29 December 2024, Sunday
KSFE Galaxy Chits Banner 2

ആനവണ്ടിയിൽ ഒരു ഗവി യാത്ര

ബി അജയകുമാർ
April 15, 2023 3:00 am

ഓർഡിനറി എന്ന മലയാള സിനിമ വരുന്നതിന് മുമ്പ്, ഗവി ഒരു ടൂറിസം ഹോട്ട്സ്പോട്ടായി തിരിച്ചറിയപ്പെടുന്നതിനും മുൻപ് ഗവിയിൽ പോയിട്ടുണ്ട്. അൻപത് കിലോമീറ്ററോളം നീളുന്ന ആ വനയാത്ര അവിസ്മരണീയ അനുഭവമാണ്. പേരിനു മാത്രമുള്ള കാട്ടുവഴിയിലൂടെ അന്നത്തെ കാർ യാത്ര സാഹസികമായിരുന്നു. ആനച്ചൂരുള്ള വഴിയിൽ ആനക്കരുത്തിൽ ഞെരിയുന്ന ഈറ്റക്കാടുകളുടെ ഒച്ച കേട്ട് ഉള്ള് കിടുകിടുത്തത് ഇനിയും മറന്നിട്ടില്ല. പിന്നീട് കക്കി ഡാമും ചെന്താമര കൊക്കയും ഓഡിനറി എന്ന സിനിമയിൽ കണ്ടപ്പോൾ ആ സുന്ദര യാത്ര ഓർത്തു. പിന്നെയും പലപ്പോഴും ഗവി വിളിച്ചു കൊണ്ടിരുന്നു. ഗവിയ്ക്കെന്നും ഗവി ഗേളിന്റെ പ്രസരിപ്പാണ്. ഇന്ന് ഗവി ഒരുപാട് മാറി. കേരളത്തിന്റെ എക്കോ ടൂറിസത്തിന്റെ പ്രധാന സ്പോട്ടാണ് ഗവി. ഒറ്റവരിപ്പാതയാണെങ്കിലും ടാർ ചെയ്ത റോഡുണ്ട്. വനം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഒരുക്കുന്ന പരിമിതമെങ്കിലും മോശമല്ലാത്ത സൗകര്യങ്ങളുണ്ട്. ഇതിനെയെല്ലാം മറികടക്കുന്ന സൗകര്യമാണ് നമ്മുടെ സ്വന്തം ആന വണ്ടി ഗവി ടൂറിസത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.

കെഎസ്ആർടിസി മാവേലിക്കര ഡിപ്പോയിൽ നിന്ന് ഗവി ബജറ്റ് ടൂറിസം ട്രിപ്പുണ്ടെന്നറിഞ്ഞ് പാതി മനസോടെയാണ് അന്വേഷിച്ചത്. ചില മുൻ വിധികളാണ് ആശങ്കയ്ക്ക് കാരണമായത്. എങ്കിലും അല്ലലില്ലാതെ ഒരു വനയാത്ര എന്ന സ്വപ്നം മോഹിപ്പിച്ചു കൊണ്ടിരുന്നു. കുടുംബാംഗങ്ങൾക്കടക്കം ഏഴ് സീറ്റ് ബുക്ക് ചെയ്തു. രാവിലെ 5.45 ന് എന്റെ സ്റ്റോപ്പിൽ എത്തും എന്ന് അറിയിച്ചു. കൃത്യം 5.45 ന് വണ്ടി മുന്നിൽ വന്ന് നിന്നപ്പോൾ എന്റെ ആശങ്കകൾ പകുതി തീർന്നു. ഹൃദ്യമായി പെരുമാറുന്ന ചെറുപ്പക്കാരായ ജീവനക്കാർ സുഹൃത്തുക്കളായി ഞങ്ങടൊപ്പം അലിഞ്ഞു. ട്രാവൽ ആന്റ് ടൂറിസത്തിൽ മാനേജ്മെന്റ് ബിരുദമുള്ള ഊർജ്വസ്വലയായ രമ്യ, കണ്ടക്ടർ എന്നതിനപ്പുറം ഒരു ടൂർ കോർഡിനേറ്ററായി ഉയർന്നു പറന്നു. പത്തനംതിട്ട ഡിപ്പോയിൽ എത്തി ഒരു ചായയും കുടിച്ച് ഗവിയിലേക്കുള്ള പ്രത്യേക ബസിൽ യാത്ര തുടർന്നു. യഥാസമയം അറിയിപ്പുകളും നിർദ്ദേശങ്ങളും പാട്ടും വിനോദങ്ങളുമായി ശരിക്കും വിനോദ യാത്രയുടെ മൂഡ്. ആന വണ്ടി ആഡംബര വണ്ടികളേക്കാൾ നന്നെന്നു തോന്നിയ നിമിഷങ്ങൾ.

