27 December 2024, Friday
KSFE Galaxy Chits Banner 2

മർക്കസ് നോളജ് സിറ്റിയുടെ കവിയരങ്ങില്‍ സ്ത്രീ അസാന്നിധ്യം; പ്രതിഷേധം ശക്തമാകുന്നു

Janayugom Webdesk
കോഴിക്കോട്
October 23, 2022 7:25 pm

മലയാളത്തിലെ നൂറ് പ്രമുഖ കവികൾ പങ്കെടുത്ത കവിയരങ്ങില്‍ നിന്നും കവയത്രികളെ മാറ്റി നിര്‍ത്തിയ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. മർക്കസ് നോളജ് സിറ്റിയുടെ നേതൃത്വത്തിൽ നടന്ന കവിയരങ്ങ് പരിപാടിയിലാണ് സ്ത്രീ അസാന്നിധ്യം ചര്‍ച്ചയായത്. മീം എന്ന പേരിൽ ശനി, ഞായര്‍ ദിവസങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. കവിയരങ്ങിൽ പങ്കെടുക്കുന്ന കേരളത്തിലെ 30 പ്രമുഖ കവികളുടെ ചിത്രങ്ങളടങ്ങിയ പോസ്റ്റർ നോളജ് സിറ്റി നേരത്തെ പുറത്തുവിട്ടിരുന്നു. ഇതില്‍ ഒരു വനിതപോലും ഉള്‍പ്പെടാതിരുന്നതാണ് സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വലിയ വിമര്‍ശനത്തിന് കാരണമായത്. നൂറ് കവികൾ 100 കവിതകൾ അവതരിപ്പിക്കുമെന്നാണ് പരിപാടിയുടെ പോസ്റ്ററിലുണ്ടായിരുന്നത്.
ലിംഗ സമത്വത്തെ കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും പുരോഗമന ചിന്തയെക്കുറിച്ചുമൊക്കെ കവിത ചൊല്ലുന്ന അതേ മഹാകവികളാണ് ഇത്തരം ഒരു പരിപാടിയിൽ പങ്കെടുക്കുന്നതെന്നത് ആശ്ചര്യകരമാണെന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളിലെ വിമര്‍ശനം. ഒരു യാഥാസ്ഥിതിക മുസ്ലിം മതസംഘടനയുടെ നിയന്ത്രണത്തിലുള്ള സാംസ്കാരിക സംഘടന നടത്തുന്ന കവിയരങ്ങിന്റെ വേദിയിൽ പെൺകവികൾ ഇല്ല എന്നത് ഒട്ടും അത്ഭുതകരമായ കാര്യമല്ല, എന്നാൽ അത്തരം ഒരു യാഥാസ്ഥിതിക മത സമൂഹത്തിന്റെ ഭാവുകത്വ പരിസരത്തിൽ പുരുഷകവികൾ ഏത് കവിതയായിരിക്കും വായിക്കുക എന്നും മറ്റും ഫേസ്ബുക്കിലൂടെ വിമര്‍ശനമുയര്‍ന്നു.
‘കവിത ഏതായാലെന്ത്? കുറെ പ്രശസ്തരെ ഒരു സ്റ്റേജിൽ നിരത്തുക എന്നതിൽ കവിഞ്ഞ് പല സംഘാടകർക്കും വലിയ ലക്ഷ്യങ്ങളൊന്നുമില്ല. കവികളോർക്കും തങ്ങൾ മഹാ സംഭവമായതു കൊണ്ട് ക്ഷണിച്ചതാണെന്ന്. അതാണതിലെ തമാശ’ എന്നായിരുന്നു എഴുത്തുകാരി ശാരദക്കുട്ടിയടെ ഫേസ്ബുക്ക് കുറിപ്പ്.
പൊതുവേദികളിൽ സ്ത്രീകൾക്ക് പ്രവേശനമില്ലെന്നാണ് എ പി സുന്നിയുടെ നിലപാട്. എന്നാൽ പുതുപ്പാടിയിലെ നോളജ് സിറ്റിയിൽ കഴിഞ്ഞ ദിവസം നടന്ന ആഗോളകാലാവസ്ഥാ സമ്മേളനത്തില്‍ വനിതകള്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. ഇതില്‍ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എ പി സുന്നി വിഭാഗം വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം.

Eng­lish Sum­ma­ry: Absence of women in the poet­ry scene of Mar­cus Knowl­edge City; Protests are intensifying

You may like this video also

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.