23 December 2024, Monday
KSFE Galaxy Chits Banner 2

അക്കാഡമിക്കായ നർത്തകി

വിജയ് സി എച്ച്
March 17, 2024 8:30 am

കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്കാരം നേടിയ അക്ഷര എം ദാസ് സംസാരിക്കുന്നു

വേദികൾ, സോളോകൾ

ഭുവനേശ്വറിലെ പ്രശസ്തമായ ദേവദാസി ഫെസ്റ്റിൽ മോഹിനിയാട്ടം അവതരിപ്പിച്ചപ്പോഴാണ് ഏറ്റവും സന്തോഷം തോന്നിയത്. ഈ വേദിയിൽ തന്നെയാണ് സ്വന്തമായി ചിട്ടപ്പെടുത്തിയ ഇനങ്ങൾ പരിചയപ്പെടുത്തിയതും! രാജമാതാവായ കൗസല്യയെ കേന്ദ്ര കഥാപാത്രമാക്കി രാമന്റെ ജീവിത മുഹൂർത്തങ്ങൾ വർണിക്കുന്ന ‘ശ്രീരാമചന്ദ്ര് കൃപാൽ ഭജ്മൻ’ എന്ന തുളസീദാസ് കൃതി ആസ്വാദകരുടെയും നിരൂപകരുടെയും പ്രശംസ നേടി. മധ്യപ്രദേശ് കലാ പരിഷത്ത് സംഘടിപ്പിക്കുന്ന വിശ്രുതമായ ഖജുരാഹോ നൃത്തോത്സവത്തിൽ ‘ഭാവയാമി രഘുരാമം’ എന്ന മോഹിനിയാട്ട ആവിഷ്ക്കാരവുമായി എത്താ൯ സാധിച്ചത് ഉള്ളിൽ കുളിരുകോരുന്നൊരു അനുഭവമാണ്. രാജ്യത്തിന്റെ തലസ്ഥാനത്ത് കേന്ദ്ര സാംസ്കാരിക വകുപ്പ് ക്രമപ്പെടുത്തിയ ദേശീയതല ഡാൻസ് ഫെസ്റ്റിൽ കലാമണ്ഡലം ക്ഷേമാവതി ടീച്ചറുടെ നൃത്ത സംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ സാധിച്ചത് മറ്റൊരു വ്യത്യസ്ത അനുഭവമായി. തിരുവനന്തപുരം നിശാഗന്ധി ഫെസ്റ്റിവൽ, തിരൂർ തുഞ്ചൻ ഫെസ്റ്റിവൽ, പാലക്കാട് സ്വരലയ ഫെസ്റ്റിവൽ, മയ്യഴി മഹോത്സവം തുടങ്ങിയ പ്രാധാന ഇവന്റുകളെല്ലാം മോഹിനിയാട്ട നർത്തകി എന്ന നിലയിൽ അഭിമാനം തന്ന വേദികളാണ്.

