21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 21, 2024
September 23, 2024
September 2, 2024
August 11, 2024
June 4, 2024
March 23, 2024
September 29, 2023
September 27, 2023
September 11, 2023
July 22, 2023

അഡാനിയുടെ ചീട്ടുകൊട്ടാരം തകരുമ്പോൾ

കെ ദിലീപ്
നമുക്ക് ചുറ്റും
February 7, 2023 4:30 am

കഴിഞ്ഞ അഞ്ചുവർഷമായി ജയിലിൽ നിന്ന് ഒരു ദിവസം പോലും പുറത്തിറങ്ങാനാവാതെ കഴിയുന്ന ഒരു ഐപിഎസ് ഉദ്യോഗസ്ഥനുണ്ട്. അദ്ദേഹം കോടികളുടെ അഴിമതിക്കേസിലോ ബലാത്സംഗകേസുകളിലോ ഒന്നും പ്രതിയല്ല. 2002ലെ ഗുജറാത്ത് കലാപങ്ങൾക്ക് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി കൂട്ടുനിന്നു എന്ന് സുപ്രീം കോടതിയിൽ ബോധിപ്പിച്ച ഒരു ഉദ്യോഗസ്ഥൻ; സഞ്ജീവ് ഭട്ട്. കലാപത്തിൽ കൊല്ലപ്പെട്ട മുതിര്‍ന്ന കോൺഗ്രസ് എംപി ഇസ്ഹാൻ ജഫ്രിയുടെ പത്നി സാകിയ ജഫ്രി അടക്കമുള്ളവരുടെ ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയില്‍ സുപ്രീം കോടതി സഞ്ജീവ് ഭട്ട്, ടീസ്ത സെതൽവാദ്, മുൻ ഗുജറാത്ത് ഡിജിപി ആർ ബി ശ്രീകുമാർ എന്നിവർക്കെതിരെ ഗൂഢാലോചന കുറ്റത്തിന് കേസെടുക്കാം എന്ന അസാധാരണ പരാമർശം നടത്തിയതിനെത്തുടർന്നാണ് സഞ്ജീവ് ഭട്ട് ഇപ്പോഴും ജാമ്യമില്ലാതെ ജയിലിൽ കഴിയുന്നത്. സത്യസന്ധനും നെഞ്ചുറപ്പുള്ളവനും എന്ന് ഇന്നും ജനങ്ങൾ വിശ്വസിക്കുന്ന പൊലിസ് ഓഫീസർ സഞ്ജീവ് ഭട്ട് 2018 ഫെബ്രുവരിയിൽ അഡാനി ഗ്രൂപ്പ് കമ്പനികളെക്കുറിച്ച് ഇങ്ങനെ ട്വീറ്റ് ചെയ്തു “എന്റെ വാക്കുകൾ കുറിച്ചു വയ്ക്കുക.

