
ദുബായ് എയർ ഷോയിലെ അഭ്യാസ പ്രകടനത്തിനിടെയുണ്ടായ അപകടത്തെത്തുടർന്ന്, ഇന്ത്യൻ നിർമ്മിത ലഘു യുദ്ധവിമാനമായ ‘തേജസ്’ വാങ്ങാനുള്ള ചർച്ചകൾ അർമേനിയ നിർത്തിവച്ചു. പ്രതിരോധ കയറ്റുമതി രംഗത്ത് ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടിയായി ഈ തീരുമാനം മാറി. ദുബായ് എയർ ഷോയിലെ വ്യോമ അഭ്യാസത്തിനിടെയാണ് വിമാനം തകർന്ന് വീണത്. സംഭവത്തില്‍ പൈലറ്റ് വിങ് കമാൻഡർ നമാന്‍ഷ് സിയാൽ വീരമൃത്യു വരിച്ചു. ഈ അപകടമാണ് കരാറിൽ നിന്ന് പിന്നോട്ടുപോകാൻ അർമേനിയയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ അർമേനിയൻ സർക്കാരോ ഇന്ത്യൻ പ്രതിരോധ മന്ത്രാലയമോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഏകദേശം 120 ലക്ഷം ഡോളർ (10,000 കോടി രൂപ) മുടക്കി 12 തേജസ് വിമാനങ്ങൾ വാങ്ങാനായിരുന്നു അർമേനിയയുടെ തീരുമാനം. കരാർ നടപടികൾ അന്തിമ ഘട്ടത്തിലായിരുന്നു. ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനമായ തേജസിന് ലഭിക്കാൻ പോകുന്ന ആദ്യത്തെ വമ്പൻ വിദേശ ഓർഡർ എന്ന നിലയിൽ ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കീഴിൽ പ്രതിരോധ ഉല്പന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്കും ഇപ്പോഴത്തെ തിരിച്ചടി മങ്ങലേല്പിച്ചേക്കാം. ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ സുഖോയ്-30 എംകെഐ, റഫാൽ, മിറാഷ് 2000, മിഗ്-29 എന്നിവയ്‌ക്കൊപ്പം മുൻനിരയിൽ നിൽക്കുന്ന വിമാനമാണ് തേജസ്. മറ്റ് യുദ്ധവിമാനങ്ങളെ അപേക്ഷിച്ച് ഭാരക്കുറവും അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് കുറവുമാണ് തേജസിനെ ആകർഷകമാക്കുന്നത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ആണ് തേജസ് നിർമ്മിക്കുന്നത്. വിമാനത്തിന്റെ ഭൂരിഭാഗം ഘടകങ്ങളും ഇന്ത്യയിൽ തന്നെയാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. അത്യാധുനിക ഇസ്രയേലി ഇഎല്‍/എം-2052 റഡാറാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഈ റഡാർ സംവിധാനത്തിന് ഒരേസമയം 10 ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാനും അവയിൽ ആക്രമണം നടത്താനും സാധിക്കും.
വെറും 460 മീറ്റർ നീളമുള്ള റൺവേയിൽ നിന്ന് പോലും പറന്നുയരാൻ ഇതിന് കഴിയും. 6,500 കിലോഗ്രാം മാത്രമാണ് വിമാനത്തിന്റെ ഭാരം. ഏത് കാലാവസ്ഥയിലും പ്രവർത്തിക്കാൻ കഴിയുന്ന മൾട്ടി-റോൾ സൂപ്പർസോണിക് വിമാനമാണിത്. നിലവിലെ അനിശ്ചിതത്വം നീങ്ങിയില്ലെങ്കിൽ, അർമേനിയ കരാർ പൂർണമായും ഉപേക്ഷിക്കുമോ എന്ന ആശങ്കയിലാണ് പ്രതിരോധ വൃത്തങ്ങൾ. അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതോടെ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.