23 January 2026, Friday

കൊലപ്പെടുത്തിയത് 30 ഓളം സ്‌ത്രീകളെ; മമ്മുട്ടി ചിത്രം ‘കളങ്കാവൽ’ സയനൈഡ് മോഹന്റെ കഥയോ?

Janayugom Webdesk
December 7, 2025 7:33 pm

മ്മുട്ടിയുടെ ‘കളങ്കാവൽ’ പുറത്തിറങ്ങിയതോടെ ചർച്ചയാകുന്നത് ഈ ചിത്രം സയനൈഡ് മോഹന്റെ കഥയോ എന്നത്. ആരാണ് ഈ സയനൈഡ് മോഹൻ? ക്രൂരതയുടെ പര്യായം ആയിരുന്നു സയനൈഡ് മോഹൻ എന്ന മോഹൻകുമാർ. ഇന്ത്യ കണ്ട ഏറ്റവും നിഷ്ഠൂരനായ സീരിയൽ കില്ലർ. വീട്ടിലും നാട്ടിലുമൊക്കെ സൽസ്വഭാവിയെന്ന് പേരെടുത്ത അധ്യാപകനായിരുന്നു മോഹൻ. എന്നാൽ അയാൾ ചെയ്തു കൂട്ടിയതാവട്ടെ സമാനതകളില്ലാത്ത കുറ്റകൃത്യങ്ങളും. സ്ത്രീകളെ വശീകരിച്ച്, ഇഷ്ടവും വിശ്വാസവും കവർന്നതിനു ശേഷം കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവരുകയായിരുന്നു മോഹന്റെ രീതി. ഇത്തരം ചതിയിൽ വീണതാവട്ടെ 30 ഓളം സ്‌ത്രീകളും. സ്വത്തോ സ്ത്രീയോ ഏതാണ് മോഹനന്റെ യഥാർത്ഥ ബലഹീനതയെന്ന് വേര്‍തിരിക്കുക അസാധ്യം.

തെക്കൻ കർണാടകയിൽ ആയിരുന്നു മോഹന്റെ ക്രൂരതകൾ അരങ്ങേറിയത്. 2003നും 2009നും മധ്യേ ആയിരുന്നു സംഭവം. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള ആ പെൺകുട്ടികളുടെ ശവശരീരങ്ങൾ കണ്ടെത്തിയത് ബസ് സ്റ്റാൻഡുകളിലെ ശുചിമുറികളിൽനിന്നും ആയിരുന്നു. വിവാഹവേഷത്തിലായിരുന്നു മിക്കവരും. ശരീരത്തിലെ ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ടിരുന്നു. സ്ത്രീധനം നൽകാൻ കഴിയാത്തവരോ അനുയോജ്യരായ ഭർത്താക്കന്മാരെ കണ്ടെത്താൻ കഴിയാത്തവരോ ആയിരുന്നു മോഹന്റെ ചതിയിൽ വീണത്. തന്റെ കെണിയിൽ വീണ ഇരയുമായി ലോഡ്ജിൽ മുറിയെടുത്ത് ശാരീരിക ബന്ധത്തിൽ ഏർപെടുകയാണ് പതിവ്. അടുത്ത ദിവസം രാവിലെ, ഗർഭനിരോധന ഗുളിക എന്ന വ്യാജേന സയനൈഡ് നൽകി കൊലപ്പെടുത്തും. മരണം ഉറപ്പാക്കിയ ശേഷം, സ്ത്രീകളുടെ പക്കലുണ്ടായിരുന്ന സ്വർണവും പണവും അപഹരിച്ച് രക്ഷപ്പെടുകയായിരുന്നു ഇയാളുടെ രീതി.

മോഹൻ കുമാർ സ്ത്രീകളെ വഞ്ചിക്കുകയും കൊള്ളയടിക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്യുന്ന രീതി 2000കളുടെ തുടക്കത്തിലാണ് ആരംഭിച്ചത്. ബസ് സ്റ്റാൻഡുകളിലും മറ്റ് പൊതുസ്ഥലങ്ങളിലുമാണ് ഇയാൾ ഇരകളെ തിരഞ്ഞിരുന്നത്. സർക്കാർ ഉദ്യോഗസ്ഥനായി സ്വയം പരിചയപ്പെടുത്തും. സംഭാഷണത്തിലൂടെ അവരുടെ ജാതി തിരിച്ചറിഞ്ഞ ശേഷം, താനും അതേ സമുദായത്തിൽപ്പെട്ടയാളാണെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തിരുന്നു. യഥാർത്ഥ പേര് ഉപയോഗിക്കാതെയായിരുന്നു ഈ വഞ്ചന. സ്‌നേഹം നടിച്ചു വശത്താക്കിയ ശേഷം ക്ഷേത്രത്തിൽ കൊണ്ടുപോയി താലി കെട്ടും.

