7 December 2025, Sunday

ഇന്ത്യ — ചെെന ബന്ധങ്ങളിൽ തന്ത്രപരമായ മാറ്റം

പ്രത്യേക ലേഖകന്‍
September 16, 2025 4:45 am

ചൈനയിലെ ടിയാൻജിനിൽ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾ ദക്ഷിണാഗോള രാജ്യങ്ങളുടെ താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണെന്ന് കരുതാം. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തിലെ ചില നല്ല മാറ്റങ്ങളുടെ സൂചനകള്‍ കൂടിക്കാഴ്ച നൽകുന്നു. ചൈനീസ് പ്രസിഡന്റുമായുള്ള ചർച്ചയിൽ പ്രധാനമന്ത്രി പറഞ്ഞകാര്യങ്ങള്‍ ആഴത്തില്‍ പരിശോധിച്ചാല്‍, കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ യുഎസിന്റെ പങ്കാളിയാണെന്ന ധാരണ തിരുത്തുന്ന നയതന്ത്രത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കുമെന്നും പ്രതീക്ഷിക്കാം.

288 കോടി ജനസംഖ്യയുള്ള രണ്ട് ഏഷ്യൻ രാജ്യങ്ങളിലെ നേതാക്കളുടെ ചർച്ചകളിലെ ഏറ്റവും പ്രധാന ഘടകം തന്ത്രപരമായ സ്വയംഭരണം എന്ന ആശയത്തിന് ഊന്നൽ നൽകുകയും ഇരുവരും എതിരാളികളായല്ല, പങ്കാളികളായാണ് കാണുക എന്നതുമാണ്. ഒരു മൂന്നാം ശക്തിയുടെ കണ്ണിലൂടെ പരസ്പരം കാണരുതെന്നും ഇരുനേതാക്കളും സമ്മതിച്ചു. ഉഭയകക്ഷി ബന്ധം പുതിയതലത്തില്‍ മെച്ചപ്പെടുത്തുന്നതിന് ഈ ധാരണ ഒരു വഴിത്തിരിവായേക്കും. രാജ്യങ്ങള്‍ക്കിടയില്‍ പരസ്പരവിശ്വാസം ഉണ്ടായിരിക്കണമെന്നും തന്ത്രപരമായ സ്വയംഭരണം എന്ന ആശയം യഥാർത്ഥ അർത്ഥത്തിൽ പിന്തുടരണമെന്നും മാത്രമാണ് വ്യവസ്ഥ.
2018ൽ നടന്ന ഉച്ചകോടി ചർച്ചകൾക്ക് ശേഷം ഏഴ് വർഷത്തെ ഇടവേള കഴിഞ്ഞാണ് നരേന്ദ്ര മോഡിയും ഷി ജിൻപിങ്ങും ഇത്രയും വിശദമായ ഉഭയകക്ഷി ചർച്ചകൾ നടത്തിയത്. ഇത്തവണ ആഗോള രാഷ്ട്രീയ സ്ഥിതിയും തികച്ചും വ്യത്യസ്തമായിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കയറ്റുമതിയിൽ 50% തീരുവ ചുമത്തി ഇന്ത്യക്കെതിരെ ആരംഭിച്ച വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലം ചര്‍ച്ചകള്‍ക്ക് ഊര്‍ജം പകര്‍ന്നു. ഏഷ്യൻ രാജ്യങ്ങള്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന താരിഫാണിത്. 

മൂന്നാം കക്ഷിയുടെ കാഴ്ചപ്പാടില്‍ ബന്ധങ്ങളെ കാണരുതെന്ന ഇന്ത്യയുടെ ഊന്നൽ വളരെ പ്രധാനമാണ്. കാരണം ചൈനീസ് നിരൂപകർ തന്നെ പറയുന്നത്, ഇന്ത്യ ചൈനയെ വശീകരിക്കാൻ തുടങ്ങിയിരിക്കുന്നു എന്നാണ്. ഓരോ രാജ്യത്തിനും തന്ത്രപരമായ സ്വയംഭരണത്തിലും സ്വതന്ത്ര വിദേശനയം ഉണ്ടായിരിക്കാനുള്ള അവകാശത്തിലുമുള്ള ഇന്ത്യയുടെ വിശ്വാസത്തിന്റെ ഭാഗമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. 

