23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 6, 2024
September 16, 2024
February 21, 2024
November 28, 2023
February 17, 2023
February 3, 2023
November 10, 2022
November 9, 2022
November 3, 2022

ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

Janayugom Webdesk
കൊച്ചി
January 25, 2022 11:07 pm

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഹൈക്കോടതി നിർദേശം അനുസരിച്ച് മൂന്ന് ദിവസമാണ് പ്രതികളെ ക്രൈംബ്രാഞ്ച് കളമശേരി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ഇന്നലത്തെ ചോദ്യം ചെയ്യലും രാത്രി എട്ട് മണിവരെ തുടർന്നു. ദിലീപിന് പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബാബു ചെങ്ങമനാട് എന്നിവരാണ് മറ്റ് പ്രതികൾ.

സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയ ശബ്ദരേഖയിലുള്ളത് ദിലീപിന്റെ തന്നെ ശബ്ദമെന്ന് തിരിച്ചറിയുന്നതിന് അടുത്ത സുഹൃത്തുക്കളെ അടക്കം അന്വേഷണ സംഘം വിളിച്ചുവരുത്തിയിരുന്നു. ഇന്നലെ സംവിധായകൻ വ്യാസൻ എടവനക്കാട് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി ശബ്ദസാമ്പിളുകൾ തിരിച്ചറിയുകയും ചെയ്തു. വർഷങ്ങളായി അടുപ്പം ഉള്ളവരാണ് എല്ലാവരുമെന്ന് വ്യാസൻ എടവനക്കാട് പറഞ്ഞു. ബാലചന്ദ്രകുമാർ നൽകിയ ശബ്ദ സാമ്പിളിൽ നിന്നാണ് ദിലീപിന്റെ ശബ്ദം വ്യാസൻ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും ശബ്ദ സാമ്പിളുകൾ തിരിച്ചറിയുന്നതിന് ദിലീപുമായി അടുപ്പമുള്ള മറ്റുള്ളവരെയും വരും ദിവസങ്ങളിൽ വിളിച്ചുവരുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. വ്യാഴാഴ്ച കേസ് പരിഗണിക്കുന്ന ഹൈക്കോടതിക്ക് മുന്നിൽ പ്രതികൾക്കെതിരെ ശേഖരിച്ച ശക്തമായ തെളിവുകൾ നിരത്തുവാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലുള്ള വിധിയെയും തെളിവുകൾ സ്വാധീനിക്കും.

അതേസമയം അന്വേഷണം പുരോഗമിക്കുകയാണെന്നും ചില ഡിജിറ്റൽ തെളിവുകൾ കൂടി ലഭിച്ചതായും ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. ഇനിയും തെളിവുകൾ ശേഖരിക്കുവാനുള്ള നടപടികളാണ് അന്വേഷണ സംഘം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ചില ഫോൺ രേഖകൾ കൂടി ലഭിക്കുവാനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അഞ്ച് പ്രതികളും കൂടുതൽ തവണ വിളിച്ച നമ്പറുകൾ കണ്ടെത്തി അവരിൽ നിന്ന് മൊഴിയെടുക്കുവാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി പ്രതികളുടെ സാന്നിധ്യത്തിൽ രേഖപ്പെടുത്തുമെന്ന് നേരത്തെ അന്വേഷണ സംഘം അറിയിച്ചുവെങ്കിലും പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസ് സാക്ഷി വിസ്താരത്തിന് ഹൈക്കോടതി കൂടുതൽ സമയം നൽകി

നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം പൂർത്തിയാക്കാൻ സമയം നീട്ടി നൽകി ഹൈക്കോടതി. 10 ദിവസം ആണ് കൂടുതൽ അനുവദിച്ചത്. പുതിയ സാക്ഷികളുടെ വിസ്താരത്തിന് കൂടുതൽ ദിവസം അനുവദിക്കണമെന്ന സർക്കാർ അപേക്ഷയിലാണ് നടപടി. അഞ്ച് സാക്ഷികളിൽ മൂന്ന് പേരുടെ വിസ്താരം പൂർത്തിയാക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.പുതിയ അഞ്ച് സാക്ഷികളെ പത്തുദിവസത്തിനുളളിൽ വിസ്തരിക്കണമെന്നായിരുന്നു കഴിഞ്ഞയാഴ്ച കോടതി ഉത്തരവിട്ടത്. എന്നാൽ ഇതിൽ ചില സാക്ഷികൾ കോവിഡ് ബാധിച്ച് ചികിത്സയിലാണെന്നും അതിനാൽ കൂടുതൽ സമയം വേണമെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടത്.അതേ സമയം, നടിയെ ആക്രമിച്ച കേസിൽ പരിഗണിക്കാനിരുന്ന ഹർജികൾ വിചാരണ കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി ബൈജു പൗലോസിനെതിരെയുള്ള ദിലീപിന്റെ കോടതി അലക്ഷ്യ ഹർജിയാണ് മാറ്റിവച്ചവയിലൊന്ന്.കോടതി വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്നും ഇത് വിചാരണ കോടതിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുളള ഹർജിയും വെള്ളിയാഴ്ച പരിഗണിക്കും. ഹൈക്കോടതി അനുവദിച്ച അഞ്ച് സാക്ഷികളിൽ ഒരാളെ വിചാരണ കോടതി ഇന്നലെ വിസ്തരിച്ചു.
eng­lish summary;Actor attack case followup
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.