22 December 2025, Monday

ചിത്രശലഭത്തിന് ഒരു ആകാശം

ബി റാം
December 18, 2025 8:49 pm

അറിയാത്ത ആകാശങ്ങളെക്കാൾ കലാകാരന് പ്രിയം അറിയുന്ന ഇത്തിരിവട്ടം ആണ് എന്ന് പണ്ടെങ്ങോ വായിച്ചത് എന്റെ ഓർമ്മയിൽ ഓളം വെട്ടുകയുണ്ടായത് ഒരുപക്ഷേ ആർ കെ ആർ നായരുടെ ‘ചിത്രശലഭത്തിന് ഒരു ആകാശം’ എന്ന ശീർഷകം കണ്ടപ്പോഴാകാം.
ആകാശം പക്ഷികൾക്കും മഴമേഘങ്ങളെ വരെ താണ്ടി പറക്കുന്ന പരുന്തുകൾക്കും വിമാനങ്ങൾക്കും പതിച്ചു നൽകിയിരിക്കുന്ന സങ്കല്പത്തിൽ നിന്നും വ്യത്യസ്തമായി കേവലം ഒരാഴ്ച മാത്രം ആയുസ്സ് ദൈവം നൽകിയിരിക്കുന്ന ചിത്രശലഭങ്ങൾക്കായി ഒരു ആകാശം എന്ന സ്വപ്നം ശീർഷകത്തിലൂടെ നൽകാൻ എഴുത്തുകാരനെ സാധിച്ചത് കവി ഹൃദയമോ, കരുണയുടെ പ്രതീകമോ ആകാം. ജീവിതത്തിന്റെ സിംഹഭാഗവും എഴുത്തിനും വായനയ്ക്കുമായി മാറ്റിവെച്ച വ്യക്തിത്വമാണ് ആർ കെ ആർ നായർ എന്നത് അദ്ദേഹത്തെ വ്യക്തിപരമായി അറിയാവുന്നവർക്ക് മാത്രമേ അറിയാവൂ.

 

ഒരുപക്ഷേ ഒരു ജീവിതപങ്കാളിയെ പോലും ജീവിതത്തിൽ കൂട്ടാത്തത് പുസ്തകങ്ങളെ പണ്ടേ പങ്കാളിയാക്കി മാറ്റിയത് കൊണ്ടാകാം. എഴുതാനിരിക്കുന്ന എന്റെ മനസിൽ ഞാൻ ജോലി ചെയ്ത പണിസ്ഥലങ്ങളിൽ കണ്ടുപിരിഞ്ഞ മറക്കാനാകാത്ത മുഖങ്ങൾ ഒന്നൊന്നായി വരുന്നു. അവരുടെ ആഹ്ലാദങ്ങളും ആശങ്കകളും അവർ എന്നിലേക്ക് ഒഴുക്കി ഉറവയിൽ നിന്നൊഴുകുന്ന ശുദ്ധജലത്തിന്റെ നൈസർഗികതയോടെ അവ എന്റെ അക്ഷരങ്ങളായി വാർന്നുവീണു എന്ന് ആമുഖക്കുറുപ്പിലെ പരാമർശം പച്ച പരമാർത്ഥം ആണ് എന്ന് ഈ പുസ്തകത്തിലെ ഓരോ കഥയും അല്ല നഗ്നസത്യങ്ങളുടെ പതിപ്പ് അതിൽ നിന്നും വായിച്ചറിയാൻ സാധിക്കും തീർച്ച. സമകാലിക സമൂഹത്തിൽ പ്രകടമാകുന്ന പല സംഗതികളും ചർച്ചകൾക്ക് വഴിയൊരുക്കുന്ന പല സങ്കല്പങ്ങളും ഹൃദയദ്രവീകരണ ശക്തിയുള്ള 21 കഥകൾ അടങ്ങിയ ചിത്രശലഭങ്ങൾക്കായി ഒരു ആകാശത്തിൽ വായനക്കാരന് കാണാവുന്നതാണ്.

