5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 16, 2024
October 9, 2024
September 29, 2024
September 13, 2024
September 6, 2024
August 13, 2024
August 9, 2024
August 8, 2024
July 29, 2024
July 23, 2024

അക്രഡിറ്റേഷൻ പ്രക്രിയ ഉയർത്തുന്ന ചോദ്യങ്ങൾ

ഡോ. ശ്യാംലാൽ ജി എസ്, സെക്രട്ടറി, പിഎഫ്‌സിടി
March 10, 2023 4:45 am

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനു (യുജിസി) കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) അംഗീകാരത്തിന്റെ ഭാഗമായി ഗ്രേഡിങ്ങുകളോടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. പാഠ്യപദ്ധതി, അധ്യാപനം, പഠനമികവ്, ഇൻഫ്രാസ്ട്രക്ചർ, ഗവേഷണം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ബഹുതലങ്ങളുള്ള പ്രക്രിയയിലൂടെയാണ് വിലയിരുത്തല്‍. സ്ഥാപനങ്ങളുടെ റേറ്റിങ്ങുകൾ ‘എ പ്ലസ്‍പ്ലസ്’ മുതൽ ‘സി’ വരെയാണ്. ഒരു സ്ഥാപനം ‘ഡി’ ഗ്രേഡ് ചെയ്തിട്ടുണ്ടെങ്കിൽ, അതിനർത്ഥം അത് അംഗീകൃതമല്ല എന്നാണ്. 2012ലെ യുജിസി റെഗുലേഷൻസ് വഴിയാണ് അക്രഡിറ്റേഷൻ നിർബന്ധമാക്കിയത്. ‘നാക്’ നിയമപ്രകാരം, കുറഞ്ഞത് ആറ് വർഷം പഴക്കമുള്ള, അല്ലെങ്കിൽ രണ്ട് ബാച്ച് വിദ്യാർത്ഥികളെങ്കിലും ബിരുദം നേടിക്കഴിഞ്ഞ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമേ അപേ ക്ഷിക്കാൻ കഴിയൂ. അഞ്ച് വർഷത്തേക്കാണ് അംഗീകാരം. താല്പര്യമുള്ള സ്ഥാപനങ്ങൾക്ക് യുജിസി അംഗീകാരം നല്കുകയും അവരുടെ അധ്യാപന-ഗവേഷണ പരിപാടികളിലുടനീളം സ്ഥിരമായി വിദ്യാർത്ഥികളെ ഉൾപ്പെടുത്തുകയും വേണം. ഓരോ ഗ്രേഡിങ്ങിനുമിടയിൽ അഞ്ച് വർഷത്തെ ഇടവേളയിൽ നാല് തവണ ‘നാക്’ അവലോകനം ചെയ്ത 19 സർവകലാശാലകളും 121 കോളജുകളും മാത്രമേയുള്ളൂ.

ഒരു സ്ഥാപനം ആദ്യമായി അക്രഡിറ്റേഷൻ പ്രക്രിയയ്ക്ക് വിധേയമാകുമ്പോൾ ‘സൈക്കിൾ ഒന്ന്’ എന്നും, തുടർന്നുള്ള അഞ്ച് വർഷത്തെ കാലയളവിനെ സൈക്കിൾ രണ്ട്, മൂന്ന് എന്നിങ്ങനെയും വിളിക്കുന്നു. അംഗീകാരം ലഭിക്കുമോ ഗ്രേഡ് മോശമാകുമോ എന്നിങ്ങനെയുള്ള ഭയം മൂല്യനിർണയത്തിന് സ്വമേധയാ അപേക്ഷിക്കുന്നതിൽ നിന്ന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ പിന്തിരിപ്പിക്കുന്നുവെന്ന് നാക് അധികൃതര്‍ തന്നെ പറയുന്നു. യുജിസിയുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന നാക് ഇപ്പോള്‍ ക്രമക്കേടുകളുടെയും അഴിമതിയുടെയും ആക്ഷേപങ്ങളാൽ വലയുകയാണ്. കൗൺസിലിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ഭൂഷൺ പട്‍വർധൻ നാകിനെതിരെ ഒരു സ്വതന്ത്ര അന്വേഷണം വേണമെന്ന് ഫെബ്രുവരിയിൽ ആവശ്യപ്പെട്ടിരുന്നു. യുജിസിക്ക് അയച്ച കത്തിൽ സർവകലാശാലകൾ അന്യായമായ മാർഗങ്ങളിലൂടെ “ചോദ്യം ചെയ്യാവുന്ന ഗ്രേഡുകൾ” നേടുന്നുവെന്ന് ആരോപിച്ച് ദിവസങ്ങൾക്ക് ശേഷം, ഇക്കഴിഞ്ഞ മാർച്ച് ആറിന് ഭൂഷൺ പട്‍വർധൻ രാജി സമർപ്പിക്കുകയും ചെയ്തു. അക്രഡിറ്റേഷൻ പ്രക്രിയകളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച പട്‍വർധൻ ഫെബ്രുവരി 26ന് രാജിവയ്ക്കാൻ ആഗ്രഹിക്കുന്നതായി യുജിസി ചെയര്‍മാനെ അറിയിക്കുകയായിരുന്നു. തുടർന്ന് യുജിസി ചെയർമാൻ എം ജഗദേഷ് കുമാർ മാർച്ച് മൂന്നിന് മുൻ എഐസിടിഇ ചെയർപേഴ്സൺ അനിൽ സഹസ്രബുദ്ധയെ ആ സ്ഥാനത്തേക്ക് നിയമിച്ചു. ഫെബ്രുവരി 26ന് താന്‍ അയച്ച കുറിപ്പ് രാജിക്കത്തായി തെറ്റായി വ്യാഖ്യാനിച്ചതായി മാർച്ച് നാലിന് പട്‍വര്‍ധന്‍ യുജിസി ചെയർമാന് വീണ്ടും കത്തെഴുതി.


