന്നോർമ്മയിൽ തെളിഞ്ഞു മിന്നുന്ന” ആ ഒക്ടോബർ 27 (തുലാം 10) കേരളത്തിന്റെ വിപ്ലവ ചരിത്രത്തിൽ ചോര കൊണ്ടെഴുതപ്പെട്ട ദിനമാണ്. ഉരുക്കും മാംസവും തമ്മിൽ ഏറ്റുമുട്ടിയ ആ ദിനത്തിൽ താൻ ജയിക്കുമെന്ന് ഉരുക്ക് ആഗ്രഹിച്ചു കാണും. പക്ഷേ ജയിച്ചത് മാംസമാണ്. കാരണം ആ മാംസത്തിന്റെ പുറകിൽ അജയ്യനായ മനുഷ്യരായിരുന്നു”. (എസ് എൽ പുരം സദാനന്ദന്‍)

ആ മനുഷ്യരെ വാർത്തെടുത്ത മണ്ണിൽ നിന്നാണ് സി കെ കുമാരപ്പണിക്കരുടെ മകനായ സി കെ ചന്ദ്രപ്പൻ വന്നത്. കമ്മ്യൂണിസ്റ്റ് ആകാനല്ലാതെ മറ്റൊന്നും ആ മകന് ചിന്തിക്കാനാകുമായിരുന്നില്ല. തന്നെക്കുറിച്ച് അധികം പറഞ്ഞിട്ടില്ലാത്ത ചന്ദ്രപ്പൻ പക്ഷേ തന്റെ ബാല്യത്തിലെ ആ അനുഭവങ്ങളെപ്പറ്റി എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. കുമാരപ്പണിക്കരുടെ കുന്തിരക്കശേരി വീട് അക്കാലത്തെ പ്രമാണപ്പെട്ട ഒരു വീടായിരുന്നു. വെടിവയ്പിന്റെ പിറ്റേന്ന് കലി മാറാത്ത സിപിയുടെ പട്ടാളം ആ വീട് ഇടിച്ചുനിരപ്പാക്കി. അവിടുത്തെ ഉരുളിയും വാർപ്പും ചട്ടിയും കലവുമെല്ലാം ആരുവേണമെങ്കിലും കൊണ്ടു പൊയ്ക്കോ എന്ന് പറഞ്ഞുകൊണ്ട് പട്ടാളം പുറത്തേക്കെറിഞ്ഞു കൊടുത്തു. പിന്നീട് അന്തരീക്ഷം ശാന്തമായപ്പോൾ, കുമാരപ്പണിക്കരുടെ ഭാര്യയും മക്കളും അക്കരെയുള്ള ബന്ധുവീട്ടിൽ നിന്നും മടങ്ങിയെത്തി ചെറിയൊരു വീട് തട്ടിക്കൂട്ടി താമസമാരംഭിച്ചപ്പോൾ പട്ടാളം എറിഞ്ഞുകൊടുത്ത ആ വീട്ടുസാധനങ്ങളെല്ലാം കുന്തിരക്കശേരിയിലേക്ക് തിരിച്ചുവന്നു. കുമാരപ്പണിക്കരെ പ്രാണനുതുല്യം സ്നേഹിച്ച വയലാറിലെ പാവങ്ങൾ അവ ഒന്നൊഴിയാതെ തിരിച്ചു കൊണ്ടുവന്ന കാഴ്ചയെപ്പറ്റി പറഞ്ഞപ്പോൾ ചന്ദ്രപ്പന്റെ കണ്ഠം ഇടറിയിട്ടുണ്ട്. അർധപട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമായ പാവങ്ങൾ പ്രസ്ഥാനത്തെ സ്നേഹിച്ചതിന്റെ ആഴം പറയുകയായിരുന്നു ചന്ദ്രപ്പൻ. വിപ്ലവ ബോധത്തിന്റെയും ആദർശനിഷ്ഠയുടെയും സത്യങ്ങൾ സൂക്ഷിച്ചുവച്ച ആ ശിരസ് എവിടെയെങ്കിലും കുനിഞ്ഞിട്ടുണ്ടെങ്കിൽ അത് പാവപ്പെട്ടവന്റെ വർഗക്കൂറിനെപ്പറ്റി പറയുമ്പോൾ മാത്രമായിരുന്നു. അതാണ് സഖാവ് ചന്ദ്രപ്പൻ.


