
എസ്ടിഡി കോഡുകള്‍ നിര്‍ത്തലാക്കി ലാന്‍ഡ് ഫോണുകള്‍ക്ക് പത്തക്ക നമ്പര്‍ ഏര്‍പ്പെടുത്താന്‍ ശുപര്‍ശ ചെയ്ത് ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്). മൊബൈല്‍ ഫോണുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കാര്യക്ഷമവും വിശ്വസനീയവുമായ ടെലികോം സംവിധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ലൈന്‍ നമ്പറിങ്ങിലും ടെലികോം കോഡുകളിലും മാറ്റം വരുത്തുന്നത് സംബന്ധിച്ച് 2022ല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് വിഭാഗം നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് ടെലികോം ഓപ്പറേറ്റര്‍മാരും വിദഗ്ധരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റങ്ങള്‍ക്ക് ട്രായ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
മൊബൈല്‍ നമ്പറിന് സമാനമായ രീതിയില്‍ ലാന്‍ഡ് ലൈന്‍ നമ്പരുകളും പത്ത് അക്കമാക്കി മാറ്റും എന്നതാണ് മാറ്റങ്ങളില്‍ പ്രധാനം. ഇത് ലഭ്യമായ നമ്പറുകളുടെ വിനിയോഗത്തിനും നമ്പറിങ് സംവിധാനം കാര്യക്ഷമമാക്കുന്നതും സഹായിക്കും. ലാന്‍ഡ് ലൈനില്‍ നിന്ന് ലാന്‍ഡ് ലൈനിലേക്ക് വിളിക്കാന്‍ നമ്പരിന് മുമ്പിലായി പൂജ്യം ചേര്‍ക്കേണ്ടിവരും. എന്നാല്‍ മൊബൈല്‍ ഫോണില്‍ നിന്ന് ലാന്‍ഡ് ഫോണിലേക്ക് വിളിക്കുന്നതിന് മാറ്റമുണ്ടാകില്ല.
പുതിയ മാറ്റങ്ങള്‍ നടപ്പാക്കുന്നതിനായി ആറ് മാസത്തെ സമയപരിധിയായിക്കും ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് അനുവധിക്കുക. കൂടാതെ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്ക് സമാനമായ രീതിയില്‍ ലാന്‍ഡ്ലൈന്‍ നമ്പര്‍ പോര്ടബിലിറ്റിയും നടപ്പാക്കാന്‍ ട്രായ് ഉദ്ദേശിക്കുന്നുണ്ട്. ലാന്‍ഡ് നമ്പര്‍ മാറാതെ തന്നെ ടെലികോം ദാതാവിനെ മാറാന്‍ ഇതിലൂടെ കഴിയും.
ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുന്നതിനായി കോളര്‍ നെയിം പ്രെസന്റേഷന് സര്‍വീസ് (സിഎന്‍എപി) കഴിയുന്നത്ര വേഗം നടപ്പാക്കാനും ട്രായ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. വേരിഫിക്കേഷന് പ്രക്രിയയിലൂടെ വ്യാജനമ്പരുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാനും നിര്‍ദേശമുണ്ട്. അടിയന്തര സേവനങ്ങള്‍ സൗജന്യമായി തുടരാനും ട്രായ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.