ഇതുകൂടി വായിക്കൂ: പഠിക്കൂ! പരീക്ഷയെ പ്രണയിക്കാൻ!! ഇനി പരീക്ഷാകാലം


‘മുഴുവൻ വിഷയവും ശ്രദ്ധാപൂർവം പരിശോധിച്ചതിനുശേഷം, യുജിസി, നാക്, ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ സമ്പ്രദായം എന്നിവയുടെ വിശാലതാല്പര്യം മുൻനിർത്തി, നാക്’ ബംഗളൂരു എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് മാർച്ച് ആറിന് ഞാൻ രാജിവയ്ക്കുന്നു’, എന്നാണ് ആദ്യ കത്തിൽ പറഞ്ഞിരുന്നത്. ഏതായാലും ധൃതിപിടിച്ച നടപടി ഭരണതലത്തിലെ ദയനീയാവസ്ഥയെയും യുജിസിയിലെയും നാകിലെയും അധികാര ദുർവിനിയോഗത്തെയും സൂചിപ്പിക്കുന്നു. കാലഹരണപ്പെട്ട ‘നാക്’ ഗ്രേഡുകൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ, പഠന റിപ്പോർട്ടുകൾ കോപ്പിയടിക്കുക, ഗ്രേഡുകൾ വാങ്ങിയെടുക്കാന്‍ തെറ്റായ മാര്‍ഗങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നു. 2022ൽ രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലയായിരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനേക്കാൾ ഉയർന്ന ‘നാക്’ സ്കോര്‍, കഴിഞ്ഞ വർഷം അറിയപ്പെടാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കുണ്ടായപ്പോൾ ക്രമക്കേടുകൾ പ്രകടമായി. നാക് അതിന്റെ സമീപനത്തിൽ മാറ്റങ്ങൾ അന്വേഷിക്കുന്ന സമയത്താണ് ആരോപണങ്ങൾ ഉയർന്നത്. ഇന്ത്യയിലെ 695 സർവകലാശാലകൾക്കും 34,734 സ്ഥാപനങ്ങൾക്കും അക്രഡിറ്റേഷൻ ഇല്ലെന്ന് ഫെബ്രുവരിയിൽ പാർലമെന്റിനെ അറിയിച്ചിരുന്നു. നിലവിലെ സമീപനത്തെ ‘ഇൻപുട്ട് അടിസ്ഥാനമാക്കിയുള്ളത്’ എന്നാണ് വിവരിച്ചിരിക്കുന്നത്. അപേക്ഷക സ്ഥാപനങ്ങളുടെ സ്വയം വിലയിരുത്തൽ റിപ്പോർട്ടുകളെ നാക് വളരെയധികം ആശ്രയിക്കുന്നുവെന്നര്‍ത്ഥം.