ഇതുകൂടി വായിക്കൂ:  സ്നേഹിതന്മാരിൽ സ്നേഹിതനായ രാജകുമാരൻ


സമാനതകളില്ലാത്ത വ്യക്തിവൈശിഷ്ട്യവും കർമ്മവിശുദ്ധിയുംകൊണ്ട് സാമൂഹ്യ‑രാഷ്ട്രീയ മണ്ഡലത്തിൽ അടയാളപ്പെട്ട പേരായിരുന്നു സി കെ ചന്ദ്രപ്പന്റേത്. കമ്മ്യൂണിസ്റ്റ് ധാർമ്മികതയുടെയും പൊതുജീവിത വിശുദ്ധിയുടെയും പ്രതീകമായിരുന്ന അദ്ദേഹം കടന്നുപോയിട്ട് 12 വർഷം തികയുന്നു. പ്രക്ഷോഭഭരിതമായ ഒരു കാലത്തായിരുന്നു ബാല്യ‑കൗമാരങ്ങൾ എന്നതിനാൽ ചെറുപ്രായത്തിൽതന്നെ ആ പരിസരങ്ങൾ അദ്ദേഹത്തിന് സുപരിചിതമായി. കേരളത്തിന്റെ ചരിത്രത്തെ മാറ്റിമറിക്കുന്നതിലും സാമൂഹ്യ ജീവിതത്തെ നിർണയിക്കുന്നതിലും സുപ്രധാന പങ്ക് വഹിച്ച പുന്നപ്ര‑വയലാർ സമരത്തിന്റെ നായകരിലൊരാളായ, ‘വയലാർ സ്റ്റാലിൻ’ എന്നറിയപ്പെട്ട സി കെ കുമാരപ്പണിക്കരുടെ പുത്രനായ ചന്ദ്രപ്പന്‍ ജീവിതത്തിലുടനീളം ആ പാരമ്പര്യവിശുദ്ധിയും സമരോത്സുകതയും കാത്തുപോന്നു. എഐഎസ്എഫിന്റെ പ്രാദേശിക തലത്തിൽ നിന്നാണ് ആറ് പതിറ്റാണ്ടിലധികം നീണ്ട അദ്ദേഹത്തിന്റെ പൊതു പ്രവർത്തനത്തിന്റെ തുടക്കം. അത് എഐഎസ്എഫിന്റെയും പിന്നീട് എഐവൈഎഫിന്റെയും ദേശീയ തലംവരെ വളർന്നത്, സംഘടനാ പാടവം, സമരവീര്യം, ത്യാഗസന്നദ്ധത തുടങ്ങിയ സവിശേഷതകൾ കൊണ്ടായിരുന്നു. വിദ്യാർത്ഥി നേതാവായിരിക്കെ വീടും വിദ്യാഭ്യാസവും മാറ്റിവച്ച് ഗോവ വിമോചന പോരാട്ടത്തിൽ പങ്കെടുക്കുന്നതിന് ഇറങ്ങിപ്പുറപ്പെട്ടത് അദ്ദേഹത്തിന്റെ സമരവീര്യത്തിന്റെയും ത്യാഗസന്നദ്ധതയുടെയും ആദ്യ ഉദാഹരണങ്ങളിലൊന്നാണ്. സർഗചൈതന്യവും സമരവീര്യവും തുളുമ്പുന്ന യുവജനപ്രസ്ഥാനം വളർത്തിയെടുത്ത അനുഭവ സമ്പത്തോടെ കർഷക സംഘടനാ രംഗത്തെത്തിയ സികെ, കിസാൻ സഭയുടെ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ പ്രസിഡന്റുമായി.
ഇന്ത്യൻ പാർലമെന്റ് കണ്ട എക്കാലത്തെയും മികച്ച പാർലമെന്റേറിയന്മാരിൽ ഒരാളായിരുന്നു സി കെ ചന്ദ്രപ്പൻ. തലശേരി, കണ്ണൂർ, തൃശൂർ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് ലോക്‌സഭയിലും ചേർത്തലയിൽ നിന്ന് കേരള നിയമസഭയിലും അംഗമായപ്പോൾ നിയമനിർമ്മാണ രംഗത്തും ചർച്ചകളിലുമുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തം ആ പ്രാഗത്ഭ്യം രേഖപ്പെടുത്തുവാൻ പോന്നതിലുമധികമായിരുന്നു. ജനാഭിലാഷങ്ങളുടെയും പോരാട്ടങ്ങളുടെയും ദീർഘവീക്ഷണത്തിന്റെയും പ്രതിഫലനവേദിയായി ഇരുസഭകളെയും മാറ്റുന്നതിൽ കലാപരമായ വൈദഗ്ധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. ഇന്ത്യൻ പാർലമെന്റിൽ ഇത്രയധികം സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ച മറ്റൊരാളില്ല. പിന്നീട് ഔദ്യോഗിക നിയമനിർമ്മാണത്തിലൂടെ രാജ്യത്ത് നടപ്പിലാക്കപ്പെട്ട 18 വയസിൽ വോട്ടവകാശമെന്ന ആശയം ആദ്യമായി അനൗദ്യോഗിക ബില്ലായി കൊണ്ടുവന്നത് സി കെ ചന്ദ്രപ്പനായിരുന്നു. വനാവകാശ, വിവരാവകാശ നിയമങ്ങളും തൊഴിലുറപ്പ് പദ്ധതിയും സമഗ്രമാക്കുന്നതിലും ലോക്‌സഭാംഗമെന്ന നിലയിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.


