2001 ൽ ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിടുന്നത്, ഒരു നിയമസഭ സീറ്റ് കിട്ടാത്തതിനാലായിരുന്നില്ല. താൻ ചോദിച്ച തിരുവനന്തപുരം വെസ്റ്റ് സീറ്റ് എം വി രാഘവന് കൊടുത്തു കൊണ്ട്, ചോദിക്കാത്ത തിരുവനന്തപുരം നോർത്ത് സീറ്റ് നൽകിയതിനാലാണ്. തിരുവനന്തപുരം നോർത്ത് സീറ്റ് തോൽക്കുന്ന സീറ്റാണ് എന്നതായിരുന്നു ചെറിയാന്റെ പരിഭവം. ഉമ്മൻചാണ്ടിയാണ് തനിക്ക് പാരവച്ചത് എന്നുപറഞ്ഞായിരുന്നു, ആ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ തന്നെപോയി ഉമ്മൻ ചാണ്ടിക്കെതിരെ ചെറിയാൻ ഫിലിപ്പ് മത്സരിച്ചത്.
ഉമ്മൻ ചാണ്ടിയും, ചെറിയാൻ ഫിലിപ്പും തമ്മിലുള്ള കുടിപ്പക തുടങ്ങുന്നത്, 1992–93 കാലത്തെ കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് സമയത്താണ്. ‘എ’ ഗ്രൂപ്പും, ‘ഐ’ ഗ്രൂപ്പും കുന്തവും, വടിവാളുമൊക്കെയായി നേർക്ക് നേർ പോരടിക്കുന്ന കാലം. ‘എ’ ഗ്രൂപ്പ് ആന്റണിയുടെ പേരിലാണെങ്കിലും, പടനായകൻ എന്നും ഉമ്മൻചാണ്ടിയായിരുന്നു. കൊടിലു കൊണ്ട് പോലും കരുണാകരനെ തൊടാൻ പാടില്ലെന്ന കർക്കശ നിലപാട് എന്നും ‘എ’ ഗ്രൂപ്പുകാർക്കുണ്ട്. അക്കാലത്ത് തലയിൽ മുണ്ടിട്ടുള്ള കരുണാകരനുമായുള്ള ചെറിയാന്റെ രഹസ്യബാന്ധവം ആരോപിച്ചാണ് ചെറിയാൻ ഫിലിപ്പിനെ ’ എ’ ഗ്രൂപ്പ് തീവ്രവാദികൾ അകറ്റിയത്. ഇതോടെ ഉമ്മൻചാണ്ടിയുമായി ശീതസമരത്തിലായിരുന്ന വി എം സുധീരനൊപ്പം ചെറിയാൻ ഫിലിപ്പ് കൂട്ടുകൂടി. ചെറിയാന്റെ നേതൃത്വത്തിൽ സുധീരന്റെ ആശിർവാദത്തോടെ ‘കേരള ദേശീയ വേദി’ പിറക്കുന്നതങ്ങിനെയാണ്.
1986 ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഭാരത സന്ദർശനത്തിനെത്തിയപ്പോൾ വിമാനമിറങ്ങിയ ഉടനെ ഭാരത മണ്ണിൽ ചുംബിച്ച സംഭവം അനുകരിച്ചിട്ടാകണം, പുതുപ്പള്ളി മണ്ണിൽ ചുംബിച്ചു കൊണ്ടാണ്, ചെറിയാൻ ഫിലിപ്പ് പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുന്നത്. തോൽക്കുന്ന സീറ്റായതിനാൽ തിരുവനന്തപുരം നോർത്ത് സീറ്റ് വേണ്ടെന്ന് പറഞ്ഞ് പ്രതിഷേധിച്ചു കൊണ്ട് പുതുപ്പള്ളിയിൽ മത്സരിച്ച ചെറിയാന് തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതായിരുന്നു. തിരുവനന്തപുരം നോർത്ത് സീറ്റിൽ കോൺഗ്രസിലെ കെ മോഹൻ കുമാർ ജയിച്ചു. പുതുപ്പള്ളിയിൽ ചെറിയാൻ നല്ല നിലയിൽ തോറ്റു.
പിന്നീടങ്ങോട്ട് ചെറിയാൻ ആക്രമണമാരംഭിച്ചു. കൈരളി ചാനലിൽ രാഷ്ട്രീയാക്രമണം നടത്തിക്കൊണ്ടുള്ള ചെറിയാൻ എപ്പിസോഡുകൾ ഒന്നൊന്നായി ഇറങ്ങിക്കൊണ്ടിരുന്നു. സിപിഐ (എം) തനിക്ക് വേണ്ട രീതിയിൽ പരിഗണന നൽകുന്നുണ്ടെന്ന് ചെറിയാൻ അരങ്ങത്തും, അണിയറയിലും പ്രഘോഷിച്ചു. തന്റെ എല്ലാമാണെന്ന് ഇന്ന് വിശേഷിപ്പിക്കുന്ന എ കെ ആന്റണിയെപ്പറ്റി ” ചുറ്റുമുള്ളവർ അഴിമതിയുടെ ചെളിക്കുണ്ടിൽ താഴ്ന്നു പോയി ചീഞ്ഞുണ്ടാകുന്ന വളം വലിച്ച് കുടിച്ച് വളർന്ന വൻമരമാണ് ആന്റണി ” എന്ന പ്രസിദ്ധമായ പ്രസ്താവന ചെറിയാൻ ഇറക്കിയത് അക്കാലത്താണ്. ഒരിക്കൽ തൃശൂരിലെ ഒരു ചടങ്ങിൽ (ഡോ. പൗലോസ് മാർ പൗലോസ് അനുസ്മരണ പ്രഭാഷണ ചടങ്ങ് എന്നാണോർമ്മ ) പങ്കെടുത്ത് തിരിച്ച് പോകുന്നതിന് മുൻപ് ചെറിയാൻ വി എം സുധീരന്റെ തൃശൂരിലെ വീട്ടിലെത്തി. ചെറിയാനെ കണ്ടയുടൻ വി എം സുധീരന്റെ പ്രതികരണം ഇതായിരുന്നു. “ചെറിയാന്റെ ആയിരത്തൊന്നു ആന്റണി വിരുദ്ധ പ്രസംഗങ്ങൾ എന്ന ഒരു പുസ്തകം ഉടൻ പുറത്തിറങ്ങുമോ? ” തമാശയായിട്ടാണെങ്കിലും അന്ന് സുധീരൻ ചോദിച്ച ചോദ്യം ഇന്ന് പ്രസക്തമാണ്.
