24 January 2026, Saturday

വിജയാഘോഷത്തിനിടെ അപകടം:ആര്‍സിബി പ്രതിനിധി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

Janayugom Webdesk
ബംഗളൂരു
June 6, 2025 11:53 am

ഐപിഎല്‍ വിജയാഘോഷത്തേിനിടെ ബംംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും, തിരിക്കിലും 11പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ആര്‍സിബി മാര്‍ക്കറ്റിംങ് ഉദ്യോഗസ്ഥന്‍ നിഖില്‍ സൊസാലെ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹം അറസ്റ്റിലായത്. മറ്റുള്ളവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ അറസ്റ്റിലായ മറ്റ് മൂന്ന് പേർ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎൻഎ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ അംഗങ്ങളാണ് പൊലീസ് പറഞ്ഞു. സംഭവത്തിൽ കർണാടക ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. വിഷയത്തിൽ ജൂൺ 10നകം സ്ഥിതി വിവര റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് കർണാടക ഹൈക്കോടതി നിർദ്ദേശിച്ചു.

ആക്ടിംഗ് ചീഫ് ജസ്റ്റിസ് വി കാമേശ്വര റാവു, ജസ്റ്റിസ് സി എം ജോഷി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സംസ്ഥാന സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ ശശി കിരൺ ഷെട്ടി ഹാജരായി. സംഭവത്തിൽ ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു.ബുധനാഴ്ച ഐപിഎൽ 2025 ഫൈനലിൽ കിരീടം നേടിയ ആർസിബി കളിക്കാർക്കുള്ള അനുമോദന ചടങ്ങിൽ പങ്കെടുക്കാനാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയത്. ആരാധകരുടെ തിക്കിലും തിരക്കിലുംപെട്ട് ആറുവയസുകാരി ഉൾപ്പെടെ 11 പേരാണ് മരിച്ചത്. അമ്പതിലേറെ പേർക്ക് പരിക്കേറ്റിരുന്നു. 40,000 പേർക്ക് പ്രവേശിക്കാൻ സാധിക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിൽ 2 ലക്ഷത്തോളം പേരാണ് തടിച്ചുകൂടിയത്.ടീം സ്റ്റേഡിയത്തിൽ പ്രവേശിക്കുമെന്ന് കരുതിയ ​ഗേറ്റ് നമ്പർ മൂന്നിന് മുന്നിലാണ് വൈകിട്ട് തിക്കുംതിരക്കുമുണ്ടായത്.

വൻ ആളപായമുണ്ടായെന്ന് ബോധ്യപ്പെട്ടിട്ടും സ്റ്റേഡിയത്തിനുള്ളിൽ ടീമിനുള്ള സ്വീകരണം തുടർന്നു. മന്ത്രിമാരടക്കം പരിപാടിയിൽ പങ്കെടുത്തു. കർണാടക ക്രിക്കറ്റ് അസോസിയേഷനും കർണാടക സർക്കാരുമാണ് സ്വീകരണമൊരുക്കിയത്. പൊലീസിന്റെ സുരക്ഷാ മുന്നറിയിപ്പ് മറികടന്നാണ് പരിപാടി നടത്തിയതെന്ന് റിപ്പോർട്ടുണ്ട്.വ്യാഴാഴ്ച മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. 

ആർ‌സി‌ബി ടീം, ഡി‌എൻ‌എ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, കെ‌എസ്‌സി‌എ എന്നിവയുടെ പ്രതിനിധികളെ അറസ്റ്റ് ചെയ്യാനും മുഖ്യമന്ത്രി ഉത്തരവിട്ടു.കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (കെഎസ്‌സി‌എ) സെക്രട്ടറി ശങ്കർ, ട്രഷറർ ജയറാം എന്നിവർ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. തിക്കിലും തിരക്കിലും നിരവധി പേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരു പൊലീസ് കമ്മീഷണർ ബി ദയാനന്ദയെയും മറ്റ് നിരവധി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച സസ്‌പെൻഡ് ചെയ്തു. അതേസമയം, കെഎസ്സിഎ സെക്രട്ടറി ശങ്കറിന്റഎ വീട്ടിൽ റെയ്ഡ് നടക്കുന്നതായാണ് വിവരം. ബംഗളൂരു മല്ലേശ്വരത്തെ വീട്ടിലാണ് റെയ്ഡ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.