24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 18, 2024
October 22, 2024
April 29, 2024
March 15, 2024
March 13, 2024
March 11, 2024
March 11, 2024
March 7, 2024
March 4, 2024
February 29, 2024

സി വി ദേവ്: ചെറു വേഷങ്ങളിൽ തിളങ്ങിയ അഭിനയ പ്രതിഭ

കെ കെ ജയേഷ് 
കോഴിക്കോട്
June 26, 2023 9:36 pm

മലയാള സിനിമയിൽ മുഴുനീള കഥാപാത്രങ്ങളൊന്നും സി വി ദേവിന് ലഭിച്ചിരുന്നില്ല. എന്നാൽ കുറഞ്ഞ നേരത്തേക്ക് വന്നുപോകുന്ന അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ചു. തനി നാട്ടിൻപുറത്തുകാരായ പാവം കഥാപാത്രങ്ങൾ. നാടകവേദി നൽകിയ കരുത്തിൽ ആ കഥാപാത്രങ്ങൾ സ്വാഭാവികതയോടെ അഭ്രപാളികളിൽ നിറഞ്ഞു. സാധാരണക്കാരന്റെ ശരീരഭാഷ തന്നെയായിരുന്നു ദേവ് കഥാപാത്രങ്ങളുടെ പ്രത്യേകത. നാടൻ പശ്ചാത്തലത്തിലുള്ള സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ അദ്ദേഹം നിരന്തരം കഥാപാത്രങ്ങളായി. സന്ദേശത്തിലെ ആർഡിപി പ്രവർത്തകനും കഥ തുടരുന്നുവിലെ ബ്രോക്കറും മനസ്സിനക്കരെയിലെ കള്ളുഷാപ്പിലെ പതിവുകാരനുമെല്ലാം പ്രേക്ഷകരെ ചിരിപ്പിച്ചു.

പ്രദീപ് ചൊക്ലി സംവിധാനം ചെയ്ത ഇംഗ്ലീഷ് മീഡിയം എന്ന ചിത്രത്തിലെ വത്സൻ മാഷ് ശ്രദ്ധേയമായ കഥാപാത്രമായിരുന്നു. ഡിപിഇപിയുടെ ഭാഗമായി കുട്ടികളെ പഠിപ്പിക്കാൻ മരത്തിൽ കയറി താഴെ വീണ് പരിക്കേൽക്കുന്ന വത്സൻ മാഷ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു. പരിക്കേറ്റ മാഷെ കാണാൻ കുട്ടികളെത്തുന്ന രംഗങ്ങളെല്ലാം ഏറെ രസകരമായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ചന്ദ്രോത്സവത്തിൽ മോഹൻലാലിന്റെ ചിറക്കൽ ശ്രീഹരിയുടെ ഉറ്റസുഹൃത്തായ പാലിശ്ശേരിയായും ദേവ് തിളങ്ങി. ഒരേ തൂവൽ പക്ഷികളിലെ ബീഡി തെറുപ്പുകാരൻ, മകൾക്ക് എന്ന ചിത്രത്തിലെ ജയിൽപ്പുള്ളി, ഉറമ്പുകൾ ഉറങ്ങാറില്ല എന്ന സിനിമയിലെ ഗോപിയേട്ടൻ, പൊന്തൻമാടയിലെ പോസ്റ്റ്മാൻ, മിഴി രണ്ടിലും ഉള്ളം തുടങ്ങിയ ചിത്രങ്ങളിലെ കാര്യസ്ഥൻ, നോർക്കുനേർ, കുടുംബശ്രീ ട്രാവൽസ് തുടങ്ങിയ ചിത്രങ്ങളിലെ ചായക്കടക്കാരൻ തുടങ്ങിയവയെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. കിളിച്ചുണ്ടൻ മാമ്പഴം, വിലാപങ്ങൾക്കപ്പുറം, ജവാൻ ഓഫ് വെള്ളിമല, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, നരൻ, സദയം, ഈ പുഴയും കടന്ന് തുടങ്ങിയ സിനിമകളിലെ വേഷങ്ങളെ ശ്രദ്ധേയമായി. യാരോ ഒരാൾ ആണ് ആദ്യ സിനിമ.

വടകര ചെമ്മരത്തൂർ സ്വദേശിയായ സി വി ദേവ് എന്ന സി വാസുദേവൻ വർഷങ്ങളായി കോഴിക്കോടൻ നാടകവേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മാധവൻ വേങ്ങേരി എഴുതി സദാനന്ദൻ കല്ലായി സംവിധാനം ചെയ്ത വിളക്കിന്റെ വെളിച്ചത്തിൽ എന്ന നാടകത്തിലൂടെ പത്തൊമ്പതാം വയസിലാണ് അരങ്ങിലെത്തിയത്. 1959 ജൂൺ മാസം കോഴിക്കോട് ടൗൺഹാളിലാണ് നാടകം അരങ്ങേറിയത്. സദാനന്ദൻ കല്ലായി സംവിധാനം ചെയ്ത വേഷങ്ങൾ എന്ന നാടകത്തിലെ ഈശ്വരൻകുട്ടി എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ചു. പ്രളയം എന്ന നാടകത്തിലെ ബാപ്പുട്ടിയെന്ന കഥാപാത്രവും ശ്രദ്ധേയമായി.

കെ ടി മുഹമ്മദിന്റെ സ്ഥിതി മുതൽ എം ടി വാസുദേവൻ നായർ എഴുതി സംവിധാനം ചെയ്ത ഗോപുരനടയിൽ എന്ന നാടകം വരെ എട്ടുവർഷത്തോളം കോഴിക്കോട് സംഗമം തിയേറ്റേഴ്സിലെ പ്രധാന നടനായിരുന്നു. ഗുരു, അമ്പലക്കാള, ബൊമ്മക്കൊലു, അഗ്രഹാരം തുടങ്ങി നിരവധി നാടകങ്ങളിൽ വേഷമിട്ടു. അഗ്രഹാരത്തിലെ അഡ്വക്കറ്റ് വെങ്കിടാചലം ശ്രദ്ധേയ കഥാപാത്രമാണ്. കോഴിക്കോട് ചിരന്തന, വടകര വരദ, കലിംഗ തിയേറ്റേഴ്സ്, സപ്തസ്വര തുടങ്ങിയ സമിതികളിലും സഹകരിച്ചു. കോഴിക്കോട് ആകാശവാണിയിൽ ബി ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്ക്കാരം ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച് സി വി ദേവ് യാത്രയായി.

Eng­lish Sum­ma­ry: actor cv dev passed away
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.