1991ലെ ആരാധനാലയ (പ്രത്യേക നിബന്ധന) നിയമവുമായി ബന്ധപ്പെട്ട പുതിയ കേസുകൾ സ്വീകരിക്കുന്നതിനും നിലവിലുള്ള കേസുകളിലെ നടപടിക്രമങ്ങളും അവയുടെമേൽ പുതിയ ഉത്തരവുകളും തടഞ്ഞുകൊണ്ടുമുള്ള ഡിസംബർ 12ന്റെ സുപ്രീം കോടതി ഉത്തരവ് വർഗീയതയ്ക്കെതിരെ മതനിരപേക്ഷതയ്ക്ക് ഏറെ പ്രതീക്ഷയ്ക്ക് വകനൽകുന്ന ഒന്നാണ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച 1947 ഓഗസ്റ്റ് 15ലെ ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം അപ്രകാരം സംരക്ഷിച്ച് നിലനിർത്തുന്നതിന് ലക്ഷ്യംവച്ച് പാർലമെന്റ് ഏകകണ്ഠമായി പാസാക്കിയതാണ് പ്രസ്തുത നിയമം. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം സംരക്ഷിക്കുന്നതിനും ആരാധനാലയങ്ങളുടെ നൂറ്റാണ്ടുകളായി നിലനിന്നുപോന്ന മതപരമായ സ്വാഭാവം നിലനിർത്തുന്നതിനും ആരാധനാലയങ്ങളുടെ പേരിൽ സമാധാനാന്തരീക്ഷം തകർക്കുന്നതും വർഗീയകലാപങ്ങൾ കുത്തിപ്പൊക്കുന്നത് തടയുന്നതിനും ലക്ഷ്യംവച്ചുള്ളതായിരുന്നു പ്രസ്തുത നിയമനിർമ്മാണം. ബാബ്റി മസ്ജിദ് തകർക്കപ്പെട്ട ദൗർഭാഗ്യകരമായ സംഭവത്തിന് ഒരു വർഷംമുമ്പ് പാസാക്കിയ നിയമത്തിന്റെ പരിധിയിൽനിന്നും പ്രസ്തുത തർക്കപ്രശ്നം ഒഴിവാക്കപ്പെട്ടിരുന്നു. ബാബ്റി മസ്ജിദ് — രാമജന്മഭൂമി വിഷയം പരമോന്നത കോടതിയുടെ പരിഗണനയിൽ ഇരിക്കവെയാണ് അതുമാത്രം ഒഴിവാക്കിക്കൊണ്ട് പാർലമെന്റ് അത്തരം ഒരു നിയമനിർമ്മാണത്തിന് മുതിർന്നത്. സമാനമായ തർക്കങ്ങൾക്ക് ആത്യന്തിക വിരാമമിടുകയായിരുന്നു നിയമനിർമ്മാണത്തിന്റെ ലക്ഷ്യം. 2019ൽ സുപ്രീം കോടതി പ്രസ്തുത നിയമത്തിന്റെ സാധുത ഉയർത്തിപ്പിടിക്കുകയും നിയമം രാജ്യം അംഗീകരിക്കുന്ന മതപരമായ തുല്യതയുടെ പ്രതിഫലനമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ 2022ൽ അന്നത്തെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഗ്യാൻവാപി മോസ്‌കുമായി ബന്ധപ്പെട്ട കേസിൽ 1991ലെ നിയമം ആരാധനാലയങ്ങളുടെ സ്വഭാവം നിർണയിക്കുന്നതിൽ തടസമല്ലെന്ന് നടത്തിയ നിരീക്ഷണം അക്ഷരാർത്ഥത്തിൽ കുപ്രസിദ്ധമായ ‘പണ്ടോരയുടെ പെട്ടി’ തുറന്നതിന് തുല്യമായി മാറുകയായിരുന്നു.
ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണം നൂറ്റാണ്ടുകൾ പഴക്കമുള്ള മുസ്ലിം പള്ളികളുടെയും ദർഗകളുടെയും ഉടമസ്ഥാവകാശം ഉന്നയിക്കുന്നതിനും രാജ്യത്ത് വർഗീയ സംഘർഷം വളർത്തുന്നതിനും വഴിവച്ചു. അത് ഏറ്റവും അവസാനം ഉത്തർപ്രദേശിലെ സംഭാലിൽ അഞ്ച് മനുഷ്യജീവനുകൾ കവർന്ന കലാപത്തോളം എത്തിനിൽക്കുന്നു. രാജ്യത്തെ പത്ത് മുസ്ലിം ആരാധനാലയങ്ങളുടെ ഉടമാവകാശം സംബന്ധിച്ച 18 വ്യവഹാരങ്ങൾ വിവിധ കോടതികളിൽ നിലനിൽക്കുന്നു. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും വ്യവഹാരങ്ങൾക്കും വർഗീയ കലാപങ്ങൾക്കും വഴിതുറക്കുംവിധം 1991ലെ നിയമം ദുർബലവും അപ്രസക്തവുമായി മാറിയിരിക്കുന്നു. ഈ സവിശേഷ സാഹചര്യത്തിലാണ് മതനിരപേക്ഷതയ്ക്കും രാജ്യത്തെ സമാധാനപരമായ മത‑സാമൂഹിക അന്തരീക്ഷത്തിനും പ്രതീക്ഷനൽകുന്ന സുപ്രീംകോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്. സുപ്രീം കോടതി അഞ്ചംഗ ബെഞ്ച് തങ്ങളുടെ അയോധ്യാ വിധിയിൽ ആരാധനാലയ നിയമത്തിന്റെ സാധുത ഉയർത്തിപ്പിടിച്ചിരുന്നെങ്കിലും തുടർന്ന് തീവ്ര ഹിന്ദുത്വ ശക്തികൾ പ്രസ്തുത നിയമത്തെ 2020ൽ ചോദ്യം ചെയ്യുകയുണ്ടായി. വിഷയത്തിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന്റെ മറുപടി ആവശ്യപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ നാലുവർഷങ്ങളായി അതിനോട് പ്രതികരിക്കാൻ മോഡിസർക്കാർ സന്നദ്ധമായിട്ടില്ല. ആരാധനാലയങ്ങൾ സംബന്ധിച്ച തർക്കങ്ങളും വ്യവഹാരങ്ങളും വർഗീയ കലാപമടക്കം സംഘർഷങ്ങളും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് അനുകൂലമാണെന്ന നിലപാടാണ് സർക്കാരിന്റേതെന്ന് വിഷയം ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അവലംബിച്ച നിലപാട് സംശയാതീതമായി തെളിയിക്കുന്നു. സിവിൽ കേസുകൾ സ്റ്റേ ചെയ്യുന്നതിന് എതിരെ മുതിർന്ന അഭിഭാഷകർ തടസവാദവുമായി രംഗത്തുവന്നതും സർക്കാരിന്റെയും തീവ്ര ഹിന്ദുത്വ ശക്തികളുടെയും ഉള്ളിലിരിപ്പ് തുറന്നുകാട്ടുന്നുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി വി സഞ്ജയ് കുമാർ, കെ വി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് ആരാധനാലയങ്ങൾ സംബന്ധിച്ച 2019ലെ അഞ്ചംഗ ബെഞ്ചിന്റെ വിധി ഉയർത്തിപ്പിടിക്കുക മാത്രമല്ല ‘മധ്യകാല ഭരണാധികാരികളുടെ നടപടികൾക്ക് സമാശ്വാസവും തിരുത്തലും നിയമംവഴി സാധ്യമല്ലെന്നും’ വ്യക്തമാക്കുകയുണ്ടായി. വിഷയത്തിൽ നാലുവർഷമായി നൽകാത്ത മറുപടി നാലാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ കോടതി കേന്ദ്രസർക്കാരിന് നിർദേശം നല്കിയിരിക്കുകയുമാണ്.
ആരാധനാലയ നിയമത്തിന്റെ മൂന്നാം ഖണ്ഡം ‘ഭരണഘടനാ തത്വങ്ങളുടെ ആവർത്തിച്ചുറപ്പിക്കലിന്റെ ഫലപ്രദമായ പ്രകടന’മാണെന്ന്’ വ്യക്തമാക്കിയ കോടതി മതേതരത്വം, അന്തസ്, സൗഭ്രാതൃത്വം, മതസ്വാതന്ത്ര്യം എന്നിവയെ നിയമം ഉൾക്കൊള്ളുന്നതായും വിലയിരുത്തി. 1991ലെ നിയമത്തിന്റെ അഭാവത്തിലും മേല്പറഞ്ഞ ഭരണഘടനാ തത്വങ്ങൾ പ്രസക്തവും നിലവിലുള്ള കേസുകൾ അവയുടെ നിഷേധവുമാണെന്നുമുള്ള കോടതിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. ഹിന്ദുത്വ ശക്തികളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരുടെ തടസവാദങ്ങളെ അപ്പാടെ നിരാകരിച്ചുകൊണ്ടാണ് സുപ്രീം കോടതി പതിനാറാം നൂറ്റാണ്ടിലെ മുഗൾ
‘ആക്രമണകാരികൾ’ തകർത്തതെന്ന് ആരോപിക്കപ്പെടുന്ന ഹിന്ദു ക്ഷേത്രങ്ങൾ ‘വീണ്ടെടുക്കുന്ന’തുമായി ബന്ധപ്പെട്ട കേസുകളിൽ വിധി പറയുന്നതും പുതിയവ കോടതികളിൽ രജിസ്റ്റർചെയ്യുന്നതും മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീം കോടതിയുടെ ഈ ഉത്തരവ് സമീപ ഭാവിയിലും ദീർഘകാല അടിസ്ഥാനത്തിലും കലുഷിതമായ വ്യവഹാര അന്തരീക്ഷത്തിലും സാമൂഹിക അസ്വസ്ഥതകളിലും നിർണായക സ്വാധീനം ചെലുത്തുമെന്നുവേണം വിലയിരുത്താൻ. സുപ്രീം കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ് രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യത്തിനുനേരെ തീവ്രവർഗീയത തുടർന്നുവരുന്ന കടന്നാക്രമണത്തിന് താത്കാലിക വിരാമം മാത്രമാണ്. മതനിരപേക്ഷത സംരക്ഷിക്കാനുള്ള സാമൂഹികവും രാഷ്ട്രീയവും നിയമപരവുമായ സുദീർഘ പോരാട്ടത്തിന്റെ വിജയകരമായ ഒരു ഘട്ടം മാത്രമാണ് ഇപ്പോഴത്തെ സുപ്രീം കോടതിവിധി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.