ക്വാണ്ടിറ്റേറ്റീവ്, ക്വാളിറ്റേറ്റീവ് മെട്രിക്സുമായി ബന്ധപ്പെട്ട വിവരങ്ങളുടെ സ്വയം പഠന റിപ്പോർട്ട് അപേക്ഷക സ്ഥാപനം ആദ്യഘട്ടത്തില്‍ സമർപ്പിക്കുന്നു. ഈ ഡാറ്റ പിന്നീട് നാക് വിദഗ്ധസംഘങ്ങൾ സാധൂകരിക്കുന്നു. തുടർന്ന് സ്ഥാപനങ്ങളിലേക്കുള്ള പിയർ ടീം സന്ദർശനങ്ങൾ വിവാദത്തിലാണ് മിക്കവാറും അവസാനിക്കുക. ഫെബ്രുവരി 26ന് പട്‍വര്‍ധൻ എഴുതിയ കത്തിൽ, “മുൻഗണനയും നടപ്പാക്കലും ആവശ്യമായ പല നടപടികളും വളരെ ആകസ്മികമായി എടുത്തതായി തോന്നുന്നു“വെന്ന് സൂചിപ്പിക്കുന്നു. ‘ബന്ധപ്പെട്ടവരിൽ നിന്നുള്ള പരാതികൾ, അവലോകന കമ്മിറ്റി റിപ്പോർട്ടുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ, നിക്ഷിപ്ത താല്പര്യങ്ങൾ, ദുഷ്‌പ്രവൃത്തികൾ, അവിശുദ്ധ കൂട്ടുകെട്ടുകൾ എന്നിവയുടെ സാധ്യതയെക്കുറിച്ച് എന്റെ ആശങ്കകൾ മുമ്പ് പ്രകടിപ്പിച്ചിരുന്നു. പ്രത്യേകിച്ച് ചില ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംശയാസ്പദമായ ഗ്രേഡുകൾ നല്കുന്നതിലേക്ക് നയിക്കുന്ന ഐസിടി, ഡിവിവി, പിടിവി പ്രക്രിയകൾ. ഇക്കാരണത്താൽ, ഉചിതമായ ഉന്നതതല ദേശീയ ഏജൻസികളുടെ സ്വതന്ത്രാന്വേഷണം വേണമെന്നും ഞാൻ നിർദേശിച്ചിരുന്നു‘വെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷത്തെ ലോക യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് വീണ്ടും മികച്ച ഇന്ത്യൻ എൻട്രിയായി. അതുപോലെ കേന്ദ്ര സര്‍ക്കാരിന്റെ എന്‍ഐആര്‍എഫ് റാങ്കിങ്ങിലും ഒന്നാമതെത്തി.


ഇതുകൂടി വായിക്കൂ: ഇരുതല മൂര്‍ച്ചയുള്ള ദേശീയ വിദ്യാഭ്യാസ നയം


എന്നാൽ നാക് സ്കോറുകളിൽ ഏഴ് സ്വകാര്യ സ്ഥാപനങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്ന വളരെ വ്യത്യസ്തമായ റിപ്പോര്‍ട്ട് പുറത്തുവന്നു. ഭുവനേശ്വറിലെ ഒരു ഡീംഡ് യൂണിവേഴ്സിറ്റിക്ക് എക്കാലത്തെയും ഉയർന്ന ‘നാക്’ സ്കോർ ലഭിച്ചു. കോയമ്പത്തൂരിലെ മറ്റൊരു ഡീംഡ് യൂണിവേഴ്സിറ്റി അഞ്ച് വർഷത്തിനിടെ രണ്ട് മൂല്യനിർണയങ്ങൾക്കിടയിൽ അഞ്ച് ഗ്രേഡുകൾ ഉയർന്നു. ഇന്ത്യയിലുടനീളമുള്ള സർവകലാശാലകളിലെ ഈ അസാധാരണ ഗ്രേഡ് പെരുപ്പം അക്കാദമിക് വിദഗ്ധർ ചോദ്യം ചെയ്യുന്നു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്കോറുകൾ വർധിപ്പിച്ചത് എങ്ങനെയാണെന്ന് മനസിലാക്കാൻ നാക് തന്നെ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. 2022 സെപ്റ്റംബറിൽ, സർവകലാശാലാ അധികാരികൾ പിയർ റിവ്യൂ സംഘത്തെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന അജ്ഞാതസന്ദേശം ലഭിച്ചതിനെത്തുടർന്ന്, ബറോഡയിലെ എംഎസ് സർവകലാശാലയുടെ ഗ്രേഡിങ് ഫലം തടഞ്ഞുവയ്ക്കുന്ന അവസ്ഥവരെ ഉണ്ടായി. ഉയർന്ന ‘നാക്’ ഗ്രേഡുകൾ, വർധിച്ച സ്വയംഭരണാവകാശം, യുജിസി ഫണ്ട്, വിദേശ സഹകരണം പോലെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകാന്‍ സഹായിക്കും. വിദൂരവിദ്യാഭ്യാസവും ഓൺലൈൻ കോഴ്സുകളും ആരംഭിക്കുന്നതിനും വഴിയൊരുക്കുന്നു. ഈ വർഷം എ പ്ലസ്‍പ്ലസ് സ്കോർ നേടിയ സ്ഥാപനങ്ങളുടെ എണ്ണത്തിൽ റെക്കോഡ് വർധനയുണ്ടായി. ഉന്നതവിദ്യാഭ്യാസ മേഖല വികസിക്കുകയാണെന്ന് ഇത് ചൂണ്ടിക്കാട്ടി പറയാം. പക്ഷേ വികലമായ ഗൈഡ് വിദ്യാർത്ഥികൾക്ക് മോശമായ സേവനമാണ് നല്കുക എന്നതാകും യാഥാര്‍ത്ഥ്യം. എല്ലാ റാങ്കിങ് സിസ്റ്റത്തിനും അതിന്റേതായ പോരായ്മകളുണ്ടാകും.