‘പൂതപ്പാട്ടി‘ന്റെ സംഘാവിഷ്കാരം

നൃത്തസംവിധാനങ്ങൾ നിരവധി ചെയ്തിട്ടുണ്ടെങ്കിലും ഇടശ്ശേരി ഗോവിന്ദൻ നായരുടെ ‘പൂതപ്പാട്ടി‘ന്റെ അവതരണ അനുഭവങ്ങളാണ് ഉള്ളിലേറെ നിറഞ്ഞു നിൽക്കുന്നത്! മനോഹരമായ ദൃശ്യ ബിംബങ്ങളാൽ സമ്പന്നമായ കാവ്യത്തിന്റെ ധാരാളം നൃത്ത ഭാഷ്യങ്ങൾ കലാസ്നേഹികൾ ഇതിനകം കണ്ടുകഴിഞ്ഞതാണെന്ന യാഥാർത്ഥ്യമായിരുന്നു ആദ്യത്തെ വെല്ലുവിളി. പുതിയതിനൊരു പുത്തൻ മാനമില്ലെങ്കിൽ ദൗത്യം വിജയിക്കുമോ? കവിതയിലെ പ്രധാന വക്താക്കളെ മോഹിനിയാട്ട ഏകാഹാര്യത്തിൽ അവതരിപ്പിക്കുകയെന്ന പഴയ രീതിയ്ക്കു പകരം, സംഘാവിഷ്ക്കാര മാതൃക പരീക്ഷിക്കാൻ തീരുമാനിച്ചു. പൂതം, അമ്മ, ഉണ്ണി എന്നീ കഥാപാത്രങ്ങളെ അരുണിമയും, ഗാഥയും, റിയയും വെവ്വേറെ വരച്ചു കാട്ടി. മൂന്നു പേരും എന്റെ നൃത്തവിദ്യാലയത്തിലെ മികവുറ്റ പഠിതാക്കളായതിനാൽ നിരന്തര പരിശീലനത്തിലൂടെ ശരിയ്ക്കുമവരെ ‘പൂതപ്പാട്ടി‘ലെ ജീവനുള്ള കഥാപാത്രങ്ങളാക്കി മാറ്റാൻ സാധിച്ചു. കർണാടക സംഗീതവും, കേരളക്കരയിലെ തനതു രാഗങ്ങളും, നാടോടി ശീലുകളും വേണ്ടുംവിധം ചേർത്തു ഭർത്താവും സംഗീതജ്ഞനുമായ ബിജീഷ് കൃഷ്ണ ഹൃദ്യമാക്കിയ സംഗീത പശ്ചാത്തലത്തിൽ, പൂതവും, അമ്മയും, ഉണ്ണിയുമായി എന്റെ കുട്ടികൾ മോഹനനൃത്തിന്റെ ലാസ്യച്ചുവടുകൾവച്ചു മുന്നേറിയപ്പോൾ, സദസ്സിൽനിന്നുയർന്നത് നിലയ്ക്കാത്ത കരഘോഷങ്ങളായിരുന്നു. മോഹിനിയാട്ടത്തിന് ആദ്യമായി അസുര വാദ്യമായ ചെണ്ട അകമ്പടി നിന്നു! അവതരണത്തിനു സാക്ഷ്യം വഹിക്കാൻ മഹാകവിയുടെ കുടുംബാംഗങ്ങൾ എത്തിയിരുന്നു. കവിതയുടെ ആത്മാംശത്തെ പൂർണമായി ഉൾക്കൊണ്ടുള്ള മനോഹരമായ രംഗാവതരണമെന്നു ഇടശ്ശേരിയുടെ മകൾ അഭിപ്രായപ്പെട്ട ആ ദൃശ്യം ഉള്ളിന്റെയുള്ളിൽ ഞാൻ ചില്ലിട്ടു തൂക്കിയിട്ടുണ്ട്!

ഗവേഷണം

‘മോഹിനിയാട്ടത്തിന്റെ ആധുനിക മുഖം ‑ഒരു വിശകലനം’ എന്ന വിഷയത്തിലാണ് ഡോക്ടറൽ ബിരുദത്തിനു വേണ്ടി ഗവേഷണം ചെയ്യുന്നത്. നമ്മുടേതെന്നു അവകാശപ്പെടാവുന്ന ഈ നൃത്തരൂപത്തിന്റെ വളർച്ചാവഴികളിലൂടെയുള്ള സഞ്ചാരമാണ് അടിസ്ഥാനപരമായി ഗവേഷണ വിഷയം. അധ്യാപനം, നൃത്തസംവിധാനം, പ്രയോഗപരത മുതലായവയിലുള്ള പ്രാവീണ്യം നർത്തകരിൽ കൂടിയും കുറഞ്ഞുമിരിയ്ക്കും. അതിനുസരിച്ചു, രാജ്യത്തിന്ന് മുഖ്യധാരയിലുള്ളവരും, സ്വന്തമായി രീതിശാസ്ത്രം സൃഷ്ടിക്കാൻ സാധിച്ചിട്ടുള്ളവരുമായ മോഹിനിയാട്ട നർത്തകരുടെ പ്രവർത്തനങ്ങളെ വിലയിരുത്തി, രേഖപ്പെടുത്തുകയാണ് ഗവേഷണ പ്രബന്ധത്തിൽ ചെയ്യുന്നത്.