2020ലെ ഗൽവാൻ ഏറ്റുമുട്ടലിനുശേഷം അതിർത്തി പ്രശ്നങ്ങളും യുഎസ് സ്പോൺസർ ചെയ്ത ക്വാഡിലെ ഇന്ത്യയുടെ അംഗത്വവും ഇന്ത്യ‑ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിന് പ്രധാന തടസമായിരുന്നുവെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. എന്നാല്‍ അതിർത്തി പ്രശ്നം മൊത്തത്തിലുള്ള ബന്ധത്തെ നിർവചിക്കാൻ ഇരുരാജ്യങ്ങളും ഘടകമാക്കരുതെന്ന് ഷി പറഞ്ഞു. തന്ത്രപരവും ദീർഘകാലവുമായ വീക്ഷണത്തില്‍ ഇരുരാജ്യങ്ങളും ബന്ധങ്ങളെ കൈകാര്യം ചെയ്യണമെന്ന ചൈനീസ് പ്രസിഡന്റിന്റെ സമീപനം പ്രായോഗികമാണെന്ന് പ്രധാനമന്ത്രി കരുതിയിരിക്കണം. അതല്ലെങ്കിൽ ചൈനയിലേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിക്കാനും ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസകൾ കൂടുതൽ ഉദാരമാക്കാനും ഇന്ത്യ സമ്മതിക്കുമായിരുന്നില്ല. 

ഭീകരതയ്ക്കെതിരായ പോരാട്ടവുമായി ബന്ധപ്പെട്ടും ഇന്ത്യക്ക് മറ്റൊരു വിജയഘടകമുണ്ട്. പഹൽഗാം കൊലപാതകങ്ങളെ അപലപിക്കുകയും ഇന്ത്യയുടെ ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് പിന്തുണ നൽകുകയും ചെയ്യുന്നതിൽ ചൈനീസ് പ്രസിഡന്റ് നിശ്ചയദാര്‍ഢ്യം പുലർത്തി. എസ്‌സിഒ പ്രഖ്യാപനത്തിൽ പഹൽഗാം കൊലപാതകങ്ങള്‍ പരാമർശിക്കുകയും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്വാഭാവികമായും എസ്‌സി‌ഒ പാകിസ്ഥാനെക്കുറിച്ച് പരാമർശിച്ചുമില്ല. എസ്‌സി‌ഒ പ്രതിരോധമന്ത്രിമാരുടെ പ്രഖ്യാപനവുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിലെ പ്രമേയം വളരെ ശക്തമായിരുന്നു. പ്രതിരോധമന്ത്രിമാരുടെ പ്രസ്താവന പഹൽഗാമിനെക്കുറിച്ച് പരാമർശിക്കാതെ ബലൂചിസ്ഥാൻ കൊലപാതകങ്ങളെയാണ് അപലപിച്ചത്. ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആ പ്രഖ്യാപനത്തിൽ ഒപ്പിടാൻ വിസമ്മതിക്കുകയും ചെയ്തു.

എസ്‌സിഒ യോഗത്തിൽ പൂർണ അംഗമായ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെക്കാൾ ഉയർന്ന സ്വാധീനമുള്ള ഇന്ത്യയുടെ ശ്രമഫലമായാണ് രാജ്യത്തിന് അനുകൂലമായ എസ്‌സിഒ പ്രഖ്യാപനത്തിൽ മാറ്റം വന്നത്. ഷി — മോഡി ചർച്ചകളിൽ ഇ­പ്പോള്‍ കാണിച്ച മനോഭാവം പിന്തുടരുകയാണെങ്കിൽ, ഇന്ത്യയിൽ കൂടുതൽ ചൈനീസ് നിക്ഷേപം, ചൈനയിലേക്ക് കൂടുതൽ ഇന്ത്യന്‍ ഇറക്കുമതി തുടങ്ങിയ വിഷയങ്ങള്‍ ഔദ്യോഗികതലത്തിൽ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയും എന്നതാണ് പ്രധാനം. രണ്ട് രാജ്യങ്ങളുടെയും ആഭ്യന്തര വിപണി വളരെ വലുതാണ്. അതിനാൽ അമേരിക്കയിൽ നിന്നുള്ള വ്യാപാര ആഘാതത്തിന്റെ ഒരു ഭാഗം മറികടക്കാൻ കൂടുതൽ നിക്ഷേപങ്ങളിലൂടെ ചൈനയ്ക്കും ചൈനയിലേക്കുള്ള കയറ്റുമതികളിലൂടെ ഇന്ത്യക്കും വഴികൾ കണ്ടെത്താനാകും.
എന്നാൽ ഇന്ത്യയും ‘ക്വാഡും’ എങ്ങനെയാകും എന്ന അസ്വസ്ഥത ചൈനയ്ക്ക് ഇപ്പോഴുമുണ്ട്. ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് മോഡി അമേരിക്കയ്ക്ക് അനുകൂലമായി കാണിച്ച വ്യക്തിപരമായ ചായ്‌വാണ് ഇതിന് കാരണം. ഈ വർഷം ഇന്ത്യയിലാണ് ക്വാഡ് ഉച്ചകോടി നടത്താൻ തീരുമാനിച്ചിരുന്നത്. ട്രംപ് അതിനായി ഡൽഹി സന്ദർശിക്കേണ്ടതായിരുന്നു. എന്നാൽ വാഷിങ്ടണിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ട്രംപ് ഇന്ത്യയില്‍ വരാനിടയില്ല എന്നാണ്. പ്രധാനമന്ത്രിയുടെ യുഎസ് പ്രസിഡന്റുമായുള്ള നിലവിലെ ബന്ധം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ അത് നടത്തുന്നതിലും അനിശ്ചിതത്വം നിലനിൽക്കുന്നു. മറ്റ് അംഗരാജ്യങ്ങളായ ജപ്പാനിലേക്കോ ഓസ്ട്രേലിയയിലേക്കോ ക്വാഡ് ഉച്ചകോടി മാറ്റാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ, ക്വാഡിന്റെ ആതിഥേയത്വം വഹിക്കുന്നതിൽ നിന്ന് മോഡിക്ക് ആശ്വാസമാകും.

