ഉക്രെയ്നുമായുള്ള യുദ്ധത്തില്‍ റഷ്യയ്ക്ക് സഹായം നൽകിയെന്നാരോപിച്ച് 15 ഇന്ത്യൻ കമ്പനികൾക്കും രണ്ട് പൗരന്മാർക്കും യുഎസ് ഉപരോധം ഏർപ്പെടുത്തി. ഉക്രെയ്നെതിരെ യുദ്ധം ചെയ്യാൻ അവശ്യമായ സാങ്കേതിക വിദ്യയും സാധനങ്ങളും റഷ്യക്ക് നൽകിയെന്നാണ് യുഎസിന്റെ ആരോപണം.
സിഖ് നേതാവ് ഗുർപത്വന്ത് സിങ് പന്നൂന്റെ വധശ്രമത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണത്തിന് പിന്നാലെ യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം ഉലഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. റഷ്യക്ക് സഹായം നൽകിയെന്നാരോപിച്ച് ആഗോളതലത്തിൽ 400 സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ചൈന, മലേഷ്യ, തായ്ലൻഡ്, തുർക്കിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ യുഎസ് നടപടിയെടുത്തേക്കും.
അസന്റ് ഏവിയേഷൻ ഇന്ത്യ, മാസ്ക് ട്രാൻസ്, ടിഎസ്എംഡി ഗ്ലോബൽ ആന്റ് ഫുട്രേവോ, എസ്ഐ2 മൈക്രോസിസ്റ്റംസ് എന്നിവയാണ് ഉപരോധപ്പട്ടികയിലുള്ള പ്രധാന ഇന്ത്യൻ കമ്പനികൾ. ഏതാണ്ട് രണ്ട് ലക്ഷം ഡോളർ മൂല്യമുള്ള യുഎസ് നിർമ്മിത എയർക്രാഫ്റ്റ് ഭാഗങ്ങൾ 2023 മാർച്ചിനും 2024 മാർച്ചിനും ഇടയിലായി അസന്റ് ഏവിയേഷൻ ഇന്ത്യ റഷ്യൻ കമ്പനികൾക്ക് കൈമാറിയെന്നാണ് ആരോപണം. 2023 ജൂണിനും 2024 ഏപ്രിലിനുമിടയിൽ മൂന്ന് ലക്ഷം ഡോളറിന്റെ വ്യോമയാന ഘടകങ്ങൾ റഷ്യയുടെ എസ്7 എൻജിനീയറിങ് എൽഎൽസിക്ക് നൽകിയെന്നാണ് മാസ്ക് ട്രാൻസിനെതിരായ കണ്ടെത്തൽ. മൈക്രോ ഇലക്ട്രോണിക്സ് ഉപകരണങ്ങളും പ്രോസസറുകളും റഷ്യൻ കമ്പനികൾക്ക് നൽകിയെന്നാണ് ടിഎസ്എംഡിക്കെതിരായ ആരോപണം.
നിയമവിരുദ്ധവും അധാര്‍മ്മികവുമായ യുദ്ധത്തില്‍ റഷ്യക്ക് ലഭിക്കുന്ന സാങ്കേതിക, സാമ്പത്തിക ഉറവിടങ്ങള്‍ തടയുകയാണ് അമേരിക്കയുടെ നയമെന്ന് യുഎസ് ട്രഷറി ഡെപ്യൂട്ടി സെക്രട്ടറി വാലി അഡെയമോ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.