17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 25, 2025
March 18, 2025
February 20, 2025
February 8, 2025
February 2, 2025
January 13, 2025
January 7, 2025
January 6, 2025
January 3, 2025

മകൻ ഓർമ്മയായി; ജീവൻ പകർന്നു നൽകിയവരുമായി ഒരു പിറന്നാൾ ആഘോഷം

ഷാജി ഇടപ്പള്ളി
കൊച്ചി
July 17, 2023 7:44 pm

മകൻ ഓർമ്മയായതിന്റെ വേദനകൾ മറന്ന് , ജീവൻ പകർന്നു നൽകിയവരുമായി ഒരു പിറന്നാൾ ആഘോഷം. മകൻ നേവിസ് സാജൻ മാത്യു ജീവനോടെയില്ലെങ്കിലും മകന്റെ ജീവനുമായി കഴിയുന്ന ഏഴുപേരിൽ അഞ്ചു പേരെയും ഒരുമിച്ചു കണ്ടപ്പോൾ മാതാപിതാക്കളായ സാജൻ മാത്യുവും ഷെറിൻ ആനി മാത്യുവും വിതുമ്പി. വിറയാർന്ന ചുണ്ടുകളിൽ വാക്കുകൾ നിശബ്ദമായി. ആഘോഷത്തിന്റെ സന്തോഷവും വേർപാടിന്റെ നൊമ്പരവും അവരുടെ മുഖത്ത് തളംകെട്ടി കിടന്നു. കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർചാലുകൾ തുടച്ചുകൊണ്ട് ഏവരോടും വിശേഷങ്ങൾ പങ്കിട്ടു നടന്നപ്പോൾ കണ്ടുനിന്നവരുടെ ഹൃദയവും തേങ്ങി.കോട്ടയം കളത്തിപ്പടി പീടികയിൽ വീട്ടിൽ നേവിസ് സാജൻ മാത്യു (25 ) രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നഹൈപ്പോഗ്ലൈസീമിയ രോഗത്തെ തുടർന്ന് 2021 സെപ്റ്റംബർ 25 നാണ് രാജഗിരി ആശുപത്രിയിൽ വെച്ച് മരണപ്പെടുന്നത്. മസ്തിഷ്ക മരണം സംഭവിച്ചപ്പോൾ മകന്റെ ഓർമ്മക്കായി അവന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. കണ്ണുകളും, വൃക്കകളും, കൈകളും, കരളും, ഹൃദയവും ഏഴു പേർക്ക് പുതുജീവനേകുകയായിരുന്നു.

 

 

നേവിസ് സാജന്റെ പിറന്നാൾ ദിനത്തിൽ നേവിസ് പകർന്ന ജീവന്റെ തുടിപ്പുകൾ ഏറ്റുവാങ്ങിയവരെല്ലാം ഇന്ന് കൊച്ചി അമൃത ആശുപത്രിയിൽ ഒത്തുചേർന്നു. നേവിസിന്റെ അച്ഛൻ സാജൻമാത്യു, അമ്മ ഷെറിൻ ആനി, സഹോദരങ്ങളായ എൽവിസ്, വിസ്മയ എന്നിവരാണ് ആ ജീവന്റെ തുടിപ്പുകളുമായി കഴിയുന്നവരെ കാണാനെത്തിയത്. എനിക്ക് മൂന്ന് മക്കളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ മക്കൾ മൂന്നല്ല.. പത്തു പേരുണ്ട്.. എല്ലാവരും ഞങ്ങളെ ദിവസവും വിളിക്കും.. സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ പങ്കുവെക്കും .ഞങ്ങളുടെ ശബ്ദമൊന്ന് ഇടറിയാൽ അവർക്ക് അറിയാനാവും. എല്ലാവരും ഞങ്ങളെ പപ്പയും മമ്മിയുമെന്നാണ് വിളിക്കുന്നത്. വാക്കുകൾ പൂർത്തിയാക്കാനാവാതെ സാജൻ മാത്യുവിന്റെ കണ്ണുകൾ ഈറനണിഞ്ഞു. നേവിസിന്റെ ഹൃദയം സ്വീകരിച്ച കണ്ണൂർ സ്വദേശി കെ പ്രേംചന്ദ്, കരൾ സ്വീകരിച്ച നിലമ്പൂർ സ്വദേശി വിനോദ് ജോസഫ്, കൈകൾ സ്വകരിച്ച കർണ്ണാടക ബെല്ലാരി സ്വദേശി ബസവന ഗൗഡ, വൃക്ക സ്വീകരിച്ച തൃശൂർ സ്വദേശി ബെന്നി, നേത്രപടലം സ്വീകരിച്ച കോട്ടയം സ്വദേശി ലീലാമ്മ എന്നിവരാണ് നേവിസിന്റെ കുടുംബത്തോടൊപ്പം ഒത്തുകൂടിയത്. ഒരു വൃക്ക സ്വീകരിച്ച മലപ്പുറം സ്വദേശി അൻഷിഫും നേത്രപടലങ്ങളിൽ ഒന്ന് സ്വീകരിച്ചയാളും ഒഴികെ മറ്റെല്ലാവരും ചടങ്ങിനെത്തിയിരുന്നു. നേവിസിന്റെ ആ കൈകളുമായി ബസവന ഗൗഡയും മറ്റുള്ളവരും ചേർന്ന് പിറന്നാൾ കേക്ക് മുറിച്ച് സാജനും ഷെറിനും നൽകി.

നേവിസിന്റെ കൈയ്യിൽ നിന്നും കേക്ക് വാങ്ങുന്ന അതെ നിർവൃതിയിൽ അമ്മയും അച്ഛനും സഹോദരങ്ങളും ബസവന ഗൗഡ നൽകിയ കേക്ക് ഏറ്റുവാങ്ങുമ്പോൾ അവരുടെ കണ്ണുകളിൽ പുതിയ വെളിച്ചമായി നേവിസ് പലരിലൂടെ പുഞ്ചിരി തൂകി. സിനിമാ താരങ്ങളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, അമൃത ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രകറ്റീവ് സർജറി വിഭാഗം ചെയർമാൻ ഡോ.സുബ്രഹ്‌മണ്യ അയ്യർ ‚അമൃത ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.വി ബീന, മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ.ബാബുറാവു നാരായണൻ, അമൃത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ.കെ.പി ഗിരീഷ് കുമാർ, പേഷ്യന്റ് സർവീസസ് ജനറൽ മാനേജർ ബ്രഹ്‌മചാരിണി രഹ്‌ന തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

2021 സെപ്തംബർ 19 നാണ് അസുഖത്തെ തുടർന്ന് അബോധാവസ്ഥയിലായ നേവിസിനെ വീടിന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാരിസിൽ ബിരുദബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥിയായിരുന്ന നേവിസ് കോവിഡ് കാരണമാണ് നാട്ടിലേക്ക് എത്തിയത്. തിരിച്ചു പോകാൻ ഒരുങ്ങുന്നതിനിടെയാണ് രോഗം മൂർച്ഛിച്ചത്. എന്നാൽ ആരോഗ്യ നിലയിൽ മാറ്റമില്ലാതെ വന്നതിനെ തുടർന്ന് സെപ്തംബർ 20 ന് ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ എല്ലാവിധ വൈദ്യ സഹായങ്ങളും ലഭ്യമാക്കിയെങ്കിലും സെപ്തംബർ 25 ന് പുലർച്ചെയോടെ നേവിസിന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടർന്നാണ് നേവിസിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിച്ചത്. സംസ്ഥാന സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

Eng­lish Sum­ma­ry: a spe­cial birth­day celeberation

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.