ചരിത്ര രേഖകൾ അപര്യാപ്തം

മറ്റു ശാസ്ത്രീയ കലാരൂപങ്ങളെ അപേക്ഷിച്ച് മോഹിനിയാട്ടം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നം അതിന്റെ പ്രയോഗ സങ്കേതങ്ങളെ സാധൂകരിക്കുന്ന വിശ്വസനീയമായ തെളിവുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നതാണ്. കാർത്തികതിരുനാൾ ബാലരാമ വർമ്മയുടെ കാലം മുതൽ കേരളത്തിലെ സ്ത്രീനൃത്തരൂപങ്ങളിലൊന്നിന് മോഹിനിയാട്ടം എന്ന പേര് ഉപയോഗിച്ചിരുന്നു. സ്വാതി തിരുനാളിന്റെ നൃത്ത രചനകളെല്ലാം മോഹിനിയാട്ടത്തിന് വേണ്ടിയുള്ളതുമായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷമുള്ള ഭരണാധികാരികൾ കഥകളി പ്രിയർ ആയതിനാൽ, നർത്തകരും നൃത്തവും രാജകൊട്ടാരത്തിൽ നിന്നു പുറന്തള്ളപ്പെടുകയും അധികം താമസിയാതെ തിരുവിതാംകൂറിൽ മോഹിനിയാട്ടം നിരോധിക്കപ്പെടുകയും ചെയ്തു. ചരിത്രവഴികളിൽ നിന്നും അതിന്റെ പ്രയോഗ രൂപങ്ങളെല്ലാം അപ്രത്യക്ഷമായി. 1930കളിൽ കലാമണ്ഡലത്തിൽ ഈ കല പുനരുജ്ജീവിപ്പിക്കപ്പെട്ടപ്പോൾ സൗരാഷ്ട്ര രാഗത്തിലുള്ള ചൊൽക്കെട്ടും, യദുകുല കാംബോജിയിലുള്ള വർണവും മാത്രമാണ് ഇനങ്ങളായി അവശേഷിച്ചിരുന്നത്. അതിൽ നിന്നും ഇന്നു കാണുന്ന കച്ചേരി സമ്പ്രദായത്തെ വികസിപ്പിച്ചെടുക്കാൻ പൂർവികരായ ഗുരുക്കന്മാർക്കു കഴിഞ്ഞപ്പോഴാണ് ചരിത്രം പുനസൃഷ്ടിക്കപ്പെട്ടത്. സ്വാതി തിരുനാളിന്റെ രചനകൾ ഭൂരിപക്ഷവും മോഹിനിയാട്ടത്തിൽ ചിട്ടപ്പെടുത്തുന്നുണ്ടെങ്കിലും പ്രയോഗപരമായി പഴയതുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ കഴിയില്ല. ഇന്നു കാണുന്ന മോഹിനിയാട്ട ഇനങ്ങളെല്ലാം തികച്ചും ആധുനിക കളരി പാഠങ്ങളിൽ അധിഷ്ഠിതമായതാണ്.