അഡാനി ടൈംബോംബ് സ്പന്ദിക്കാൻ തുടങ്ങിയിരിക്കുന്നു. അത് പൊട്ടുമ്പോൾ നീരവ് മോഡി ഉൾപ്പെടെയുള്ള തട്ടിപ്പുകാര്‍ തികച്ചും നിസാരരാകും, അവർ വെറും തെരുവു ഗുണ്ടകൾ മാത്രമായിരിക്കും”. അഞ്ചുവർഷത്തിനിപ്പുറം കോർപറേറ്റ് കമ്പനികളുടെ ഇരുണ്ട ഇടപാടുകളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് ചെയ്യുന്ന ഹിൻഡൻ ബർഗ് എന്നസ്ഥാപനം പുറത്തുവിട്ട റിപ്പോർട്ടിന്റെ ഫലമായി അഡാനി ഗ്രൂപ്പ് കമ്പനികൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത് നമ്മൾ കണ്ടു. ഇത് ഇന്ത്യയിൽ മാത്രം സംഭവിക്കുന്ന കാര്യമല്ല; ലോകബാങ്ക്, ഐഎംഎഫ് എന്നിവയുടെ സാമ്പത്തിക പരിഷ്കരണ നയങ്ങളുടെ അടിസ്ഥാനത്തിൽ ഉദാരവൽക്കരണം നടപ്പാക്കിയിട്ടുള്ള എല്ലാ രാജ്യങ്ങളിലും ഇത്തരത്തിലുള്ള ദുരന്തങ്ങൾ സംഭവിച്ചിട്ടുണ്ട്. 80കളിൽ അർജന്റീനയിൽ എല്ലാം തകർന്ന്, ജനങ്ങൾ ധനകാര്യ സ്ഥാപനങ്ങളുടെ മുന്നിൽ അവരുടെ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാൻ ആവാതെനിൽക്കുന്ന കാഴ്ചയിൽ തുടങ്ങിയ കോർപറേറ്റ് ദുരന്തങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. ഏറ്റവും അവസാനത്തെ ഇര നമ്മുടെ അയല്‍രാജ്യമായ പാകിസ്ഥാൻ ആണ്. അർജന്റീനിയൻ പാരഡോക്സ് എന്നത്, തട്ടിക്കൂട്ട് കമ്പനികൾ അർജന്റീനിയൻ ബാങ്കുകളുടെ മുഴുവൻ സമ്പാദ്യവുമായി നാടുവിട്ടപ്പോൾ വഴിയാധാരമായ ആ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള പഠനങ്ങൾക്കുള്ള പൊതുവായ പേരാണ്.


ഇതുകൂടി വായിക്കു: മോഡി ചങ്ങാത്തത്തില്‍ പണിത കടലാസ് കൊട്ടാരം


ഇന്ത്യയെ സംബന്ധിച്ചിടത്തോളം നീരവ് മോഡി, മെഹുൽ ചോക്സി, വിജയ് മല്യ തുടങ്ങിയ അനേകം കോർപറേറ്റ് ഉടമകൾ ലക്ഷക്കണക്കിന് കോടി രൂപ ബാങ്കുകളെ പറ്റിച്ച് നാടുവിട്ടു വിദേശരാജ്യങ്ങളിൽ സ്വൈര്യജീവിതം നയിക്കുന്നു. 2008-12 കാലഘട്ടത്തിലെ ബാങ്കുകളുടെ ആഗോള തകർച്ചയെ പരിക്കുകളില്ലാതെ അതിജീവിച്ച ഇന്ത്യൻ ബാങ്കുകൾ മല്യമാരുടെയും മോഡിമാരുടെയും വ്യാജ ഇടപാടുകളിൽ ഉലഞ്ഞുപോയി. അർജന്റീനയിൽ ജനങ്ങൾക്ക് സംഭവിച്ചതിന്റെ ഒരു റിഹേഴ്സൽ നോട്ട് നിരോധന കാലത്ത് ഇന്ത്യയിലെ ജനങ്ങൾ അനുഭവിച്ചു. പൂട്ടിക്കിടക്കുന്ന എടിഎമ്മുകൾക്ക് മുന്നിൽ, ബാങ്കുകൾക്ക് മുന്നിൽ ക്യൂ നിൽക്കുന്ന നിക്ഷേപകരെ പൊലീസ് തല്ലിയോടിക്കുന്ന നികൃഷ്ടമായ കാഴ്ചയും നമ്മൾ കാണുകയുണ്ടായി. കോർപറേറ്റുകൾക്ക് ലക്ഷക്കണക്കിന് കോടികള്‍ കടം നൽകാൻ വിവിധ ദേശസാൽകൃത ബാങ്കുകളെ സംയോജിപ്പിച്ചു വലിയ ബാങ്കുകൾ ആക്കുന്ന രീതി ആരംഭിച്ചപ്പോൾ തന്നെ ഇതില്‍ ഒളിഞ്ഞിരിക്കുന്ന വലിയ അപകടം അമർത്യാസെൻ അടക്കമുള്ള സാമ്പത്തിക ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിച്ചതാണ്. എതിർത്തു പറഞ്ഞ റിസർവ്ബാങ്ക് ഗവർണർമാരെ അടക്കം പറഞ്ഞയച്ചുകൊണ്ട് അളവില്ലാത്ത പൊതുമുതൽ വിരലിലെണ്ണാവുന്ന സമർത്ഥരായ ബനിയാമാരുടെ കമ്പനികളിലേക്ക് എത്തിച്ചതിന്റെ ദുരന്തഫലമാണ് ഇന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി. 1988ല്‍ അഹമ്മദാബാദ് കേന്ദ്രമായി ഗൗതം അഡാനി അഞ്ച് ലക്ഷം രൂപ മൂലധനത്തിൽ സ്ഥാപിച്ച കമ്പനിയാണ് അഡാനിഎന്റർപ്രൈസസ്. കയറ്റുമതി-ഇറക്കുമതി ആയിരുന്നു ബിസിനസ്.