എന്നാൽ നാക് സ്കോറുകളുടെ സുതാര്യതയും ഉത്തരവാദിത്തവും സത്യസന്ധതയും ഉറപ്പാക്കുകയെന്നത് അടിയന്തരമായ ഒരു കടമയാണ്. ഇത് വിദ്യാര്‍ത്ഥികളുടെയും രാജ്യത്തിന്റെയും ഭാവിയില്‍ ആഴത്തിലുള്ള ഫലമുളവാക്കും. അതുകൊണ്ട് ദേശീയ അന്തർദേശീയ വിദഗ്ധർ ഉൾപ്പെടുന്ന ഉയർന്ന നിലവാരമുള്ള സംഘം ആവശ്യമായ പ്രക്രിയാപരിഷ്കാരങ്ങൾ ആരംഭിക്കണം. നാക് അടുത്തിടെ പുതിയൊരു ഗ്രേഡിങ് സംവിധാനം പുറത്തിറക്കി. അതനുസരിച്ച് പിയർ ടീം സന്ദർശനങ്ങളുടെ പങ്ക് കുറയ്ക്കുന്നതിനെക്കുറിച്ച് കൗൺസിൽ ആലോചിക്കുന്ന സമയത്താണ് വിവാദം ഉയർന്നതെന്നത് ശ്രദ്ധേയമാണ്. പിയർ ടീം സന്ദർശനങ്ങളുടെ പങ്ക് സുതാര്യസ്വഭാവമുള്ളതാണെന്നും, മൂല്യനിർണയത്തിലും അക്രഡിറ്റേഷൻ പ്രക്രിയയിലും കാര്യമായ വെയിറ്റേജില്ലെന്നുമാണത് കാണുന്നത്. നിലവിലുള്ള ഇൻപുട്ട് അധിഷ്ഠിത സമീപനത്തിന് പകരം ഫലത്തെ അടിസ്ഥാനമാക്കിയുള്ള സമീപനം സ്വീകരിക്കണം. ഈ സമീപനം നിലവിലെ സംവിധാനത്തിനും പിഎച്ച്ഡിയുടെ അവകാശവാദം അംഗീകരിക്കുന്നതിനും സമാനമാണ്. തങ്ങളുടെ തീസിസ് ഉയർന്ന നിലവാരമുള്ളതാണെന്ന് വിദ്യാർത്ഥികൾ അവകാശപ്പെട്ടാലും, അവര്‍ക്ക് പ്രസക്തമായ കഴിവുകളും അക്കാദമിക് മികവുകളുമുണ്ടോ എന്ന് നിർണയിക്കുന്നതിന് ഊന്നൽ നൽകണം. സ്ഥാപനങ്ങളുടെ സ്വയംപഠന റിപ്പോർട്ടുകളെ മാത്രം ആശ്രയിക്കുന്നതിനുപകരം, പഠന സാമഗ്രികളുടെ സാമ്പിളുകൾ, തുടർച്ചയായ മൂല്യനിർണയം, സിലബസിൽ വ്യക്തമാക്കിയിട്ടുള്ള പഠനഫലങ്ങൾ നിർണയിക്കുന്ന അന്തിമ പരീക്ഷകൾ തുടങ്ങിയവയുടെ തെളിവുകൾ നൽകാൻ സ്ഥാപനങ്ങളോട് ആവശ്യപ്പെടുകയും വേണം.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.