 

 

ഇലക്ട്രിക് റൊമാൻസ് എന്ന ആദ്യ കഥ മുതൽ ആൻഡമാൻ ബുൾബുൾ എന്ന അവസാനത്തെ കഥവരെ വായിക്കുമ്പോൾ ചിന്തകളിൽ ചിലന്തിവല കെട്ടുന്ന ഒരു അനുഭൂതിയാണ് എനിക്കുണ്ടായത്. ലണ്ടൻ തേമ്സ് നദിയെ തഴുകിവരുന്ന കുസൃതി കാറ്റിന്റെ നർമ്മോക്തി കേട്ട് മലർക്കെ ചിരിക്കുന്ന വേനൽക്കാല സായാഹ്നം എന്ന വരിയിലൂടെയാണ് ചിത്രശലഭത്തിന് ഒരു ആകാശം എന്ന കഥയുടെ തിരശ്ശീല ഉയരുന്നത്. കത്തിയെരിയുന്ന ഇ‑മെയിൽ എന്ന കഥയിൽ പഠിക്കാൻ മികവു കാട്ടാത്ത തിരു മടിച്ചിയായ മകളുടെ തലച്ചോർ ബുദ്ധിശാലിയായ മറ്റൊരു കുട്ടിയുടെ തലച്ചോർ സർജറിയിലൂടെ വെച്ചു പിടിപ്പിക്കാൻ ശ്രമിക്കുന്ന അച്ഛനായ ഡോക്ടറുടെ കഥ പറയുമ്പോൾ സമകാലിക സമൂഹത്തിലെ രക്ഷിതാക്കൾക്ക് ഉള്ള മത്സരബുദ്ധിയെ ചോദ്യം ചെയ്യുന്നതിൽ തെറ്റില്ല എന്ന് മനസിലാകും. പുതിയ മഹാഭാരതം എന്ന കഥ കേവലം ഒരു പേജിൽ ഒതുങ്ങുന്നതാണ്. പക്ഷേ സാക്ഷാൽ മഹാഭാരതത്തിലെ ധർമ്മത്തിന്റെ വിപരീതമായ അധർമ്മങ്ങൾ ഇന്നത്തെ ലോകത്തെ അവസ്ഥയെ ചൂണ്ടിക്കാണിക്കുകയാണ്.

 

ഹസ്തിനി പുരിയുടെ വിധി കീഴ്മേൽ മറിഞ്ഞതായി ഈ കഥയിൽ കാണാം. ശകുനി അധികാരത്തെ ചാട്ടവാറാക്കി തനിക്കു വഴങ്ങാത്തവരെയെല്ലാം തല്ലി തകർത്തു, വിദേശവും സ്വദേശവും കീഴടക്കി. ഭീമൻ ശകുനിയുടെ അരിവെപ്പുകാരനായി, നകുലനും സഹദേവനും കുതിരക്കാരൻമാരായി, ദ്രൗപതി കൊട്ടാരത്തിൽ അടിച്ചു തളിക്കാരിയായി, ധർമ്മപുത്രൻ ശകുനി കൽപ്പിക്കുന്ന നുണകളുടെ പ്രചാരകനായി. എന്താ സങ്കല്പമല്ലേ? ഇന്നത്തെ ലോകത്തെ ധർമ്മമെന്ന വാക്കിന് നിഘണ്ടുവിലെങ്കിലും ഇടമുണ്ടോ എന്ന് വായനക്കാർ സ്വയം ചോദിച്ചു പോകുന്ന കഥയാണ് പുതിയ മഹാഭാരതത്തിന് പറയാനുള്ളത്.

 

അഹല്യ എന്ന കഥയിൽ ശിലയായി കിടന്ന അഹല്യ രക്ഷകനായ ശ്രീരാമനെ കാത്തു കിടന്നു. അദ്ദേഹത്തിന്റെ പാദസ്പർശമേറ്റ് ശിലയിൽ നിന്നുണർന്നു ഇനി നിനക്ക് പതിയായ ഗൗതമ മുനിയുടെ അടുത്ത് പോകാം അദ്ദേഹം നിന്നെ സ്വീകരിക്കാൻ കാത്തിരിക്കുകയാണ് എന്ന ശ്രീരാമന്റെ വാക്കുകൾക്ക് അഹല്യയുടെ മറുപടി തനിക്ക് ഭർത്താവിന്റെ അടുത്ത് പോകണ്ട പകരം സുന്ദരനും സ്നേഹശീലനുമായ ദേവേന്ദ്രന്റെ അടുത്ത് പോയാൽ മതിയെന്നായിരുന്നു. ഇന്നത്തെ ലോകത്തെ ദാമ്പത്യജീവിതങ്ങളിലെ വിടവുകൾ ചോദ്യമുനയിൽ പുതിയ അഹല്യയിലൂടെ ആർ കെ ആർ നായർ ചോദിക്കുന്നുണ്ട്. പുതിയൊരു ബൈബിൾ എന്ന കഥയിൽ സൃഷ്ടിയുടെ പ്രഭാതത്തിൽ ഉദിച്ചു തുടങ്ങിയ മനുഷ്യൻ ആർത്തിയുടെ അന്ധകാരത്തിൽ ഒടുങ്ങിയത് കാണാം. ആദമിനും ഹവ്വാക്കും വേണ്ടി ദൈവം ഏദൻ തോട്ടം സൃഷ്ടിച്ചു തേനൊലി പഴങ്ങളും, തെളിനീരരുവിയും, ശ്യാമള ചായകളും എല്ലാം കൊണ്ട് ഹൃദയഹാരിയായ ഏദൻ തോട്ടം. അതിലേക്ക് ദൈവം ആദമിനെയും ഹവ്വയെയും ആനയിച്ചു എന്നിട്ട് വാൽസല്യത്തിന്റെ സ്വരത്തിൽ പറഞ്ഞു നിങ്ങൾക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട് ഒന്നൊഴികെ ആ കാണുന്ന കരിനാഗത്തെ നിങ്ങൾ തൊടരുത് എന്ന് പറഞ്ഞുകൊണ്ട് ദൈവം മറഞ്ഞു.