1990കളിൽ സ്വന്തമായി ഗുജറാത്തിലെ മുന്ദ്രയിൽ ഒരു തുറമുഖത്തിന്റെ പണി തുടങ്ങി, 98ല്‍ പൂർത്തിയാക്കി. പിന്നീട് കമ്പനി, കൽക്കരി വ്യവസായത്തിലേക്കും കൂടുതൽ തുറമുഖങ്ങളും വിമാനത്താവളങ്ങളും കൈവശമാക്കുന്നതിലേക്കും വികസിച്ചു. 2021ൽ 100 ബില്യൺ ഡോളർ, 2022 ൽ 200ബില്യൺ ഡോളര്‍, അതേവര്‍ഷം നവംബറില്‍ 280ബില്യൺ ഡോളർ എന്നിങ്ങനെ ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രൂപ്പായി മാറി. 1988ല്‍ അഞ്ച് ലക്ഷത്തിൽ കൂടുതൽ ഇടപാടുണ്ടായിരുന്ന എത്ര കയറ്റിറക്ക് ബിസിനസുകാർ ഇന്ന് 250 ബില്യൺ ഡോളറിന്റെ വരുമാനത്തിലെത്തി എന്ന് ചോദിക്കരുത്. ഇത്തരം കഥകളിൽ ചോദ്യത്തിന് സ്ഥാനമില്ല. അഥവാ ചോദ്യങ്ങൾ ചോദിച്ച സഞ്ജീവ് ഭട്ടിനെ പോലുള്ളവർക്ക് ഇതുവരെ ജാമ്യം പോലും കിട്ടിയിട്ടുമില്ല. 2017ൽ നതാൻ ആൻഡേഴ്സൺ സ്ഥാപിച്ച ഒരു ഗവേഷണ സ്ഥാപനമാണ് ഹിന്‍ഡൻ ബർഗ് റിസർച്ച്. കോർപറേറ്റ് കമ്പനികളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകൾ വെളിച്ചത്തു കൊണ്ടുവരിക എന്നതാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം. ഇവരുടെ റിപ്പോർട്ടിൽ തട്ടി അമേരിക്കയിലെ തന്നെ ക്ലോവർ ഹെൽത്ത്, ലോഡ്സ് ടൗൺ മോട്ടോഴ്സ് എന്നീ കമ്പനികൾക്ക് പരിക്കുപറ്റിയിട്ടുണ്ട്. അതിനിടയിലാണ് ഇവർ ഇന്ത്യയിൽ ഉദിച്ചുയർന്ന അഡാനി ഗ്രൂപ്പിന്റെ ഓഹരി വിഷയത്തിൽ ഗവേഷണം നടത്തുന്നത്. 2023 ജനുവരി 24നാണ് ഈ ഹിന്‍ഡൻ ബർഗ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. വലിയൊരു ഷെയർ മൊബിലൈസേഷന് ഒരുങ്ങിയിരിക്കുന്ന സമയത്ത് ഈ റിപ്പോർട്ട് പുറത്തുവന്നതോടെ അഡാനി ഗ്രൂപ്പ് കമ്പനികളിൽ ഒരു ദിവസംകൊണ്ട് 107 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായി. റിപ്പോർട്ടിനെതിരെ കോടതിയെ സമീപിക്കുമെന്ന് അഡാനി ഗ്രൂപ്പ് പറഞ്ഞുവെങ്കിലും ആ സമീപനം സ്വാഗതം ചെയ്യുകയാണ് ഹിന്‍ഡന്‍ ബർഗ്. റിപ്പോർട്ട് വന്നു അഞ്ച് ദിവസത്തിനുള്ളിൽ 10,000 കോടി ഡോളറിലധികം നഷ്ടം വിപണിമൂല്യത്തിൽ അഡാനി കമ്പനികൾക്കുണ്ടായി. ഓഹരി വില്പന റദ്ദാക്കി. ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന നില നഷ്ടമായി.


