
തോട്ടംതൊഴിലാളി മേഖലയിലെ ശക്തനായ പോരാളിയാണ് വാഴൂർ സോമന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ അനുശാചന സന്ദേശത്തിൽ പറഞ്ഞു. ജനങ്ങളുടെ ജീവൽ പ്രശ്‌നങ്ങളിൽ അവർക്കൊപ്പം നിന്ന് പോരാട്ടം നയിച്ചിരുന്ന ജനപ്രതിനിധിയായിരുന്ന അദ്ദേഹം.
വാഴൂർ സോമനും ഞാനുമായി നാല് പതിറ്റാണ്ടിന്റെ ആത്മബന്ധമുണ്ട്. ഒരു ജില്ലയിലെ അടുത്തടുത്ത പഞ്ചായത്തുകാരാണ് ഞങ്ങൾ. കോട്ടയത്തെ വാഴൂരിൽ ആരംഭിച്ച പൊതുപ്രവർത്തനം കോട്ടയത്തെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ എത്തിച്ചു, അവിടെ നിന്നും ഇടുക്കിയിലെ പീരുമേട് തോട്ടം തൊഴിലാളി മേഖലകളിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു വാഴൂർ സോമൻ.
പലഘട്ടങ്ങളിലും തൊഴിലാളികൾക്കുവേണ്ടിയുള്ള സമരപോരാട്ടങ്ങളിൽ സഖാവിനൊപ്പം യോജിച്ച് പ്രവർത്തിക്കുന്നതിന് സാധിച്ചിട്ടുണ്ട്. പാർലമെന്ററി രംഗത്ത് മികച്ച പ്രവർത്തനമാണ് സഖാവ് കാഴ്ചവച്ചത്. മലയോര മേഖലയിലെ ജനങ്ങളുടെ ജീവൽ പ്രശ്‌നങ്ങൾ, തൊഴിലാളികളുടെ പ്രശ്‌നങ്ങൾ എന്നിവയെല്ലാം ദൃഢതയോടെ പഠിച്ച് അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്ന സാമാജികനായിരുന്നു വാഴൂർ സോമൻ. കൂട്ടിക്കൽ ദുരന്തത്തിന്റെ സമയത്ത് രക്ഷാ പ്രവർത്തന രംഗത്ത് ഒന്നിച്ച് പ്രവർത്തിച്ച സമയത്ത് അദ്ദേഹത്തിന്റെ നേതൃമികവ് ഞാൻ അടുത്തറിഞ്ഞതാണ്. അവസാനമായി ഇന്നലെയും അദ്ദേഹവുമായി സംസാരിച്ചിരുന്നു.
ശബരിമല തീർത്ഥാടനകാലത്ത് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെകുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവെച്ചിരുന്നു. എല്ലാ രംഗത്തും സജീവമായി നിന്നിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് അത്യന്തം വേദനാജനകവും ഞെട്ടൽ ഉളവാക്കുന്നതുമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങൾ അവതരിപ്പിച്ച വേദിയിലാണ് അദ്ദേഹം കുഴഞ്ഞ് വീണ് വിടപറഞ്ഞത്. സഖാവിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും, സഹപ്രവർത്തകരുടെയും ദുഖ:ത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പത്രകുറിപ്പിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.