
കൂട്ടബലാത്സംഗ കേസിൽ ഒളിവിൽ പോയ രണ്ടാം പ്രതി മൂന്നു വർഷത്തിനു ശേഷം പിടിയിൽ. 2015 കാലയളവ് മുതൽ വിവിധ കോടതികളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതും കൊലപാതക ശ്രമം, പിടിച്ചുപറി, സ്ത്രീപീഡനം തുടങ്ങിയ വിവിധ കേസുകളില്‍ പ്രതിയുമായ നൂറനാട് പാലമേൽ കുളത്തും മേലേതിൽ കൊച്ചുതറയിൽ വീട്ടിൽ ആർ.മനോജ്(35)-നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട് കാരേക്കുടി ഭാഗത്തു നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. 2022 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേസിൽ മൊത്തം അഞ്ച് പ്രതികളാണുള്ളത്. ഇതിൽ മൂന്നു പേരെ അതിവേഗ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. ഒരാളെ കോടതി വെറുതെ വിട്ടു. എന്നാൽ മനോജിനെ പൊലീസിന് പിടികൂടാൻ സാധിച്ചില്ല. ഒളിവിൽ പോയ ശേഷം മനോജ് സ്ഥിരമായി ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ പോലും ഉപേക്ഷിച്ചിരുന്നു. ഒളിവിൽ കഴിഞ്ഞ സമയം നാട്ടിൽ ആരെയും വിളിക്കാൻ ശ്രമിച്ചതുമില്ല. പൊലീസിന്റെ നിരന്തരമായ അന്വേഷണത്തിന് ഒടുവിൽ അടുത്തിടെ തമിഴ്നാട് കാരേക്കുടി ഭാഗത്ത് മനോജ് ഉണ്ടെന്ന വിവരം ലഭിച്ചു. ഗുണ്ടാലിസ്റ്റിൽ പെട്ട തമിഴ്നാട് സ്വദേശിയുടെ വീട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ഇവിടെ താമസിച്ച് വെൽഡിങ് ജോലി ചെയ്യുകയായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു. ഇതോടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പി.ആനന്ദ് കാരേക്കുടി എഎസ്പി അനീഷ് പുരിയയുമായി ബന്ധപ്പെട്ട് സഹായം തേടി.
തുടർന്ന് അടൂർ ഡിവൈഎസ്പി ജി.സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മനോജ് താമസിച്ച വീട് കണ്ടെത്തി. എന്നാൽ പൊലീസിനെ കണ്ട മനോജ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു. എസ്ഐ.സുരേഷ് ബാബു, എഎസ്ഐ കെ.ഗോപകുമാർ,സിപിഒ അമീഷ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.