ഇതുകൂടി വായിക്കു:  അഡാനി വിജയിച്ച വജ്രവും സ്വര്‍ണവും

 


ലോക സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അഡാനി 16-ാം സ്ഥാനത്തേക്ക് എത്തി. അഡാനി കമ്പനികളുടെ ഈടിൽ വായ്പ കൊടുക്കുന്നത് ബാങ്കുകൾ അവസാനിപ്പിച്ചു. എസ്‍ബിഐ മാത്രം 23,000 കോടിയുടെ വായ്പ ഇത്തരത്തിൽ അനുവദിച്ചിട്ടുണ്ട്. 150 ബില്യൺ ഡോളറിന്റെ ആസ്തി ഈ റിപ്പോർട്ട് വന്നതിനു ശേഷം 61 ബില്യൺ ഡോളറായി ഇടിഞ്ഞു. അഡാനി ഗ്രൂപ്പിലെ എൽഐസിയുടെ നിക്ഷേപം 30,127 കോടിയാണ്. അതിന്റെ പകുതിയിലധികം ഇപ്പോൾ നഷ്ടപ്പെട്ടുവെന്നാണ് സൂചന. ഇന്ത്യയിലെ വലിയ കോർപറേറ്റ് സ്ഥാപനം ഇത്തരത്തിൽ വലിയ തകർച്ചയിൽ എത്തി നിൽക്കുമ്പോൾ കേന്ദ്രധനകാര്യ മന്ത്രിയോ പ്രധാനമന്ത്രിയോ ഭരണകൂടത്തിന്റെ ഉത്തരവാദിത്തപ്പെട്ട ആരെങ്കിലുമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയിലും വിദേശത്തും അഡാനിയുടെ കമ്പനികൾക്ക് വഴിവിട്ട സഹായങ്ങൾ ലഭ്യമാകുന്നു എന്ന ആരോപണം നേരത്തേ നിലവിലുണ്ട്. പൊതുമേഖലാബാങ്കുകളിൽ നിന്നും എൽഐസിയിൽ നിന്നും അഡാനിക്ക് പണം എത്തിക്കാൻ കഴിഞ്ഞ ദിവസങ്ങളിലും നീക്കം ഉള്ളതായി കേട്ടിരുന്നു. കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് അഡാനി ഗ്രൂപ്പ് കുപ്പുകുത്തുന്ന സാഹചര്യത്തില്‍ അതുണ്ടാകില്ല എന്ന് പ്രത്യാശിക്കാം. ഇതേ സാഹചര്യത്തിലാണ് അർജന്റീന അടക്കമുള്ള രാജ്യങ്ങളില്‍ ഉദാരവൽക്കരണത്തിന്റെ തിക്തഫലങ്ങൾ ജനങ്ങൾ അനുഭവിച്ചത്. ആ രാജ്യങ്ങളിൽ നിലവിലില്ലാത്ത, ജാതീയതയുടെയും വർഗീയതയുടെയും പ്രശ്നങ്ങൾ കൂടി നിലവിലുള്ള നമ്മുടെ രാജ്യത്ത് സാമ്പത്തിക നില വഷളാകുന്നത് വലിയ അക്രമങ്ങൾക്കും കലാപങ്ങൾക്കും വഴി തെളിയിക്കും. അഡാനി ഗ്രൂപ്പിന്റെ തകർച്ചയിൽ നിന്ന് ഭരണകർത്താക്കൾ വലിയ പാഠങ്ങള്‍ പഠിക്കാനുണ്ട്.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.