
ഗാസയിലെ കഫേ ആക്രമിക്കാന്‍ ഇസ്രയേല്‍ സെെന്യം ഉപയോഗിച്ചത് 500 പൗണ്ട് (230 കിലോഗ്രാം) യുഎസ് നിര്‍മ്മിത ബോംബ്. കുട്ടികൾ, സ്ത്രീകൾ, പ്രായമായവർ എന്നിവരുൾപ്പെടെ സാധാരണക്കാരുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ ഇത്തരം ആയുധം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും യുദ്ധക്കുറ്റമായി കണക്കാക്കാമെന്നും അന്താരാഷ്ട്ര നിയമ വിദഗ്ധര്‍ പറയുന്നു. ആക്രമണത്തില്‍ തകര്‍ന്ന അല്‍ ബഖ കഫേയില്‍ നിന്ന് ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. യുഎസ് നിർമ്മിത എംകെ- 82 ജനറൽ പർപ്പസ് ബോംബിന്റെ ഭാഗങ്ങളാണിതെന്ന് പ്രതിരോധ വിദഗ്ധര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഫോടനത്തെതുടര്‍ന്നുണ്ടായ വലിയ ഗര്‍ത്തം, എംകെ-82 പോലുള്ള വലുതും ശക്തവുമായ ബോംബ് ഉപയോഗിച്ചതിന്റെ തെളിവാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കഫേയിലെ ആക്രമണത്തിനു മുമ്പ് വ്യോമ നിരീക്ഷണം ഉപയോഗിച്ച് സാധാരണക്കാർക്ക് ദോഷം വരുത്താനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെന്ന് പതിവ് ന്യായീകരണമാണ് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പറയുന്നത്. ആക്രമണത്തിൽ 36 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും ഡസൻ കണക്കിന് പേർക്ക് പരിക്കേറ്റെന്നുമാണ് കണക്കുകള്‍. മരിച്ചവരിൽ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും കലാകാരനും, 35 വയസുള്ള വീട്ടമ്മയും നാല് വയസുകാരനും ഉള്‍പ്പെടുന്നു. ജെനീവ കണ്‍വെന്‍ഷന്‍ പ്രകാരം, സാധാരണക്കാരുടെ മരണത്തെ ന്യായീകരിക്കുന്നതിന്, അത്തരമൊരു ലക്ഷ്യത്തിന്റെ സൈനിക നേട്ടം പ്രധാനമാണെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആക്രമണത്തില്‍ ആരെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേലി സൈന്യം വ്യക്തമാക്കിയിട്ടില്ല. പക്ഷേ സാധാരണക്കാരുടെ മരണം കുറയ്ക്കാൻ വ്യോമ നിരീക്ഷണം നടത്തിയെന്ന് പറയുന്നു. അതായത് ആക്രമണ സമയത്ത് കഫേയില്‍ ധാരാളം സാധരണക്കാരുണ്ടായിരുന്നുവെന്ന് സെെന്യത്തിന് ബോധ്യമുണ്ടായിരുന്നു, ഹ്യൂമൻ റൈറ്റ്സ് വാച്ച് പ്രതിനിധി ഗെറി സിംപ്സൺ ചൂണ്ടിക്കാട്ടുന്നു.
ഐഡിഎഫ് പുറപ്പെടുവിച്ച ഒഴിപ്പിക്കൽ ഉത്തരവുകളില്‍ അൽ-ബഖ കഫേ സ്ഥിതി ചെയ്തിരുന്ന തുറമുഖ പ്രദേശം ഉൾപ്പെടുത്തിയിരുന്നില്ല. പലസ്തീൻ പ്രദേശത്തുണ്ടായ 20 മാസത്തിലേറെ നീണ്ട യുദ്ധത്തെയും തീവ്രമായ ബോംബാക്രമണങ്ങളെയും അതീജീവിച്ച കെട്ടിടമാണ് അല്‍ ബഖ കഫേ. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കഫേയില്‍ ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.