5 January 2025, Sunday
KSFE Galaxy Chits Banner 2

അച്ഛമ്മ

സജിത് കെ കൊടക്കാട്ട്
September 22, 2024 3:17 am

എന്റെ അച്ഛമ്മയ്ക്ക് എൺപത് കഴിഞ്ഞു. പഴയപോലെ നടക്കാനോ ഇരിക്കാനോ എഴുന്നേറ്റ് നില്ക്കാൻ പോലുമോ ഉള്ള ശേഷിയില്ല. ഒരിടത്തും അടങ്ങിയൊതുങ്ങി കഴിയുന്ന പ്രകൃതമായിരുന്നില്ല അച്ഛമ്മയുടേത്. കാക്ക കീറും മുമ്പേ എഴുനേൽക്കും. വീടിനകത്തും പുറത്തും ചൂലുമായി നടക്കും. ചപ്പുചവറുകൾ വാരിക്കൂട്ടി തീയിടും. പാത്രങ്ങൾ തേച്ചുമിനുക്കും. വെയില് മൂക്കുമ്പോൾ മുരിങ്ങയില നുള്ളുന്നതും ചക്കക്കുരു നന്നാക്കുന്നതും പതിവു കാഴ്ചകളായിരുന്നു. ഇനി ഇതൊന്നുമില്ലെങ്കിൽ ആരുടെയെങ്കിലുമൊക്കെ തല പിടിച്ചു വെച്ച് പേനെടുത്ത് പൊട്ടിക്കും. അപ്പോഴാണ് ചറപറാ വർത്തമാനം. 

ഇപ്പോൾ ഒന്നിനും വയ്യാതായി. കിടത്തമാണെപ്പോഴും. രാത്രിയില് ഉറക്കം തീരെയില്ല. ഭക്ഷണം കഴിക്കാതെയും മരുന്നുകൾ ഫലിക്കാതെയുമായി. കാഴ്ച മങ്ങിയും കേൾവി കുറഞ്ഞും പോയി. “ന്നെ മനസിലായോന്ന് ചോദിച്ചാ, ഏ… ആ… ഓ… എന്നു മാത്രം നാവനക്കലായി.
ബന്ധത്തിലൊരു പാട് ബന്ധുക്കാരും കുന്തത്തിലൊത്തിരി കുടുംബക്കാരുമുണ്ട് അച്ഛമ്മയ്ക്ക്. ഞാനാരേയും കണ്ടിട്ടില്ല. എല്ലാടത്തും പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു കുട്ടിക്കാലത്ത്. കൊണ്ടുപോവാനും വേണ്ടേ ആരെങ്കിലുമൊക്കെ. തറവാടിന്റെ ഗംഭീര കാലത്ത് ബന്ധുക്കാരും കുടുംബക്കാരും പ്രണയികളെ പോലെയായിരുന്നത്രേ. എല്ലാം അച്ഛൻ പറഞ്ഞു കേട്ട കഥകളാണ്. ദൂരെയും അടുത്തും ഒക്കെയുള്ളവരുണ്ട്. എല്ലാവരും നല്ല നിലയിലാത്രേ കഴീണത്. പറഞ്ഞിട്ടെന്താണ്? ആരും വഴി തെറ്റി പോലും കയറി വരാറില്ല. 

ഞാൻ പറയുന്നത് കേട്ടിട്ട് ബോറടിച്ചോ? ഇല്ലേ? പിന്നെന്തിനാണ് സിഗററ്റടുത്ത് കത്തിക്കുന്നത്. എന്റെ അച്ഛമ്മ ഇനി അധികകാലമൊന്നും ഉണ്ടാവില്ല. മരിക്കാൻ വേണ്ടി പറയല്ല. ഇനിയും പന്തീരാണ്ട് കാലം കിടന്നാലും അച്ഛമ്മ ഞങ്ങൾക്കാർക്കും ഒരു ഭാരാവില്ല. അച്ഛമ്മ മരിച്ചു പോയാൽ ബന്ധുക്കരേം കുടുംബക്കാരേം അറിയിക്കേണ്ടത് മര്യാദയാണെന്നാണ് അച്ഛൻ ആവർത്തിക്കുന്നത്. അങ്ങനെ തന്നെ ആയിക്കോട്ടെ. വിവരം കിട്ടി, അതുവരെ കാണാത്ത കൂട്ടക്കാരും കുടുംബക്കാരും അമ്മാ യ്യേ, പൊന്നു നാത്തൂനേ… ചക്കര വല്യമ്മേന്നൊക്കെ അലമുറയിട്ട് ഓടിപ്പാഞ്ഞെത്തി ഭൂകമ്പമുണ്ടാക്കുന്നത് എനിക്കു സഹിക്കാൻ മേല സാറെ. 