സ്ത്രീകളുടെ കൊലപാതകങ്ങൾക്ക് സാമ്യമുണ്ടായിരുന്നെങ്കിലും അന്വേഷണത്തിൽ പൊലീസ് വലിയ താൽപര്യം കാട്ടിയില്ല. മരിച്ചവരുടെ ബന്ധുക്കളെക്കുറിച്ചും അന്വേഷണം നടന്നില്ല. ദൂരുഹസാഹചര്യത്തിൽ മരിച്ചതായി കാണിച്ചു കേസുകൾ എഴുതിതള്ളി. ഇരുപതു സ്ത്രീകളും മരിച്ചതു വിഷം ഉള്ളിൽ ചെന്നാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൊലീസ് അനങ്ങിയില്ല. പിന്നീട് രണ്ടു പേരുടെ രക്ത സാമ്പിളുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. സയനൈഡ് ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചതെന്നായിരുന്നു ഫൊറൻസിക് റിപ്പോർട്ട്.
കാസർകോട് മുള്ളേരിയ പുഷ്‌പ (21), ഉപ്പള വിജയലക്ഷ്‌മി (26), പൈവളിഗെ സാവിത്രി (26), കുമ്പള സ്വദേശിനി കമല എന്നിവരാണു മോഹന്റെ ചതിയില്‍ കുരുങ്ങി ജീവന്‍ നഷ്ടപ്പെട്ട മലയാളികള്‍.

2009 ൽ പെട്ടെന്നുണ്ടായ ഒരു വർഗീയ ലഹളയായിരുന്നു സംഭവം വിവാദമാകാൻ കാരണം. മോഹൻ കൊലപ്പെടുത്തിയ അനിതയെ കാണാതായ സംഭവത്തിൽ കേസന്വേഷണം ശരിയായി നടക്കുന്നില്ലെന്നും ആരോപിച്ചു ബന്ധുക്കളും നാട്ടുകാരും ഉൾപ്പെട്ട പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി. അനിതയുടെ തിരോധാനത്തിനു പിന്നിലുള്ളവരെ പിടികൂടണമെന്നും അല്ലെങ്കിൽ പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്നും അവർ ഭീഷണിപ്പെടുത്തി. ഒരു മാസത്തിനകം പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പിൽ ഗ്രാമീണർ മടങ്ങിപോയി.

 

തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ 2009 ഒക്ടോബർ 21ന് മോഹൻ കുമാർ പൊലീസ് പിടിയിലായി. അന്വേഷണത്തിനിടെ 2004 നും 2009 നും ഇടയിൽ താൻ അനിതയടക്കം 19 സ്ത്രീകളെ സയനൈഡ് നൽകി കൊലപ്പെടുത്തിയതായി ഇയാൾ സമ്മതിച്ചു.
മോഹന്റെ മൂന്നാം ഭാര്യയായ ശ്രീദേവിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ വലിയ അളവിൽ സയനൈഡ് പൊടിയും മറ്റ് തെളിവുകളും പൊലീസ് കണ്ടെടുത്തു. ഇതോടെയാണ് സയനൈഡ് മോഹൻ എന്ന പേരിൽ ഇയാൾ കുപ്രസിദ്ധനായത്. 2012 സെപ്റ്റംബര്‍ 22. ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചു. ഓരോ കേസും പ്രത്യേകമായാണു പരിഗണിച്ചത്. 32 പേരെ കൊന്നതായി മോഹൻ പൊലീസിനോടു പറഞ്ഞെങ്കിലും 20പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകളും സാക്ഷികളും ഹാജരാക്കാൻ മാത്രമേ പൊലീസിനു കഴിഞ്ഞുള്ളൂ.

 

കൊലപാതക കേസിന്റെ വാദം 2013 ഡിസംബർ 21ന് അവസാനിച്ചു. കോടതി മോഹൻകുമാറിനു വധശിക്ഷ വിധിച്ചു. പിന്നീട് ശിക്ഷ ജീവപര്യന്തമാക്കി. ഇപ്പോൾ ജയിലിൽ കഴിയുകയാണ്. ഇരകളെ കണ്ടെത്തുന്നതും ഇല്ലാതാക്കുന്നതും ഹരമാക്കിയ മോഹൻ, താൻ ചെയ്ത കൊലകളിൽ ഒന്നിൽപ്പോലും പശ്ചാത്തപിച്ചിട്ടില്ല. ശിക്ഷാവിധി കേൾക്കാൻ കോടതിയിൽ എത്തുമ്പോഴും വധശിക്ഷയെന്ന വിധി കേട്ടു പുറത്തിറങ്ങുമ്പോഴും മോഹൻകുമാറിന്റെ മുഖത്തു യാതൊരു ഭാവമാറ്റവുമുണ്ടായിരുന്നില്ല. കളങ്കാവൽ സിനിമക്ക് ഈ കേസുമായി നേരിട്ട് ഒരു ബന്ധവുമില്ലെന്ന് നടൻ മമ്മുട്ടി പ്രതികരിച്ചു. ഇതിലെ കഥാപാത്രം സയനൈഡ് ഉപയോഗിക്കുന്നുണ്ട്. സിനിമയുടെ അണിയറപ്രവർത്തകർക്കും ചില യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ലഭിച്ചിട്ടുണ്ടാവാമെന്നും മമ്മൂട്ടി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.