 

 

കുറേക്കാലം കഴിഞ്ഞപ്പോൾ ഹവ്വ വിചാരിച്ചു ആ കരിനാഗത്തെ ഒന്ന് രുചിക്കണമെന്ന് ആഗ്രഹം ആദമിനോട് പറയുകയും ഇരുവരും അതിനെ കശാപ്പ് ചെയ്ത് കഴിച്ചു അതിന്റെ സ്വാദ് ആസ്വദിച്ചു. പക്ഷെ കരി നാഗം യഥാർത്ഥത്തിൽ ചെകുത്താൻ ആയിരുന്നു. അങ്ങനെ ചെകുത്താൻ ഇരുവരെയും പിടികൂടി. അതുവരെ ദൈവം കുടിയിരുന്ന മനുഷ്യഹൃദയങ്ങളിൽ ചെകുത്താൻ കൂടുകൂട്ടി. ഇതിൽ നിന്നും അറുതിയില്ലാത്ത മനുഷ്യന്റെ ഇന്നത്തെ അത്യാഗ്രഹം വായിച്ചറിയാൻ സാധിക്കും. തുടക്കം മുതൽ ഉള്ള എല്ലാ കഥകളിലും അനുഭവങ്ങളുടെ കലവറ തന്നെ ആർ കെ ആർ നായർ പ്രകടിപ്പിച്ചിരുന്നത് കാണാം.

 

സ്വന്തം നേത്രങ്ങളിൽ കൂടിയും മറ്റുള്ള മനുഷ്യരുടെ ഹൃദയങ്ങളിൽ ആഴ്‌നിറങ്ങി അനുഭവങ്ങളുടെ അതിരില്ലാത്ത ജീവിതങ്ങളെ കഥകളാക്കി കഥാപാത്രങ്ങൾ ആക്കി മാറ്റാൻ അദ്ദേഹത്തിന് ഈ പുസ്തകത്തിലൂടെ എഴുത്തിന്റെ ലോകത്ത് മാറ്റുകൂട്ടി എന്നത് നിസംശയം വായനക്കാർക്ക് മനസിലാകും. ഈ ഒരു പ്രായത്തിലും എഴുതാനും വായിക്കാനും അദ്ദേഹം കാണിക്കുന്ന ഉത്സാഹം യുവതലമുറയ്ക്ക് പോലും മാതൃകയാണ്. ചിത്രശലഭങ്ങൾക്ക് മാത്രമല്ല ഒരു ആകാശം വളർന്നുവരുന്ന പുതിയ തലമുറയ്ക്കും വായനയുടെ ലോകത്ത് അറിവിന്റെ ഒരു ആകാശ കോട്ട കെട്ടാൻ ഇദ്ദേഹത്തെ പോലുള്ളവരുടെ സൃഷ്ടികൾക്ക് സാധിക്കും തീർച്ച. തുടരുക ശക്തമായി എന്ന് ഒരു വരിയിലെ ആശംസയോടെ ആശകൾക്കും നിരാശകൾക്കും ആകാശങ്ങളിലെ മേഘങ്ങൾ പോലെ പ്രതീക്ഷയുടെ പ്രകാശം നൽകാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.