അഡാനി ഗ്രൂപ്പിന്റേത് ഊതിപ്പെരുപ്പിച്ച വ്യവസായ സാമ്രാജ്യമെന്ന് റിപ്പോര്‍ട്ട്. ഫിച്ച് റേറ്റിങ്ങിന്റെ അനുബന്ധ സ്ഥാപനമായ ക്രെഡിറ്റ്സൈറ്റ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിന് പിന്നാലെ അഡാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് ഓഹരിവിപണിയില്‍ കാലിടറി. അഞ്ച് ശതമാനത്തിലേറെ ഇടിവാണ് അഡാനി ഗ്രൂപ്പിന് ഒരുദിവസംകൊണ്ട് നേരിടേണ്ടിവന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഡാനി ഗ്രൂപ്പ് തങ്ങളുടെ വ്യവസായ സാമ്രാജ്യം ഏറെ വികസിപ്പിച്ചിരുന്നു. എന്നാല്‍ ഇതിന്റെ അടിത്തറ കടമാണെന്ന് ക്രെഡിറ്റ്സൈറ്റ്സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അഡാനി ഗ്രൂപ്പ് പുതിയതും അല്ലെങ്കിൽ തങ്ങള്‍ക്ക് ബന്ധമില്ലാത്തതുമായ ബിസിനസുകളിലേക്ക് കൂടുതലായി കടന്നിട്ടുണ്ട്. ഇവ ഉയര്‍ന്ന മൂലധനച്ചെലവുണ്ടാക്കിയതിനൊപ്പം നിർവഹണ മേൽനോട്ടം ഏറെ ശ്രമകരമാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. കടത്തെ ആശ്രയിച്ചുകൊണ്ടുള്ള വളർച്ചാ പദ്ധതികൾ ഒടുവിൽ ഗ്രൂപ്പിനെ വലിയ കടക്കെണിയിലേക്ക് നയിച്ചേക്കാം. ഒന്നോ അതിലധികമോ കമ്പനികളുടെ തകര്‍ച്ചയിലേക്കും ഇത് വഴിയൊരുക്കിയേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിലയന്‍സുമായുള്ള മത്സരത്തെത്തുടര്‍ന്നാണ് വിവിധ മേഖലകളിലേക്ക് അഡാനി ചുവടുവച്ചത്. എന്നാല്‍ റിലയന്‍സ് ഗ്രൂപ്പ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കടത്തിന്റെയും നിക്ഷേപത്തിന്റെയും വിടവ് കുറച്ചിട്ടുണ്ടെന്നും ക്രെഡിറ്റ്സൈറ്റ്സ് പറയുന്നു.
ഓഹരിവിപണിയില്‍ അത്ഭുതാവഹമായ വളര്‍ച്ചയാണ് അഡാനി കഴിഞ്ഞ ഏതാനും വര്‍ഷത്തിനുള്ളില്‍ നേടിയത്. ഇതിനുവേണ്ടി കൃത്രിമമാര്‍ഗങ്ങള്‍ സ്വീകരിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംശയകരമായ മൂന്ന് വിദേശനിക്ഷേപങ്ങള്‍ സെബി മരവിപ്പിച്ചത് അഡാനിക്ക് തിരിച്ചടിയുണ്ടാക്കിയിരുന്നു. ക്രെഡിറ്റ് സൈറ്റ്സ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ബിഎസ്ഇയിൽ അഡാനി പവറിന്റെ ഓഹരികൾ 4.99 ശതമാനം ഇടിഞ്ഞു, അഡാനി വിൽമർ 4.73 ശതമാനം, അഡാനി ഗ്രീൻ എനർജി 4.15 ശതമാനം എന്നിങ്ങനെ ഇടിവ് നേരിട്ടു. അഡാനി എന്റർപ്രൈസസിന് 0.93 ശതമാനവും അഡാനി പോര്‍ട്ടിന് 0.32 ശതമാനവും ഇടിവുണ്ടായി. അതേസമയം അഡാനി ട്രാൻസ്മിഷൻ 3.23 ശതമാനവും അഡാനി ടോട്ടൽ ഗ്യാസ് 1.73 ശതമാനവും ഉയർന്നിട്ടുമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ സംരംഭകരും ഏറ്റവും വലിയ സ്വകാര്യ വൈദ്യുതി ഉല്പാദകരുമാണ് അഡാനി ഗ്രൂപ്പ്.
കൂടാതെ കല്‍ക്കരി ഖനനം, ഇന്ധന, വാതക പര്യവേഷണം, വാതക വിതരണം, വൈദ്യുതി വികിരണവും വിതരണവും, പൊതുമരാമത്തും അടിസ്ഥാന സൗകര്യങ്ങളും, ലോജിസ്റ്റിക്‌സ്, അന്താരാഷ്ട്ര വ്യാപാരം, വിദ്യാഭ്യാസം, ഭൂമി കച്ചവടം, ഭക്ഷ്യ എണ്ണ, ഭക്ഷണ സംഭരണം തുടങ്ങിയ മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. കോവിഡ് കാലത്തുപോലും അതിവേഗത്തിലുള്ള വളര്‍ച്ച അഡാനി ഗ്രൂപ്പ് സ്വന്തമാക്കിയതോടെ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അഡാനി മാറിയിരുന്നു. ഫോബ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം 123.7 ബില്യണ്‍ യു എസ് ഡോളറാണ് ഗൗതം അഡാനിയുടെ ആസ്തി.
English Summary: Adani Group shares fall up to 5% as report
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.