10 December 2025, Wednesday

Related news

October 22, 2025
October 13, 2025
September 15, 2025
August 23, 2025
July 24, 2025
July 23, 2025
July 23, 2025
July 23, 2025
July 23, 2025
July 23, 2025

ജീവിതം പോരാട്ടമാക്കിയ വിപ്ലവ നായകൻ; പി പ്രസാദ്

Janayugom Webdesk
July 21, 2025 6:46 pm

ഇനിയും ഉദിക്കാനാകാതെ ഒരു സൂര്യൻ അസ്തമിച്ചു. കത്തിജ്വലിച്ച് നിന്ന കാലത്ത് പകർന്ന ഊർജ്ജവും വെളിച്ചവും ഈ ലോകത്ത് അവശേഷിപ്പിച്ച്, ആ സൂര്യൻ മറയുമ്പോൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും ഇടതുപക്ഷത്തിനും മാത്രമല്ല നേരിനും നീതിക്കും വേണ്ടി, മനുഷ്യനും ഭൂമിക്കും വേണ്ടി നിലപാടുകളെടുക്കുന്ന എല്ലാവർക്കും കനത്ത വേദനയുളവാക്കുന്ന ഒന്നായി അത് മാറി.

സ. വി എസ് അവസാനമായി പങ്കെടുത്ത പൊതുചടങ്ങ് 2019 ഒക്ടോബർ 23 ന് പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൻ്റെ ഭാഗമായി പുന്നപ്ര പറവൂരിൽ നടന്ന പൊതു സമ്മേളനമായിരുന്നു. ആ ചടങ്ങിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രതിനിധീകരിച്ച് ഞാനും പങ്കെടുത്തിരുന്നു. അദ്ദേഹത്തിൻ്റെ അവസാന പൊതുയോഗത്തിൻ്റെ വാക്കുകൾ , ആ നിലപാടുകൾ ഇന്നും കാതിൽ മുഴങ്ങുന്നുണ്ട്. 

ആറന്മുളയിലെ നെൽപാടങ്ങളും തണ്ണീർത്തടങ്ങളും നികത്തി , പരിസ്ഥിതിയെ തകിടം മറിച്ചു കൊണ്ട് വിഭാവനം ചെയ്ത വിമാനത്താവള പദ്ധതിയ്ക്കെതിരെ നടന്ന സമരത്തിന്, പിന്തുണയുമായി സഖാവ് വി.എസ് എത്തിയപ്പോൾ, ഒരു നാടും ജനതയും ആവേശത്തിൻ്റെ കൊടുമുടിയിലെത്തി . ആ സമരത്തിൻ്റെ ഭാഗമായി ഗ്രീൻ ട്രിബ്യൂണലിൽ നടന്ന നിയമപോരാട്ടങ്ങളെപ്പറ്റിയെല്ലാം അദ്ദേഹം അന്വേഷിക്കുകയും എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തത് ഞങ്ങൾക്ക് കരുത്തായി.

പത്തനംതിട്ട ജില്ലയിലെ ചെമ്പൻമുടിയിൽ അനധികൃത പാറഖനനത്തിനെതിരെ ജനങ്ങൾ അണി നിരന്നപ്പോൾ, സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എന്ന നിലയിൽ ആ സമരത്തോടൊപ്പം ഞാനും പാർട്ടിയും നിലയുറപ്പിച്ചു. റാന്നിയിൽ നടന്ന സമരത്തിൻ്റെ ഭാഗമായി 12 ഓളം പാർട്ടി പ്രവർത്തകർ ജയിൽ വാസം അനുഭവിച്ചു. ചെമ്പൻമുടിയിലെ സമരത്തെ സൂചിപ്പിച്ച് വി.എസിന് ഞാൻ ഒരു കത്ത് നൽകി. പ്രായത്തിൻ്റെ എല്ലാ പരിമിതികളും മറന്ന് വി.എസ് ചെമ്പൻമുടിയിലെത്തി. ചെമ്പൻമുടി പ്രദേശം അന്നു കണ്ട ജനസാഗരം ആരുടെയും മനസിൽ നിന്ന് മാഞ്ഞു പോകില്ല. വി.എസിൻ്റെ പിന്തുണ ആ സമരത്തിന് നൽകിയ ഊർജവും ഏറെ വലുതായിരുന്നു. സമരത്തെ വിജയിപ്പിക്കുന്നതിന് ആ സാന്നിധ്യം ഏറെ സഹായിച്ചു. 

സ. വി എസിൻ്റെ ജീവിതം പോരാട്ടങ്ങളുടെ ജീവിതമായിരുന്നു. പാർട്ടി സെക്രട്ടറി സ്ഥാനവും ഇടതുപക്ഷ ജനാധിപത്യമുന്നണി കൺവീനർ സ്ഥാനവും പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും മായിരുന്നതും സഖാവിന് പോരാട്ടങ്ങൾക്കുള്ള സ്ഥാനങ്ങൾ മാത്രമായിരുന്നു. വി.എസ് എന്ന രണ്ടക്ഷരം ജനകീയ പോരാട്ടങ്ങളുടെ പര്യായമായി മാറിയത് കേരളത്തിൻ്റെ അനുഭവപാഠമാണ്. പരിസ്ഥിതിയുടെ രാഷ്ട്രീയത്തെ പൊതു രാഷ്ട്രീയത്തിൻ്റെ മുഖ്യ അജണ്ടകളിൽ ഒന്നാക്കി മാറ്റാനും ഇത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൻ്റെ അവിഭാജ്യ ഘടകമാണെന്ന് നിലപാടെടുക്കാനും വി.എസ് മുന്നിൽ നിന്നപ്പോൾ സമാനതകളധികമില്ലാത്ത ഒരു രാഷ്ട്രീയ നിലപാട് കേരളം അനുഭവിച്ചറിഞ്ഞു.
അനീതിയോടും അഴിമതിയോടും സന്ധി ചെയ്യാതെയും,
സ്ത്രീ പീഢകരോട് വിട്ടുവീഴ്ചയില്ലാതെയും,
തൊഴിലാളികളടക്കമുള്ള സാധാരണ മനുഷ്യർക്കു വേണ്ടി അടിയുറച്ച നിലപാടുകൾ കൊണ്ട് ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തി സ. വി.എസ് അച്യുതാനന്ദൻ നമ്മളിൽ നിന്നും മറയുമ്പോൾ ‚ദീപ്തമായ ആ ജീവിതത്തിന് മുന്നിൽ ആദരപൂർവ്വം കൈകൾ കൂപ്പുന്നു….

പ്രിയ സഖാവേ…
ലാൽ സലാം….

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.