നൃത്തം ഉയർത്തെഴുന്നേറ്റു

ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നു വന്ന കലാകാരികളാണ് തിരുവിതാംകൂർ കൊട്ടാരത്തിൽ സ്വാതിതിരുനാളിന്റെ കാലത്ത് നൃത്തമവതരിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ കാലശേഷം രാജകൊട്ടാരത്തിൽ നിന്നും പുറന്തള്ളപ്പെട്ട അവരുടെ ജീവിതാവസ്ഥ ദുരിതപൂർണമായി മാറുകയും, നൃത്താവതരണം ഉപജീവനാർത്ഥമായിത്തീരുകയും ചെയ്തു. ആസ്വാദകരുടെ താല്പര്യങ്ങളെ മാനിച്ചു പല വിട്ടുവീഴ്ചകളും നർത്തകിമാർക്ക് ചെയ്യേണ്ടി വന്നു. ചന്ദനം ചാർത്തൽ, മൂക്കുത്തി തിരയൽ, പൊലി മുതലായ ഇനങ്ങൾ അവരുടെ അവസ്ഥയെ ചൂഷണം ചെയ്യുന്ന വിധത്തിലുള്ളതുമായിരുന്നു. തുടർന്നു, സമൂഹത്തിനു ദോഷകരമായി ബാധിക്കുമെന്ന കാരണം ഉദ്ധരിച്ചാണ് ഈ നൃത്തരൂപം നിരോധിക്കപ്പെട്ടത്. വർഷങ്ങൾക്കു ശേഷം, മണക്കുളം മുകുന്ദ രാജയും വള്ളത്തോളും മുൻകൈയെടുത്തു കലാമണ്ഡലത്തിൽ ഈ കല പുനരുജ്ജീവിപ്പിച്ചപ്പോൾ അതിലെ അശ്ലീല ഭാഗങ്ങൾ നീക്കം ചെയ്യുകയും നൃത്തത്തിന്റെ ആത്മസത്ത സംരക്ഷിക്കപ്പെടുകയും ചെയ്തു. ആദ്യം രൂപഘടന, അടവുകൾ, ചലനസ്വഭാവങ്ങൾ, മുദ്രകൾ, അഭിനയം മുതലായ അടിസ്ഥാന ഘടകങ്ങൾ പുനർനിർമ്മിക്കപ്പെട്ടു. അതിനു ശേഷം ചൊൽക്കെട്ടു മുതൽ തില്ലാന വരെയുള്ള മാർഗ ഇനങ്ങൾ ചിട്ട ചെയ്യപ്പെട്ടു. പിൽകാലത്താണ് വ്യത്യസ്തമായ ശൈലികളും അവതരണ രീതികളും രൂപപ്പെട്ടത്.

സന്തോഷം, അഭിമാനം!

ദേശീയതലത്തിലുള്ള ഈ അംഗീകാരം ഏറെ സന്തോഷത്തോടൊപ്പം അഭിമാനവും നൽകുന്നു. അതേസമയം മോഹിനിയാട്ട കലാകാരി എന്ന നിലയിൽ വലിയൊരു ഉത്തരവാദിത്വവുമാണ് ഉസ്താദ് ബിസ്മില്ലാ ഖാൻ പുരസ്കാരം എന്നിൽ നിക്ഷിപ്തമാക്കിയിരിക്കുന്നത്. ഇത്രയും കാലം കേരളത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്ന എന്റെ കലാപ്രവർത്തനങ്ങളെ ദേശീയതലത്തിലേയ്ക്കു വ്യാപിപ്പിക്കുവാൻ സമഗ്രമായ കൂടുതൽ ഇടപെടലുകൾ ആവശ്യമാണെന്ന് ബോധ്യപ്പെടുന്നു. എന്റെ ഗുരുനാഥ ലീലാമ്മ ടീച്ചർ വിഭാവനം ചെയ്ത കലാമണ്ഡലം ശൈലിയുടെ (ബാണി) വക്താവായി മാറുക എന്ന കർത്തവ്യം കൂടി എന്റെ ഉത്തരവാദിത്വമായി മാറിയിരിക്കുന്നു. അത് അത്ര നിസാരമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.