16 January 2026, Friday

Related news

January 6, 2026
January 2, 2026
December 29, 2025
December 21, 2025
December 19, 2025
December 18, 2025
December 16, 2025
December 14, 2025
December 14, 2025
November 30, 2025

അഡാനി കൈക്കൂലി കേസ് : സമന്‍സ് നല്‍കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെന്ന് യുഎസ്

Janayugom Webdesk
ന്യൂഡല്‍ഹി
October 12, 2025 6:53 pm

സൗരോര്‍ജ്ജ വൈദ്യുതി കരാര്‍ ലഭിക്കാന്‍ കൈക്കൂലി നല്‍കിയ കേസില്‍ അഡാനി കമ്പനിക്കെതിരെയുള്ള സമന്‍സ് കൈമാറാന്‍ ഇന്ത്യ പരാജയപ്പെട്ടെന്ന് യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്സേഞ്ച് കമ്മിഷന്‍ (യുഎസ്എസ് ഇസി). അമേരിക്കയിലെ ന്യൂയോര്‍ക്ക് ജില്ലാ കോടതിയിലാണ് യുഎസ്എസ് ഇസി ഇക്കാര്യം ബോധിപ്പിച്ചത്. 2024ല്‍ അഡാനി ഗ്രീൻ എനർജി ഉല്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതായി ബ്രൂക്ലിനിലെ പ്രോസിക്യൂട്ടർമാർ അദാനി ഗ്രൂപ്പിനെതിരെ കുറ്റം ചുമത്തുകയും സമന്‍സ് കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അഡാനി കമ്പനിക്ക് ഇതുവരെ സമന്‍സ് കൈമാറിയിട്ടില്ലെന്നും എസ് ഇസി കോടതിയെ അറിയിച്ചു. റോയിട്ടേഴ്സാണ് മോഡി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പുറത്ത് കൊണ്ടുവന്നത്. ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന സൗരോര്‍ജ്ജ വൈദ്യുതി വിതരണത്തിന് കരാര്‍ ലഭിക്കാന്‍ അഡാനി ഗ്രീന്‍ എനര്‍ജി 2200 കോടി രൂപ (265 മില്യണ്‍ ഡോളര്‍ ) കൈക്കൂലി നല്‍കിയെന്ന് അമേരിക്കന്‍ ഫെഡ‍റല്‍ നിതീന്യായ കോടതി കണ്ടെത്തുകയും തുടര്‍ന്ന് അന്വേഷണം നടത്താന്‍ യുഎസ്എസ് ഇസിയെ നിയോഗിക്കുകയുമായിരുന്നു. ഇതിന്റെ ഭാഗമായി അഡാനി കമ്പനിക്ക് സമന്‍സ് അയ്ക്കാന്‍ 2004 ല്‍ തീരുമാനമായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സമന്‍സ് അഡാനി ഗ്രൂപ്പിന് കൈമാറാതെ നടപടിക്രമം വൈകിപ്പിക്കുകയായിരുന്നു. അഡാനി ഗ്രീൻ എനർജി ഉല്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതായി അഡാനി ഗ്രൂപ്പിനെതിരെ എസ് ഇസി കുറ്റം ചുമത്തിയിരുന്നു.
കൈക്കൂലിയിൽ നിന്ന് പ്രയോജനം നേടിയ ഇന്ത്യൻ എക്സിക്യൂട്ടീവുകൾ തെറ്റായി ഉറപ്പുനൽകുന്ന വിവരങ്ങൾ നൽകി കമ്പനിയുടെ അഴിമതി വിരുദ്ധ നടപടികളെക്കുറിച്ച് യുഎസ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു എന്ന് എസ്ഇസി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അമേരിക്കയില്‍ അഡാനി കമ്പനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അഡാനി ഗ്രൂപ്പ് സ്ഥാപകൻ ഗൗതം അഡാനി, അനന്തരവൻ സാഗർ അഡാനി എന്നിവര്‍ക്കെതിരെ നിയമപരമായ രേഖകൾ നൽകുന്നതിനായി ഇന്ത്യൻ നിയമ മന്ത്രാലയവുമായി പലതവണ ബന്ധപ്പെട്ടിട്ടുണ്ടെന്ന് വെള്ളിയാഴ്ച ന്യൂയോർക്ക് ജില്ലാ കോടതിയെ എസ്ഇസി അറിയിച്ചു. കഴിഞ്ഞ മാസം 14 നാണ് ഇതു സംബന്ധിച്ച് ഏറ്റവും അവസാനമായി ആശയ വിനിമയം നടത്തിയത്. എന്നാൽ സമന്‍സ് കൈമാറി എന്നത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്നും എസ്ഇസി കോടതിയെ ധരിപ്പിച്ചു. എസ് ഇസി ഇന്ത്യയിലെ നിയമ‑നിതീന്യായ മന്ത്രാലയവുമായി ആശയവിനിമയം തുടരുകയും ഹേഗ് സർവീസ് അന്താരാഷ്ട്ര കൺവെൻഷൻ വഴി പ്രതികൾക്ക് സമന്‍സ് കൈമാറാന്‍ ശ്രമം നടത്തി വരുകയാമെന്നും എസ് ഇസി കോടതിക്ക് മറുപടി നല്‍കിയിരിക്കുകയാണ്. എന്നാല്‍ വിഷയത്തില്‍ നേരത്തെ തന്നെ അഡാനി ഗ്രീന്‍ എനര്‍ജി ആരോപണം നിഷേധിച്ച് രംഗത്ത് വന്നിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.