ഗവര്‍ണര്‍ ആര്‍എന്‍ രവിയെ “സമാധാനത്തിന് ഭീഷണി” എന്ന് വിശേഷിപ്പിച്ച തമിഴ്നാട് സര്‍ക്കാര്‍ അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തടയുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും ഭരണപക്ഷമായ ഡിഎംകെ രാഷ്ട്രപതിക്ക് അയച്ച മെമ്മോറാണ്ടത്തില്‍ പറയുന്നു.
ഭരണഘടനയെയും നിയമത്തെയും സംരക്ഷിക്കാമെന്ന സത്യപ്രതിജ്ഞ ഗവര്‍ണര്‍ ലംഘിച്ചിരിക്കുകയാണ്. നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതിന് അദ്ദേഹം കാലതാമസം വരുത്തുന്നതായും ഡിഎംകെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് അയച്ച കത്തില്‍ പറയുന്നു. “അദ്ദേഹത്തിന്റെ ചില പ്രസ്താവനകള്‍ രാജ്യദ്രോഹപരവും സര്‍ക്കാരിനോട് അതൃപ്തി ജനിപ്പിക്കുന്നതുമാണ്.” പാര്‍ട്ടി അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പറഞ്ഞു. ഭരണഘടനാപദവിയില്‍ തുടരുന്നതിന് ആര്‍എന്‍ രവി യോഗ്യനല്ല. അതിനാല്‍ അദ്ദേഹത്തെ പുറത്താക്കണം.
അതേസമയം ഇതേക്കുറിച്ച് ഗവര്‍ണര്‍ പ്രതികരിച്ചിട്ടില്ല. ഈ മാസം ആദ്യം ഗവര്‍ണറെ പുറത്താക്കാന്‍ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട് ഡിഎംകെ സമാന മനസ്കരായ എംപിമാര്‍ക്ക് കത്തയച്ചിരുന്നു. തമിഴ്നാട്ടില്‍ 20 ബില്ലുകളാണ് ഗവര്‍ണറുടെ അനുമതി കാത്ത് കെട്ടിക്കിടക്കുന്നത്. ഗവര്‍ണറെ നിയമിക്കാനും നീക്കം ചെയ്യാനും രാഷ്ട്രപതിക്കാണ് അധികാരമുള്ളത്.
സംസ്ഥാന മന്ത്രിസഭ ഒരു ബില്ല് ഗവര്‍ണറുടെ അനുമതിക്ക് അയച്ചാല്‍ ഒരു തവണ അദ്ദേഹത്തിന് അത് തിരിച്ചയയ്ക്കാം. വീണ്ടും അതേ ബില്‍ ലഭിക്കുകയാണെങ്കില്‍ തിരിച്ചയയ്ക്കാന്‍ ഗവര്‍ണര്‍ക്ക് സാധിക്കില്ല. ദക്ഷിണേന്ത്യയില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ദൈനംദിനം കൊമ്പ് കോര്‍ക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. കേരളം, തെലങ്കാന എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. ഈ ഗവര്‍ണര്‍മാര്‍ കേന്ദ്രസര്‍ക്കാരിന്റെ പാവകളാണെന്നും ബിജെപിയുടെ രാഷ്ട്രീയം സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മൂന്ന് സംസ്ഥാനങ്ങളിലെയും നേതാക്കള്‍ ആരോപിക്കുന്നത്.
തെലങ്കാനയില്‍ തമിളിസൈ സൗന്ദരരാജനും ടിആര്‍എസ് സര്‍ക്കാരും തമ്മില്‍ നിരന്തരം ഏറ്റുമുട്ടുകയാണ്. ഗവര്‍ണറാകുന്നതിന് മുമ്പ് തമിഴ്നാട്ടിലെ ബിജെപിയുടെ മുതിര്‍ന്ന വനിതാ നേതാവായിരുന്നു തമിളിസൈ. കേരളത്തിലേത് പോലെ സംസ്ഥാന സര്‍വ്വകലാശാലയിലെ നിയമനങ്ങളുടെ പേരിലാണ് ഇവിടെയും സര്‍ക്കാരും ഗവര്‍ണറും ഏറ്റുമുട്ടുന്നത്.
English Summery: A Threat to Peace Sack Governor Immediately DMK To President
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.