ഉത്തർപ്രദേശിലെ മീററ്റിൽ സ്വകാര്യ സർവകലാശാല ഗ്രൗണ്ടിൽ നിസ്കരിച്ചതിന് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത് പൊലീസ്. സർവകലാശാല കാമ്പസിൽ വിദ്യാര്‍ത്ഥികൾ നിസ്കരിക്കുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ഹിന്ദു ഗ്രൂപ്പുകൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. മീററ്റിലെ ഐഐഎംടി യൂണിവേഴ്സിറ്റി കാമ്പസിലാണ് സംഭവം. വിദ്യാര്‍ത്ഥികൾ നിസ്കരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഖാലിദ് പ്രധാൻ ആണ് അറസ്റ്റിലായത്. സംഭവത്തിൽ ഖാലിദ് പ്രധാനെയും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയും സർവകലാശാല അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് ഖാലിദ് പ്രധാനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
കാർത്തിക് ഹിന്ദു എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഗംഗാ നഗർ പൊലീസ് അറിയിച്ചു. തുറസായ സ്ഥലത്ത് നിസ്കരിച്ചതും, അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും സാമുദായിക ഐക്യം തകർക്കാൻ വേണ്ടിയാണെന്നാണ് ആരോപണം. ഹോളി സമയത്താണ് വീഡിയോ പ്രചരിച്ചതെന്നതും പ്രസക്തമാണെന്ന് ഹിന്ദുസംഘടനകൾ വാദിച്ചു. അതേസമയം സമൂഹമാധ്യമങ്ങളിലുൾപ്പെടെ അറസ്റ്റിനെതിരെ വലിയ രീതിയിലുള്ള വിമർശനം ഉയരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.