22 December 2025, Monday

Related news

December 21, 2025
December 19, 2025
December 9, 2025
December 1, 2025
November 28, 2025
November 25, 2025
November 20, 2025
November 20, 2025
November 14, 2025
November 7, 2025

വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിക്കാന്‍ നടപടി; ക്ലാസ് കയറ്റത്തിന് കുറഞ്ഞ മാര്‍ക്ക് നടപ്പാക്കും

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
August 7, 2024 11:24 pm

സ്കൂൾ പരീക്ഷകളിൽ വിജയിക്കുന്നതിന് ഓരോ വിഷയത്തിനും എഴുത്തുപരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നിര്‍ബന്ധമാക്കന്‍ തീരുമാനം. ‘സബ്ജക്ട് മിനിമം’ നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഈ അക്കാദമിക വർഷം എട്ടാം ക്ലാസിലും അടുത്ത അക്കാദമിക വർഷം എട്ട്, ഒമ്പത് ക്ലാസുകളിലും 2026–27 അക്കാദമിക വർഷം എട്ട്, ഒമ്പത്, 10 ക്ലാസുകളിലും നടപ്പാക്കാനാണ് തീരുമാനം. 

ഹയര്‍സെക്കന്‍ഡറിയില്‍ നിലവിലുള്ള മാതൃകയാണ് എട്ടാംതരം മുതല്‍ നടപ്പാക്കാന്‍ പോകുന്നത്. ഓരോ വിഷയത്തിലും എഴുത്തുപരീക്ഷയില്‍ നിശ്ചിത ശതമാനം മാര്‍ക്ക് നേടണം. നിരന്തര മൂല്യനിർണയത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുന്നതിനും മെറിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കും. ഏതെങ്കിലും വിഷയത്തിൽ പിന്നോക്കം പോകുന്ന കുട്ടികളുണ്ടെങ്കിൽ അവർക്ക് പരിഹാര ബോധനം നല്‍കി ആവശ്യമായ പിന്തുണാസംവിധാനങ്ങളൊരുക്കും. 

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിനായി മേയ് 28ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന വിദ്യാഭ്യാസ കോൺക്ലേവിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണിത്. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിക്കുന്നതിനായി ഘട്ടം ഘട്ടമായി നടപടികൾ സ്വീകരിക്കേണ്ടതുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
ആദ്യപടിയായി ഒന്ന് മുതൽ 10 വരെയുളള ക്ലാസുകളിൽ ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടി രൂപീകരിക്കും.
ഇതിനായി സംസ്ഥാന കോണ്‍ക്ലേവും ജില്ലാതല കോണ്‍ക്ലേവുകളും സംഘടിപ്പിക്കും. ഡിഇഒ, എഇഒ തലത്തിൽ ഗുണമേന്മാ വിദ്യാഭ്യാസ പിന്തുണാ കമ്മിറ്റികൾ രൂപീകരിക്കും. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പിടിഎ, വിദ്യാഭ്യാസ വിദഗ്ധർ, അധ്യാപക സംഘടനകൾ തുടങ്ങിയവരുടെ പിന്തുണ ഉറപ്പാക്കും. ഏതെങ്കിലും വിദ്യാർത്ഥിക്ക് മിനിമം മാർക്ക് ലഭിക്കാതിരിക്കുന്ന സാഹചര്യത്തിൽ പഠന പിന്തുണ നൽകി രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കും. ഒരു കുട്ടി പോലും പരാജയപ്പെടുക എന്നതല്ല, മറിച്ച് എല്ലാ കുട്ടികൾക്കും മികച്ച അക്കാദമിക നിലവാരം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Action to improve the qual­i­ty of education

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.