ചൈനയും ഇന്ത്യയും സ്വതന്ത്ര വിദേശനയം ഊന്നിപ്പറഞ്ഞിട്ടുണ്ട്. അങ്ങനെയാവുമ്പോള്‍ ഇന്ത്യക്ക് ക്വാഡിൽ അംഗമായി തുടരാം. ഒപ്പം തന്ത്രപരമായ സ്വയംഭരണത്തിന്റെ അടിസ്ഥാനത്തിൽ ചൈനയുമായും റഷ്യയുമായും ബന്ധം തുടരാം. എന്നാൽ റഷ്യയിൽ നിന്നുള്ള ഇന്ത്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ പശ്ചാത്തലം മാധ്യമങ്ങൾ പരാമർശിച്ചപ്പോൾ ഇന്ത്യക്ക് അങ്ങനെയൊരു അവകാശം നൽകില്ലെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വൈസ് പ്രസിഡന്റ് ജെ ഡി വാൻസും വ്യക്തമാക്കിയത്. അതായത് മോഡി തന്ത്രപരമായ സ്വയംഭരണത്തെക്കുറിച്ച് പറയുമ്പോൾ, യുഎസ് അത് നിഷേധിക്കുന്നു. അതിനാൽ യുഎസിൽ നിന്ന് വരുംദിവസങ്ങളിൽ ഉണ്ടാകാവുന്ന ആക്രമണങ്ങളില്‍ നിന്ന് ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തെ പ്രതിരോധിക്കാൻ മോഡി എന്തുചെയ്യും എന്നത് വളരെ പ്രധാനമാണ്.

ട്രംപ് തികച്ചും സ്വേച്ഛാധിപതിയാണ്. പ്രവചനാതീതമായ കാരണങ്ങളാൽ അദ്ദേഹം പലപ്പോഴും തന്റെ നിലപാട് മാറ്റുന്നു. അതിനാൽ ഇന്ത്യക്കുമേലുള്ള 25% അധിക തീരുവ ട്രംപ് പിൻവലിച്ചാല്‍, ഇന്ത്യക്ക് അതിനോട് പ്രതികരിക്കാൻ കഴിയും. അതും തന്ത്രപരമായ സ്വയംഭരണത്തിന്റെ ഭാഗമായിരിക്കും. എന്നാല്‍ ഓഗസ്റ്റ് 31ന് പ്രസിഡന്റ് ഷി പ്രകടിപ്പിച്ച വീക്ഷണങ്ങൾ അപ്പോഴും ഇന്ത്യയെക്കുറിച്ച് പുലർത്തുമോ?
നിലവില്‍ ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ ഇന്ത്യ ശരിയായ പാതയിൽ എത്തിയിരിക്കുന്നു. ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രക്രിയ ഇപ്പോൾ ആരംഭിക്കാം. പ്രധാനമന്ത്രി തന്റെ യുഎസ് അനുകൂല നിലപാടിൽ നിന്ന് മാറി തന്ത്രപരമായ സ്വയംഭരണത്തിനുള്ള വിദേശനയം രൂപപ്പെടുത്തിയാൽ, ഇന്ത്യക്ക് ഒരേസമയം യുഎസ്, ചൈന, റഷ്യ എന്നിവയുമായി പ്രവർത്തന ബന്ധം സ്ഥാപിക്കാൻ കഴിയും. ബഹുധ്രുവ ലോകത്തിനുള്ള നയതന്ത്രത്തിന്റെ ലക്ഷ്യവും കാതലുമാണ് ഇത്.
(ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.