ഓഹരികള്‍ പണയപ്പെടുത്തി നേടിയ 7000 കോടിയിലേറെ വരുന്ന മുന്‍കൂര്‍ വായ്പ അടിയന്തരമായി തിരിച്ചടയ്ക്കാന്‍ അഡാനി ഗ്രൂപ്പ്. നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് നടപടി. ഇതിനായി 9100 കോടി കമ്പനി വകയിരുത്തിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റിപ്പോര്‍ട്ടില്‍ അഡാനി ഗ്രൂപ്പ് വക്താക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അന്താരാഷ്ട്ര ബാങ്കുകളായ ക്രെഡിറ്റ് സ്യൂസ്, ജെപി മോര്‍ഗന്‍, ആഭ്യന്തര ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളായ ജെഎം ഫിനാന്‍ഷ്യല്‍, മ്യൂച്വല്‍ ഫണ്ട്സ് തുടങ്ങിയവയില്‍ നിന്നെടുത്ത വായ്പകളാണ് തിരിച്ചടയ്ക്കുന്നത്. ഇതില്‍ ചില സ്ഥാപനങ്ങളുടെ തിരിച്ചടവ് മേയ് മാസത്തിലാണ്. ഈ വര്‍ഷം സെപ്റ്റംബറിലും 2024 ജനുവരിയിലും തിരിച്ചടയ്ക്കേണ്ട വായ്പാ കുടിശികകളും ഇതില്‍ ഉള്‍പ്പെടുന്നു. നിക്ഷേപകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി വന്‍കിട കമ്പനികളെക്കൊണ്ട് ഓഡിറ്റിങ് നടത്താനും കമ്പനി കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു.
ജനുവരി 25ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ അഡാനിയുടെ ആസ്തി വന്‍ തോതില്‍ ഇടിഞ്ഞിരുന്നു. വരുമാനം പെരുപ്പിച്ചുകാട്ടാനും ഓഹരി വിലയിൽ കൃത്രിമം കാണിക്കാനും അഡാനി ഗ്രൂപ്പ് വ്യാജ സ്ഥാപനങ്ങളെ ഉപയോഗിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടിലെ ആരോപണം. തുടര്‍ന്ന് കഴിഞ്ഞയാഴ്ച അഡാനി എന്റര്‍പ്രൈസസ് 20,000 കോടിയുടെ അനുബന്ധ ഓഹരി വില്പന റദ്ദാക്കിയിരുന്നു. 1000 കോടി സമാഹരിക്കാന്‍ പദ്ധതിയിട്ടുകൊണ്ടുള്ള ബോണ്ട് വില്പനയും ഉപേക്ഷിച്ചു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അഡാനി കമ്പനികളുടെ വിപണി മൂല്യത്തില്‍ 10,000 കോടി ഡോളറിലധികം നഷ്ടമാണുണ്ടായത്. കൂടാതെ ആഗോള സമ്പന്നരുടെ പട്ടികയിലെ ആദ്യ പത്തില്‍ നിന്നും ഗൗതം അഡാനി പിന്തള്ളപ്പെട്ടു. ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന സ്ഥാനവും നഷ്ടമായിരുന്നു.
അഡാനി വിഷയത്തില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം. പാര്‍ലമെന്റ് നടപടികള്‍ ഇന്നലെയും സ്തംഭിച്ചു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ആഴ്ച അഡാനി വിഷയത്തില്‍ മുങ്ങിയ പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നലെ വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിപക്ഷം പിന്നോക്കം പോകാന്‍ കൂട്ടാക്കിയില്ല.
അഡാനി വിഷയം സഭാനടപടികള്‍ നിര്‍ത്തിവച്ച് അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിക്ഷ കക്ഷി അംഗങ്ങള്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും നോട്ടീസ് നല്‍കി. സിപിഐ അംഗങ്ങളായ ബിനോയ് വിശ്വം, പി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ രാജ്യസഭയില്‍ നോട്ടീസ് നല്‍കിയവരുടെ പട്ടികയിലുണ്ട്.
ലോക്‌സഭയില്‍ ചോദ്യവേളയിലേക്ക് കടക്കും മുമ്പേ നോട്ടീസുകള്‍ക്ക് അനുമതിയില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കിയതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് ആദ്യം രണ്ടു മണി വരെയും പിന്നീട് ഇന്നലത്തേക്കും സഭ പിരിഞ്ഞു.
രാജ്യസഭയിലും സമാനമായിരുന്നു കാഴ്ചകള്‍. സഭാ നടപടികള്‍ തുടങ്ങിയതിന് പിന്നാലെ നോട്ടീസുകള്‍ നിരസിച്ചെന്ന് രാജ്യസഭാ ചെയര്‍മാന്‍ ജഗ്‌ദീപ് ധന്‍ഖര്‍ അറിയിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സഭ ബഹളത്തില്‍ മുങ്ങിയതോടെ ആദ്യം രണ്ടുവരെയും പിന്നീട് ഇന്നലത്തേക്കും സഭ പിരിഞ്ഞു. ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവും സംഘടിപ്പിച്ചു.
English Summary; Adani Group to repay mortgage of shares
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.