ജീവനില്ലാത്ത അച്ഛമ്മയുടെ ചുറ്റും മകരവിളക്കിന്റെ തിരക്കു പോലെ തടിച്ചുകൂടി. എണ്ണിപ്പെറുക്കി, പതം പറഞ്ഞ്, ചീരാപ്പൊലിപ്പിച്ച് ശരശരോന്ന് കരയും ചിലർ. വേറെ ചിലർ ബോധംകെട്ടു വീഴും. അവരുടെ ഇട്ടതും ഉടുത്തതുമൊന്നും അന്നേരം മേലുകാണില്ല. ഇനിയാണു സാറെ രസം കിടക്കുന്നത്. മരിച്ചു പോയവരെ കുളിപ്പിച്ചു മുറ്റത്തു കിടത്തി വെള്ളം കൊടുക്കുന്ന പരിപാടിയുണ്ട്. കാണേണ്ടതാണ്. വെള്ളം കുടിപ്പിക്കുന്നവർ കോമരങ്ങളെ പോലെ വിറച്ചും വിറപ്പിച്ചും ചാഞ്ഞും ചരിഞ്ഞും വീണ്ടും. എന്തു രസാന്നോ! സാറെന്നെ ഇങ്ങനെ തുറിച്ചു നോക്കരുത്. സാറിനെന്തെങ്കിലും കുഴപ്പമുണ്ടോ. എന്താണു സാറെ. നമ്മളൊക്കെ മനുഷ്യരല്ലേ. ഞാനിത്രയും ദൂരം ഈ കൊടുംവെയിലത്ത് നടന്നു വന്നത് എന്തിനാണെന്നാ വിചാരിച്ചത്. എനിക്ക് സാറിന്റെയൊരു സഹായം വേണം. ദയവായി അത് ചെയ്തു തരണം. ജീവിച്ചിരിക്കുന്ന എന്റെ അച്ഛമ്മയ്ക്ക് വെള്ളം കൊടുക്കാൻ സമയവും താല്പര്യവും കരുണയുമുള്ള ബന്ധുമിത്രാധികൾ ഈ പരസ്യം ശ്രദ്ധയിൽ പെട്ടാലുടനെ തറവാട്ടിലെത്തി അച്ഛമ്മയ്ക്ക് വെള്ളം കൊടുക്കേണ്ടതാണെന്നും ജീവനില്ലാത്ത അച്ഛമ്മ ഒരിക്കലും വെള്ള മിറക്കുകയില്ലെന്നും മരിച്ചവരെ വെള്ളം കുടിപ്പിക്കരുതെന്നും അറിയിച്ചു കൊണ്ടുള്ള ഒരു പരസ്യം സാറിന്റെ പത്രത്തിൽ വലുതായിട്ട്, ദയവായി കൊടുക്കണം. പണം എത്രയാന്നു വെച്ചാ ഞാൻ തരാം..

പിന്നെയും സാറെന്നെ തുറിച്ചു നോക്കി ചിരിക്കുകയാണല്ലോ… സാറെന്നെ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നതെന്താണ്? എന്നെ ഇവിടെ കൊണ്ടുവന്നവരും ഇങ്ങനെ വല്ലാത്ത മട്ടിൽ എന്നെ നോക്കുന്നത് ഞാൻ കണ്ടിരുന്നേ… അപ്പോഴെനിക്ക് സങ്കടം വന്നു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. നമ്മളൊക്കെ മനുഷ്യരല്ലേ സാറെ. ഞാൻ പറഞ്ഞിലൊന്നും സത്യത്തിന്റെ ഒരു കണിക പോലുമില്ലേ സാറേ.
അച്ഛനുമമ്മയും പോലും ഞാൻ പറയുന്നതൊക്കെ കേട്ട് എന്നെ ഇങ്ങനെ തുറിച്ചു നോക്കിയതെന്തിനാവാം. മരിച്ചാൽ ഞാനവർക്ക് വെള്ളം കൊടുക്കില്ലെന്ന്, ചടങ്ങുകൾ നടത്തില്ലെന്ന്, ബലിയിടൽ കർമ്മങ്ങൾ ചെയ്യില്ലെന്ന് അവർ വിചാരിക്കുന്നുണ്ടാവുമോ? പക്ഷേ സാറേ… ജീവിച്ചിരിക്കുമ്പോ ഞാനവരെ പൊന്നുപോലെ നോക്കുന്നില്ലേ. അങ്ങനെ നോക്കുന്ന മക്കളെല്ലാം ചിത്തഭ്രമക്കാരാവുമോ സാറേ? സാറൊന്നും പറയുന്നില്ലല്ലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.