ഇതുകൂടി വായിക്കൂ: അസ്ഥികൾ പൂക്കുന്ന വലിയചുടുകാട്


2010 നവംബറിൽ സിപിഐ സംസ്ഥാന സെക്രട്ടറിയായ അദ്ദേഹം കുറഞ്ഞ കാലയളവിനിടയിൽ സങ്കീർണമായ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഇടതുപക്ഷത്തിനു നിറവേറ്റാനുള്ള ചരിത്ര ദൗത്യങ്ങളെ അവതരിപ്പിച്ചു. വിശാലമായ വായനയും ആഴമേറിയ മാർക്സിസ്റ്റ് വിശകലന പാടവവും പ്രവർത്തനാനുഭവങ്ങളും ആശയത്തെളിച്ചവും മുതൽക്കൂട്ടായുണ്ടായിരുന്ന സികെ, കൂടുതൽ കരുത്തുറ്റ പാർട്ടിയും ഇടതുപക്ഷ മതേതര പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയും കെട്ടിപ്പടുക്കുന്നതിൽ അവിശ്രമം വ്യാപൃതനായി. പതിഞ്ഞ ശബ്ദത്തിലൂടെയെങ്കിലും ആളുകളെ പ്രചോദിപ്പിക്കുന്ന പ്രഭാഷണകല അദ്ദേഹത്തിന് സ്വന്തമായിരുന്നു. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ചോർന്നുപോകാതെ പൊതുജീവിതത്തിൽ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഓരോ പ്രവർത്തകനും കഴിയണമെന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ ചന്ദ്രപ്പൻ കാണിച്ചുതന്നു.
പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ അടുത്തദിവസങ്ങളിലൊന്നില്‍ നവയുഗത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചതോര്‍ക്കുന്നു. എല്ലാ ലക്കത്തിലും പാര്‍ട്ടി സെക്രട്ടറിയുടെ ഒരു ചെറിയ കുറിപ്പ് ഉണ്ടാകണമെന്ന നിര്‍ദേശം ചന്ദ്രപ്പന്‍ തന്നെയാണ് മുന്‍വച്ചത്. സെക്രട്ടറിയുടെ പേജ് എന്നാണോ അതിന് തലക്കെട്ട് വേണ്ടതെന്ന് ഞാന്‍ ചോദിച്ചു. ചന്ദ്രപ്പന്‍ പറഞ്ഞു, “അല്ല, ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് ഒരു കത്ത് എന്നായിരിക്കണം തലക്കെട്ട്. ബ്രാഞ്ച് സെക്രട്ടറിമാരാണ് പാര്‍ട്ടിയുടെ നട്ടെല്ല്. നമ്മുടെ ആശയവും രാഷ്ട്രീയവും നേരിട്ട് അവരിലേക്കെത്തണം. അവര്‍ക്ക് അത് ബോധ്യപ്പെട്ടാലേ പാര്‍ട്ടിക്ക് മുന്നേറാനാകൂ”. പാര്‍ട്ടി സംഘടനയെപ്പറ്റിയുള്ള സഖാവിന്റെ ജാഗ്രത എന്തായിരുന്നുവെന്ന് ഈ വാക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യം സുപ്രധാനമായ തെരഞ്ഞെടുപ്പ് ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് സികെയുടെ 12-­ാം ചരമവാർഷികം ആചരിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഓരോ കമ്മ്യൂണിസ്റ്റുകാരനും വഹിക്കുവാനുള്ള നിർണായകപങ്ക് എക്കാലത്തും അദ്ദേഹം ഓർമ്മപ്പെടുത്തിയിരുന്നു. രോഗാവസ്ഥയിലായിരിക്കുമ്പോൾ പങ്കെടുത്ത അവസാന പൊതുചടങ്ങ് പിറവം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രചരണ പരിപാടി ആയിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് എന്തുമാത്രം പ്രാധാന്യമുണ്ടെന്ന ഓർമ്മപ്പെടുത്തലായിരുന്നു അത്.


