
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ നിക്ഷേപം ഇരട്ടിയാക്കുന്നതിന്റെ ഭാഗമായി ഗൂഗിളിൽ വൻ മാറ്റങ്ങൾ വരുന്നു. എഐയുമായി പൊരുത്തപ്പെടാൻ കഴിയാത്തവർക്ക് കമ്പനിയിൽ നിന്ന് സ്വയം വിരമിക്കാമെന്ന് ഗൂഗിൾ ചീഫ് ബിസിനസ് ഓഫീസർ ഫിലിപ്പ് ഷിൻഡ്‌ലർ ജീവനക്കാർക്ക് അയച്ച മെമ്മോയിൽ വ്യക്തമാക്കി. എഐ വരുത്തുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്തവർക്ക് സ്വയം പടിയിറങ്ങാനുള്ള അവസരം നൽകുന്നതിലൂടെ കമ്പനിയുടെ പ്രവർത്തന വേഗത വർദ്ധിപ്പിക്കാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. 2026ൽ മാത്രം 175 മുതൽ 185 ബില്യൺ ഡോളർ വരെ എഐ മേഖലയിൽ നിക്ഷേപിക്കാനാണ് ഗൂഗിളിന്റെ പദ്ധതി.
ഗൂഗിൾ മാത്രമല്ല, ആമസോൺ, മൈക്രോസോഫ്റ്റ്, സെയിൽസ്ഫോഴ്സ് തുടങ്ങിയ വൻകിട കമ്പനികളെല്ലാം തങ്ങളുടെ പ്രവർത്തനങ്ങൾ എഐ വഴി ഓട്ടോമേറ്റ് ചെയ്യാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി സെയിൽസ്ഫോഴ്സ് അടുത്തിടെ 1000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. എഐ സാങ്കേതികവിദ്യയുടെ വളർച്ച കോഡിംഗ് ജോലികളെ സാരമായി ബാധിക്കുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഇന്ത്യയിലെ പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ സോഹോ കോർപ്പറേഷൻ സ്ഥാപകൻ ശ്രീധർ വെമ്പുവും സോഫ്റ്റ്‌വെയർ പ്രൊഫഷണലുകൾക്ക് കർശന മുന്നറിയിപ്പ് നൽകി. കോഡിംഗ് മാത്രം ഉപജീവനമാക്കിയവർ മറ്റ് തൊഴിൽ മേഖലകളെക്കുറിച്ച് ചിന്തിച്ചു തുടങ്ങണമെന്നാണ് അദ്ദേഹം പറഞ്ഞത്. എഐ അതിവേഗം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ കോഡിംഗ് വൈദഗ്ദ്ധ്യം മാത്രം പോരാത്ത അവസ്ഥ വരുമെന്നും പുതിയ എഐ കഴിവുകൾ ആർജ്ജിക്കാത്തവർക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.