കൈരളി ചാനൽ തനിക്ക് അത്യാവശ്യം വരുമാനമുണ്ടാക്കി തരുന്നുണ്ടെന്നാണ് ചെറിയാൻ അക്കാലത്ത് പലരോടും പറയാറുള്ളത്. ചെറിയാൻ ഫിലിപ്പിനെ പരിഗണിച്ചത് പോലെ സിപിഐ (എം) മറ്റൊരു സഹയാത്രികനെയും പരിഗണിച്ചിട്ടുണ്ടാകില്ല. 2006 ലും 2011ലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിപ്പിച്ചു. 2006 ൽ ഭരണം കിട്ടിയപ്പോൾ കെ ടി ഡി സി ചെയർമാനാക്കി. ഭരണമില്ലാത്തപ്പോൾ കൈരളി ചാനലിൽ നിന്നും, മറ്റും സ്രോതസുകളിൽ നിന്നും വരുമാന മാർഗമൊപ്പിച്ചു കൊടുത്തു. 2016 ൽ നാലുമിഷനുകളുടെ (ആർദ്രം മിഷൻ, ഹരിത കേരള മിഷൻ, ലൈഫ് മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം)ഐക്യവേദിയായ നവകേരളം പദ്ധതിയുടെ കോ-ഓർഡിനേറ്ററാക്കി. മുഖ്യമന്ത്രി ചെയർമാനായ വേദിയാണത് എന്ന് ഓർക്കണം. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിനടുത്ത് ഓഫീസ് സൗകര്യം നൽകി. ഇത്തവണ തെരഞ്ഞെടുപ്പിൽ വെറുതെ മത്സരിപ്പിച്ച് ഒരു സീറ്റ് കളയേണ്ടതില്ലെന്ന് കരുതിയാകണം മത്സരിപ്പിക്കാഞ്ഞത്. 2021 ൽ ഭരണം കിട്ടിയപ്പോൾ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്തു. ഈ കിട്ടിയതൊന്നും പോരാഞ്ഞിട്ടാണത്രേ, രണ്ട് ദശാബ്ദക്കാലം മുൻപ് ഛർദ്ദിച്ചിട്ടത് ഭക്ഷിക്കാൻ ചെറിയാൻ ഇപ്പോൾ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.
ഇടതുപക്ഷം തന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെടുത്തി എന്നാണ് ചെറിയാൻ ഫിലിപ്പ് ഇപ്പോൾ കുറ്റപ്പെടുത്തുന്നത്. സിപിഐ (എം) മായി അടുപ്പമായി ഒന്നിച്ച് നടന്നിട്ടും ഇത്രയും കാലം പാർട്ടി അംഗത്വമെടുക്കാൻ ചെറിയാൻ തയ്യാറാകാഞ്ഞതിന്റെ ദുഷ്ടലാക്ക് സിപിഐ (എം) മനസിലാക്കാതിരുന്നതാണ് അത്ഭുതകരം.
കോൺഗ്രസ് പാർട്ടിയിൽ നിന്നും ധാരാളം പേർ ഈയിടെ ഇടതുപക്ഷ മുന്നണിയിലെ വിവിധ ഘടകകക്ഷികളിൽ ചേർന്നിട്ടുണ്ട്. ഇത്തരത്തിൽ കോൺഗ്രസ് വിടുന്നവരെ മുഴുവൻ ശത്രുക്കളായി കാണുകയും, സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ ബ്രിഗേഡ് ഗ്രൂപ്പുകളെ കൊണ്ട് തെറിവിളിപ്പിക്കുകയും ചെയ്യുന്ന ശൈലിയാണ് കോൺഗ്രസ് നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. കോൺഗ്രസിലെ ദുർവൃത്തിയും, ജനാധിപത്യ വിരുദ്ധ സമീപനവും, പാർശ്വവർത്തി പരിഗണന രാഷ്ട്രീയവും, മടിശ്ശീലക്കനുസരിയുള്ള സീറ്റു ദാനവും, ഭാരവാഹിനിയമനവുമൊക്കെ സഹിക്കാതെയാണ് പലരും കോൺഗ്രസ് പാർട്ടി വിട്ടുപോരുന്നത്. അവരെ തെറി പറയുമ്പോൾ കഴിഞ്ഞ രണ്ട് ദശാബ്ദക്കാലം ഇടതുമുന്നണിയിൽ എല്ലാ സുഖ സൗകര്യങ്ങളും കൈപ്പറ്റി നടന്ന ഒരാളാണ് ഇപ്പോൾ അകാരണമായി മുന്നണി മാറ്റത്തിലൂടെ അകത്ത് കേറാൻ നോക്കുന്നത് എന്നൊരു ഓർമ്മ ഉണ്ടാകുന്നത് നല്ലതാണ്.
ENGLISH SUMMARY:about cheriyan philip and his politics
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.