ഇതുകൂടി വായിക്കൂ: നേരിന്റെ പാതയിൽ കരുത്തുറ്റ സംഘടനയുമായി മുന്നോട്ട്


ബിജെപിയും സഖ്യകക്ഷികളും മതവിദ്വേഷം ആളിക്കത്തിച്ചും അസഹിഷ്ണുതയുടെ വിത്തുപാകിയും സാമുദായിക ധ്രുവീകരണ ശ്രമങ്ങൾ ശക്തമാക്കിയിരിക്കുന്ന ഘട്ടത്തിലാണ് ഇപ്പോഴത്തെ പൊതുതെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്നത്. അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്ക് വിലങ്ങിട്ടും അഴിമതിയെ സ്ഥാപനവൽക്കരിച്ചുണ്ടാക്കിയ പണക്കൊഴുപ്പിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചും അധികാരം നിലനിർത്തുവാനുള്ള കുത്സിത ശ്രമങ്ങളിൽ അവർ ആണ്ടിറങ്ങിയിരിക്കുകയാണ്. എല്ലാ വൃത്തികെട്ട അടവുകളും അതിനുവേണ്ടി അവർ ഇനിയും പുറത്തെടുക്കുമെന്നുറപ്പാണ്. സങ്കീർണമായ രാഷ്ട്രീയ സാഹചര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ, ഉറച്ച ലക്ഷ്യബോധത്തോടെ, ആശയവ്യക്തതയോടെ പ്രവർത്തിച്ച് എല്ലാ പിന്തിരിപ്പൻ ശക്തികളെയും പ്രാകൃത ആശയങ്ങളെയും പരാജയപ്പെടുത്തുന്നതിനുള്ള പോരാട്ടം അനവരതം തുടരുക എന്നതാണ് സികെയുടെ ഓർമ്മ പുതുക്കുമ്പോൾ നമ്മുടെ ദൗത്യം. വർഗീയതയ്ക്ക് എതിരായ വരുംകാല പോരാട്ടങ്ങൾക്ക്, ബിജെപിക്കെതിരായ വിശാല മതേതര-ജനാധിപത്യ വേദിയുടെ പ്രവർത്തനങ്ങൾക്ക് ചന്ദ്രപ്പന്റെ സ്മരണ കരുത്തു പകരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.