ദില്ലി ചലോ മാര്‍ച്ച് നടത്തുന്ന കര്‍ഷക പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് വെടിവയ്പ്. യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. പലരുടെയും പരിക്ക് ഗുരുതരമാണ്. ശംബു ഉള്‍പ്പെടെ അതിര്‍ത്തി മേഖലകളില്‍ അന്തരീക്ഷം യുദ്ധസമാനമാണ്. കര്‍ഷകര്‍ക്ക് നേരെ ഖനൗരി അതിര്‍ത്തിയില്‍ ഹരിയാന പൊലീസ് റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് നടത്തിയ വെടിവയ്പിലാണ് ഭട്ടിന്‍ഡ ബാലോകെ സ്വദേശി ശുഭാകരണ്‍ സിങ് കൊല്ലപ്പെട്ടത്. ചെവിക്കു മുകളില്‍ തലയിലേക്ക് തുളഞ്ഞു കയറിയ ബുള്ളറ്റാണ് 21 കാരനായ കര്‍ഷകന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഭട്ടിന്‍ഡയിലെ രജീന്ദ്ര ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സിവില്‍ സര്‍ജന്‍ ഡോ. കിര്‍പാല്‍ സിങ് പറഞ്ഞു. പഞ്ചാബില്‍ നിന്നും ഹരിയാന അതിര്‍ത്തികള്‍ വഴി ഡല്‍ഹിയിലെത്താനാണ് കര്‍ഷക പ്രക്ഷോഭകര്‍ നിലവില്‍ നീക്കം നടത്തുന്നത്. ഇത് തടയുന്നതിനാണ് ബിജെപി ഭരിക്കുന്ന ഹരിയാന പൊലീസ് കനത്ത പ്രതിരോധം തീര്‍ത്തിരിക്കുന്നത്. ശംബു അതിര്‍ത്തിയില്‍ കണ്ണീര്‍ വാതക പ്രയോഗവും ജലപീരങ്കിയും കായികമായ പ്രതിരോധവും ശക്തമാക്കിയിരിക്കുകയാണ്.
കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റും ഉപയോഗിച്ച് കര്‍ഷകരെ തടയാന്‍ നടത്തിയ പൊലീസ് അതിക്രമങ്ങളില്‍ നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. ഇതിനിടെ കര്‍ഷകരുമായി വീണ്ടും ചര്‍ച്ചകള്‍ക്ക് കേന്ദ്രം സന്നദ്ധത വ്യക്തമാക്കി. കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ടെയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രി ഈ വിവരം പിന്നീട് സമൂഹമാധ്യമമായ എക്സിലൂടെ പുറത്തു വിടുകയും ചെയ്തു. പുതിയ നിര്‍ദേശത്തോട് കര്‍ഷക നേതാക്കള്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് സമാധാനപരമായാണ് മുന്നേറുന്നത്. സമരത്തിനെതിരെയുള്ള പ്രതിരോധങ്ങള്‍ ഒഴിവാക്കണമെന്ന് സമരമുഖത്തുള്ള കര്‍ഷക നേതാക്കളായ ദല്ലേവാളും പാന്ഥറും ആവശ്യപ്പെട്ടു.
രാജ്യത്തെ കര്‍ഷകര്‍ക്കുവേണ്ടിയാണ് ഈ സമരം. കര്‍ഷകതാല്പര്യം സംരക്ഷിക്കാന്‍ വെടിയേറ്റു മരിക്കാനും സന്നദ്ധരാണ്. സമരം സമാധാനപരമെങ്കിലും തങ്ങള്‍ക്കെതിരെ തീര്‍ത്തിരിക്കുന്ന പ്രതിരോധത്തിന്റെ ഭാഗമായി എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാര്‍ മാത്രമായിരിക്കും അതിന് ഉത്തരവാദികളെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. യുവകര്‍ഷകന്‍ പൊലീസ് വെടിയേറ്റ് മരിക്കാന്‍ ഇടയായ സാഹചര്യത്തില്‍ സമരം ഒരുദിവസം നിര്‍ത്തി. അതിനിടെ യുവകര്‍ഷകന്റെ മരണത്തിനു കാരണം സമരം നയിച്ച നേതാക്കളുടെ പിടിപ്പുകേടെന്ന കുറ്റപ്പെടുത്തലുമായി ഓള്‍ ഇന്ത്യാ കിസാന്‍ ഫെഡറേഷന്‍ നേതാവ് പ്രേം സിങ് ഭങ്ഗുവും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ബല്‍ബീര്‍ സിങ് രാജേവാളും രംഗത്തെത്തി. പ്രതിഷേധം തുടരും, എന്നാല്‍ ചര്‍ച്ചകളിലൂടെയേ പ്രശ്നപരിഹാരം സാധ്യമാകൂ എന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ബികെയു ഇന്ന് യോഗം ചേര്‍ന്ന് തുടര്‍ നിലപാടുകള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ അതിര്‍ത്തികള്‍ പിന്നിട്ട് മുന്നേറാതിരിക്കാന്‍ പ്രാകൃതരീതിയിലുള്ള നിരവധി തടസങ്ങളാണ് പൊലീസ് സൃഷ്ടിച്ചിരിക്കുന്നത്. കൂറ്റന്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍, കണ്ടെയ‌്നറുകള്‍, കൂര്‍ത്ത ആണികള്‍ തറച്ച ഇരുമ്പു ഷീറ്റുകള്‍, കണ്ണീര്‍ വാതക പ്രയോഗത്തിന് ഡ്രോണുകള്‍, മുള്ളുകമ്പിവേലികള്‍, അര്‍ധസൈനിക വിഭാഗത്തിന്റെ വന്‍വ്യൂഹം എന്നിവ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നു. അതിര്‍ത്തിയിലെ ഖഗര്‍ നദിയിലൂടെ കര്‍ഷകര്‍ മുന്നേറാതിരിക്കാന്‍ അതിന്റെ ആഴം കൂട്ടി. എന്നാല്‍ സുരക്ഷാ സേനയുടെ ഏതു തടസവും മറികടന്ന് മുന്നേറാന്‍ ട്രാക്ടറുകള്‍ക്ക് പുറമേ മണ്ണുമാന്തി യന്ത്രമടക്കം തയ്യാറെടുപ്പുമായാണ് കര്‍ഷകര്‍ മുന്നോട്ടു പോകുന്നത്.
English Summary:A war-like atmosphere at the border; Firing at Delhi Chalo March, farmers’ violence
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.