പത്തനംതിട്ട ജില്ലയിലെ ആങ്ങമൂഴി ചെക്ക്പോസ്റ്റ് കഴിയുന്നതോടെ യാത്ര കാടകത്തേക്ക്. അൻപത് കിലോമീറ്റർ വനയാത്ര കഴിഞ്ഞ് ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിൽ എത്തുംവരെ ഫോണുകൾ എല്ലാം പരിധിക്ക് പുറത്താണ്. ഇനി വനത്തിന്റെ കാഴ്ചയും ശബ്ദവും ഗന്ധവും മാത്രം. വറുതി കടന്ന് വേനൽ മഴയിൽ കുളിർന്ന കാടും പുൽമേടുകളും നവ യൗവനം വന്ന് നാൾ തോറും വളരുന്നു. എവിടെയും പച്ചത്തഴപ്പിന്റെ തിരയിളക്കം. വനം വകുപ്പിന്റെ കർശന നിയന്ത്രണം കൊണ്ടാവണം കാടിന് കഴുകിത്തുടച്ച വൃത്തി. പ്ലാസ്റ്റിക്കിന്റെ തരി പോലും വീഴാത്ത കാടകങ്ങൾ. ഗവി കന്യാവനമായി തുടരുന്നു. അലസമായി ഒഴുകി നീങ്ങുന്ന കോടമഞ്ഞ് കാടിനെ ഇത്തിരി മറച്ചും തെളിച്ച് കാട്ടിയും നമ്മളെ കൊതിപ്പിക്കും. ശബരിഗിരി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ ഭാഗമായഎട്ട് അണക്കെട്ടുകളുടെ ശൃംഖലയാണ് ഗവി മേഖലയിൽ ഉള്ളത്. അതിൽ അഞ്ച് അണക്കെട്ടുകളിലൂടെയാണ് ഗവി യാത്ര പോകുന്നത്. മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, ഗവി അണക്കെട്ടുകളും അതിന്റെ റിസർവോയറിന്റെ സമൃദ്ധിയും കണ്ട് ഫോട്ടോകളെടുത്ത് യാത്ര രസകരമാക്കാൻ ഇഷ്ടം പോലെ സാവകാശം. ആ അണക്കെട്ടുകളിൽ ജലം നിറയ്ക്കുന്ന നിബിഡ വനങ്ങളുടെ കുളിരും മണവും എത്ര ആസ്വദിച്ചാലും മതിയാവില്ല.

വേനൽ മഴയിൽ കുളിർന്നു നിൽക്കുന്ന കാട്ടിൽ ജീവിലോകവും സന്തോഷത്തിലാണ്. മയിലും മലയണ്ണാനും കാട്ടു കോഴിയും കാട്ടുപന്നിയും കരിങ്കുരങ്ങും ഒക്കെയായി കാഴ്ചയുടെ പൂരം കൊട്ടിക്കയറി കാട്ടുപോത്തിലും ആനക്കൂട്ടത്തിലുമെത്തിയപ്പോഴേക്ക് യാത്രക്കാർ മതിമറന്ന് കാട്ടിൽ ലയിച്ച് കാട്ടരുവിയ്ക്കൊപ്പം ഒഴുകുമെന്ന അവസ്ഥയിലായി. എല്ലാത്തിനും കൂട്ടായി കരുതലായി ആനവണ്ടിയിലെ പപ്പാന്മാരും. ഭക്ഷണം ഗവിയിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കാന്റീനിൽ. അവിടെ ഒരു ചെറിയ ബോട്ടിങ്ങും കഴിഞ്ഞ് യാത്ര വണ്ടിപ്പെരിയാറിലേക്ക്. ഗവി ഒരു പാട് പെരുമ നേടിയ സ്ഥലപ്പേരാണ്. പക്ഷേ ഏലത്തോട്ടത്തിന് നടുവിൽ ഒരു പോസ്റ്റ് ഓഫീസും ഒന്ന് രണ്ട് ചെറിയ കടകളും മാത്രമുള്ള, കവലയെന്നു പോലും പറയാനാവാത്ത ഒരിടമാണ് ഗവി. ഗവി പ്രൈമറി സ്കൂൾ ഇത്തിരി മാറി ഉണ്ട്. ഗവിയാത്രയെന്നാൽ അൻപത് കിലോമീറ്റർ കന്യാവനങ്ങളിലൂടെയുള്ള യാത്രയാണെന്ന് ഈ കുഞ്ഞ് കവല ഓർമിപ്പിക്കും. സസ്യ വൈവിധ്യത്തിന്റെ പ്രദർശനശാലയാണ് ഗവി വനം.

