23 January 2026, Friday

സൂര്യയുടെ മരണ കാരണം അരളി വിഷമെന്ന് പൊലീസ് റിപ്പോർട്ട്

Janayugom Webdesk
ഹരിപ്പാട്
May 19, 2024 1:48 pm

യുകെയിലേക്ക് ജോലിക്കായി പുറപ്പെടും മുമ്പ് ആലപ്പുഴ ഹരിപ്പാട് സ്വദേശിനി കുഴഞ്ഞു വീണു മരിച്ച സംഭവത്തിന് പിന്നിൽ വില്ലനായത് അരളി തന്നെയെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രനാണ് (24) വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചത്. അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതാണ് ഹൃദ്രോഗത്തിലേക്കു നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. നഴ്സായ സൂര്യ വിദേശത്തു ജോലിക്കായി പുറപ്പെടുമ്പോഴായിരുന്നു അത്യാഹിതം.

ഇവരുടെ വീടിനു പരിസരത്തെ അരളിച്ചെടിയുടെ ഇലയും പൂവും സൂര്യയുടെ രക്തസാമ്പിളും മൂന്നാഴ്ച മുൻപ് തിരുവനന്തപുരത്തെ ലാബിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കിട്ടിയിട്ടില്ല. അതു ലഭിച്ചാലേ അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നിരുന്നോ എന്നു സ്ഥിരീകരിക്കാനാകൂ. അതിനു ശേഷമാകും പൊലീസ് അന്തിമ റിപ്പോർട്ട് നൽകുക. കഴിഞ്ഞ 28നാണ് സൂര്യ വിമാനത്താവളത്തിൽ കുഴഞ്ഞു വീണത്. തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് ഇവരെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയെടുത്തിരുന്നു. യാത്ര പുറപ്പെടുന്നതിനു മുൻപ് ഫോണിൽ സംസാരിച്ചു നടക്കുമ്പോൾ അശ്രദ്ധമായി ഏതോ ചെടിയുടെ ഇലയും പൂവും നുള്ളി വായിലിട്ടു ചവച്ചെന്നും അപ്പോൾ തന്നെ തുപ്പിക്കളഞ്ഞെന്നും സൂര്യ ഡോക്ടർമാരോടു പറഞ്ഞിരുന്നു. 

പരിശോധനയിൽ ഇത് അരളിച്ചെടിയാണെന്നു കണ്ടെത്തി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ആന്തരികാവയവ പരിശോധനയ്ക്കാണു തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചത്. സൂര്യയുടെ മരണത്തിൽ മറ്റു സംശയങ്ങളൊന്നുമില്ലെന്നും കേസ് അന്വേഷിക്കുന്ന ഹരിപ്പാട് എസ്എച്ച്ഒ കെ അഭിലാഷ് കുമാർ പറഞ്ഞു. അരളിച്ചെടിയുടെ ഇലകൾക്കും പൂവിനും കായ്ക്കുമെല്ലാം വിഷാംശമുണ്ടെന്നും ഇതാകാം മരണകാരണമാകാമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് പല ദേവസ്വം ബോർഡുകളും അരളിപ്പൂ നിവേദ്യത്തിൽ ഇടുന്നതു നിരോധിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Accord­ing to the police report, Arali poi­son was the cause of Surya’s death

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.