അക്കൂട്ടത്തിൽ പൗരാണികതയുടെ കിരീടം ചൂടിയ രണ്ട് മരങ്ങളുണ്ട് — ഗോഫർ മരങ്ങൾ. ഉല്പത്തി പുസ്തകത്തിൽ മഹാപ്രളയത്തിൽ നിന്ന് ജീവജാലങ്ങളെ സംരക്ഷിക്കാൻ നോഹ പെട്ടകം നിർമ്മിക്കാൻ ഉപയോഗിച്ച ഗോഫർ മരങ്ങൾ. കപ്പല് മരമെന്നും നിറം പാലി മരമെന്നും നാട്ടുകാർ വിളിക്കുന്ന ഗോഫർ മരത്തിന്റെ ശാസ്ത്രനാമം ബോഡോ കോർപ്പസ് നെജിയാന എന്നാണ്. ഏഷ്യയിൽ അപൂർവ്വമായ ഗോഫർ മരങ്ങൾ രണ്ടെണ്ണമാണ് ഗവിയിലെ ആനച്ചാൽ ചരിവിൽ റോഡിനടുത്തു തന്നെ തലയുയർത്തിനിൽക്കുന്നത്. മകര ജ്യോതി തെളിയിക്കുന്ന പൊന്നമ്പലമേടും ശബരിമല ക്ഷേത്രം അകലെ നിന്ന് കാണാവുന്ന മലമുടിയും കണ്ട് ആന വണ്ടിയിൽ മുന്നോട്ട്. അഗാധവും വിശാലവുമായ ഒരു താഴ് വരയുടെ വക്കത്ത് ഏറ്റവും ഉയരമുള്ള ഇടത്ത് കോടമഞ്ഞിന്റെ മായക്കാഴ്ചയിൽ മനം മയങ്ങി നിൽക്കുമ്പോൾ ഓഡിനറിയിലെ ചെന്താമരക്കൊക്കയാണിതെന്ന് നമ്മൾ തിരിച്ചറിയും. കോട നീങ്ങിത്തെളിയുന്ന താഴ് വരയുടെ ആഴം കണ്ട് അമ്പരക്കും.

അഞ്ച് മണിയോടെ കാടിറങ്ങി ആനവണ്ടി വണ്ടിപ്പെരിയാറിൽ എത്തി. മടക്കയാത്രയിൽ പരുന്തുംപാറയിലെ അസ്തമനം കാണാൻ കയറി. ഉത്തരവാദിത്വം ഇല്ലാത്ത ടൂറിസം ഒരിടത്തെ എത്ര മലിനവും അസുന്ദരവുമാക്കും എന്നതിന്റെ അടയാളമായി പരുന്തുംപാറ മാലിന്യക്കൂമ്പാരത്തിൽ ജീർണിച്ചു കിടക്കുന്നു. നമ്മളെത്തന്നെയല്ലാതെ ആരെ പഴി പറയാൻ! രാത്രി പത്ത് മണിക്ക് വീടിനടുത്ത സ്റ്റോപ്പിൽ ഞങ്ങളെ ഇറക്കിയപ്പോൾ ഒപ്പമുള്ള യാത്രികരെയും ആനവണ്ടിക്കാരെയും പിരിയുന്ന സങ്കടം. ആന വണ്ടിയോട് മനസിൽ വല്ലാത്തൊരിഷ്ടം. അതിജീവനത്തിന് പോരാടുന്ന ആന വണ്ടിക്ക് മനസിൽ ആശംസകൾ നേർന്നു. ടൂറിസം സാധാരണക്കാരന്റേതു കൂടിയാണെന്നും കേരളത്തിലെ ഓരോ സ്ഥലവും എല്ലാ മലയാളിയും കാണേണ്ടതാണെന്നും ഓർമ്മിപ്പിക്കുകയാണ് നമ്മുടെ സ്വന്തം ആനവണ്ടി. മാവേലിക്കര ഡിപ്പോയിൽ നിന്നുള്ള തൊണ്ണൂറ്റി നാലാമത്തെ ട്രിപ്പിലാണ് ഞാൻ പോയതെന്നോർക്കുമ്പോഴാണ് ഈ ബജറ്റ് ടൂറിസത്തിന്റെ ജനകീയത വ്യക്തമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.